ചിറ്റഗോങ്: ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തില്‍ റെക്കോര്‍ഡ് പ്രകടനവുമായി ഇന്ത്യന്‍ യുവതാരം ഇഷാന് കിഷന്. രോഹിത് ശര്‍മയുടെ പകരക്കാരനായി ഓപ്പണിങ്ങിനിറങ്ങിയ താരം ഡബിള്‍ സെഞ്ചുറി കുറിച്ചു. 131 പന്തില്‍ 210 റണ്‍സാണ് ഇടം കയ്യന്‍ ബാറ്റര്‍ നേടിയത്. 24 ഫോറും പത്ത് സിക്സും ഉള്‍പ്പെട്ടു ഇന്നിങ്സില്‍.
ലോക ക്രിക്കറ്റില്‍ ഈ നേട്ടം കൈവരിക്കുന്ന ഏഴാമത്തെ ബാറ്ററാണ് ഇഷാന് കിഷന്. സച്ചിന് തെന്‍ഡുല്‍ക്കര്‍, വിരേന്ദര്‍ സേവാഗ്, രോഹിത് ശര്‍മ, ക്രിസ് ഗെയില്‍, മാര്ട്ടിന് ഗുപ്റ്റില്‍, ഫക്കര്‍ സമാന് എന്നിവരാണ് മറ്റ് ബാറ്റര്‍മാര്‍. അതിവേഗം ഡബിള്‍ സെഞ്ചുറി തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും ഇഷാന്റെ പേരിലായി.
വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയിലിന്റെ പേരിലായിരുന്നു ഈ റെക്കോര്‍ഡ്. 2015 ഏകദിന ലോകകപ്പില്‍ 138 പന്തില്‍ നിന്നാണ് സിംബാബ്വെക്കെതിരെ ഗെയില്‍ ഇരട്ടശതകം കുറിച്ചത്. 215 റണ്‍സെടുത്താണ് ഗെയില്‍ അന്ന് പുറത്തായത്. ബംഗ്ലാദേശിനെതിരെ കേവലം 126 പന്തില്‍ നിന്നാണ് ഇഷാന് ഡബിള്‍ സെഞ്ചുറി നേട്ടത്തിലെത്തിയത്.
ഇഷാന് മറികടന്ന റെക്കോര്‍ഡുകള്‍ ഇനിയും ഏറെയാണ്. ബംഗ്ലാദേശില്‍ ഒരു വിദേശ കളിക്കാരന് കുറിക്കുന്ന ഉയര്‍ന്ന സ്കോറും താരത്തിന്റെ പേരിലായി. ഓസ്ട്രേലിയയുടെ ഷെയിന്‍ വാട്സണിന്റെ പേരിലായിരുന്നു ഈ നേട്ടം. 2011-ല്‍ നടന്ന ഏകദിനത്തില്‍ വാട്സണ് ബംഗ്ലാദേശിനെതിര 185 റണ്‍സ് പുറത്താകാതെ നേടിയിരുന്നു.
ഏകദിനത്തില്‍ ബംഗ്ലാദേശിനെതിരെ ഒരു ഇന്ത്യന്‍ ബാറ്റര്‍ നേടുന്ന ഉയര്‍ന്ന സ്കോറും ഇനി ഇഷാന് സ്വന്തം. 2011 ലോകകപ്പില്‍ വിരേന്ദര്‍ സേവാഗ് നേടിയ 175 റണ്‍സായിരുന്നു റെക്കോര്‍ഡ്. ഇതിനു പുറമെ വിദേശ മണ്ണില്‍ ഒരു ഇന്ത്യന്‍ ഓപ്പണുടെ മികച്ച ഇന്നിങ്സും ഇഷാന്റെ തന്നെ. 1999-ല്‍ ടോണ്ടണില് ശ്രീലങ്കയ്ക്കെതിരെ ഗാംഗുലി നേടിയ 183 റണ്‍സെന്ന റെക്കോര്‍ഡാണ് താരം മറികടന്നത്.