മുംബൈ. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ബാറ്റിങ് തകര്‍ച്ച. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 18.5 ഓവറില്‍ 128 റണ്‍സിന് പുറത്തായി. 25 റണ്‍സ് എടുത്ത ആന്ദ്രെ റസലാണ് കൊല്‍ക്കത്തയുടെ ടോപ് സ്കോറര്‍. നാല് ഓവറില്‍ 20 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റെടുത്ത വനിന്ദു ഹസരങ്കയാണ് കൊല്‍ക്കത്തയുടെ ബാറ്റിങ് നിരയെ തകര്‍ത്തത്.
നായകന്‍ ഫാഫ് ഡുപ്ലെസിയുടെ തന്ത്രങ്ങളെല്ലാം കളത്തില്‍ ഫലിക്കുന്ന കാഴ്ചയായിരുന്നു കണ്ടത്. മൂന്നാം ഓവറില്‍ തന്നെ അപകടകാരിയായ വെങ്കിടേഷ് അയ്യരിനെ പുറത്താക്കി ആകാശ് ദീപ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. പിന്നീട് തുടരെ കൊല്‍ക്കത്തയ്ക്ക് വിക്കറ്റ് നഷ്ടമായി. ആറ് ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 46 എന്ന സ്കോറിലേക്ക് ടീം ചുരങ്ങി. ഉജ്വല ഫോമിലുള്ള ശ്രേയസ് അയ്യരെ പുറത്താക്കിയത് ഹസരങ്ക തന്നെയായിരുന്നു.
അയ്യര്‍ക്ക് പുറമെ, സുനില്‍ നരെയ്ന്‍, ഷെല്‍ഡണ്‍ ജാക്സണ്‍, ടിം സൗത്തി എന്നിവരുടെ വിക്കറ്റാണ് ഹസരങ്ക നേടിയത്. 18 പന്തില്‍ 25 റണ്‍സെടുത്ത റസല്‍ ടീമിനെ കരകയറ്റാനുള്ള ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. 101 ന് ഒന്‍പത് എന്ന നിലയില്‍ വീണ കൊല്‍ക്കത്തയെ 120 കടത്തിയത് ഉമേഷ് യാദവും വരുണ്‍ ചക്രവര്‍ത്തിയും ചേര്‍ന്ന പത്താം വിക്കറ്റ് കൂട്ടുകെട്ടാണ്. യാദവ് 18 റണ്‍സെടുത്ത് പുറത്തായപ്പോള്‍ വരുണ്‍ 10 റണ്‍സ് നേടി.
ഹസരങ്ക മാത്രമായിരുന്നില്ല ബാംഗ്ലൂര്‍ ബോളിങ് നിരയില്‍ തിളങ്ങിയത്. നാല് ഓവറില്‍ 11 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്ത ഹര്‍ഷല്‍ പട്ടേല്‍ ഹസരങ്കയ്ക്ക് മികച്ച പിന്തുണ നല്‍കി. ആകാശ് ദീപ് മൂന്ന് വിക്കറ്റും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും നേടി.