ട്വന്റി 20 ക്രിക്കറ്റില്‍ ഏതൊരു ബോളറും ഭയപ്പെടുന്ന ബാറ്ററാണ് ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവ്. എന്നാല്‍ ഏകദിനത്തില്‍ ട്വന്റി 20-യിലെ ശോഭ നിലനിര്‍ത്താന്‍ സൂര്യകുമാറിനാകുന്നില്ല. ഓസ്ട്രേലിയക്കെതിരായ രണ്ട് ഏകദിനത്തിലും പൂജ്യനായാണ് മടങ്ങിയത്, അതും നേരിട്ട ആദ്യ പന്തില്‍ തന്നെ. ഇടം കയ്യന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തിലാണ് താരം ഇരുകളികളിലും എല്‍ബിഡബ്ല്യു ആയത്.
സൂര്യകുമാറിന്റെ പരാജയത്തിന് പിന്നാലെ ചോദ്യങ്ങളും ഉയരുകയാണ്. താരം ഏകദിന ടീമില്‍ തുടരുന്നത് ശരിയല്ലെന്നാണ് ആരാധകരുടെ അഭിപ്രായം. ശ്രേയസ് അയ്യര്‍ക്ക് പരുക്ക് പറ്റിയതാണ് സൂര്യകുമാറിന് ടീമിലേക്കുള്ള വഴി തുറന്നത്. എന്നാല്‍ സൂര്യകുമാറിനേക്കാള്‍ മികച്ച തിരഞ്ഞെടുപ്പ് സഞ്ജു സാംസണല്ലെ എന്നും ഒരു വിഭാഗം ചോദിക്കുന്നു.
സഞ്ജുവിന്റെ പേരുയരാന്‍ കാരണം ഏകദിനത്തിലെ മികവ് തന്നെ. 11 ഏകദിനങ്ങള്‍ മാത്രം കളിച്ച സഞ്ജു 66 ശരാശരിയില്‍ 330 റണ്‍സാണ് നേടിയിട്ടുള്ളത്. രണ്ട് അര്‍ദ്ധ സെഞ്ചുറികളും സ്വന്തം പേരിലുണ്ട്. മറുവശത്ത് സൂര്യകുമാറാകട്ടെ 22 ഏകദിനങ്ങളില്‍ നിന്ന് എടുത്തത് 433 റണ്‍സ്. ശരാശരിയാകട്ടെ കേവലം 25.47.
ശ്രേയസ് അയ്യരുടെ അഭാവത്തില്‍ സഞ്ജുവാണ് മധ്യനിരയില്‍ അനുയോജ്യനെന്ന വാദം ശക്തമാകുകയാണ്. പക്ഷെ ഇന്ത്യന്‍ നായകന് രോഹിത് ശര്‍മയ്ക്ക് വ്യത്യസ്ത അഭിപ്രായമാണുള്ളത്. ട്വന്റി 20-യില്‍ സൂര്യകുമാര്‍ മികവ് പുലര്‍ത്തുന്നത് ഏകദിനത്തിലും ആവര്‍ത്തിക്കാന്‍ കൂടുതല്‍ അവസരങ്ങളൊരുക്കുമെന്നാണ് രോഹിത് വ്യക്തമാക്കിയിരിക്കുന്നത്.
“ശ്രേയസിന്റെ തിരിച്ചു വരവില്‍ വ്യക്തതയില്ല. അതിനാല്‍ ആ സ്ഥാനത്ത് ഒഴിവുണ്ട്. വൈറ്റ് ബോളില്‍ സൂര്യകുമാര്‍ മികവ് പുലര്ച്ചിയിട്ടുണ്ട്. മികവുള്ളവര്‍ക്ക് അവസരം നല്‍കുമെന്ന് ഞാന്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കണമെന്ന് സൂര്യകുമാറിനറിയാം. സ്ഥാനത്തിന് അനുയോജ്യമായ കഴിവുള്ള താരങ്ങള്‍ക്ക് അവസരം ലഭിച്ചില്ല എന്ന തോന്നലുണ്ടാകരുത്,” രോഹിത് വ്യക്തമാക്കി.