scorecardresearch

IPL 2022: ‘സഞ്ജു ചേട്ടനും രോഹിത് ഭായി’യും ഇന്ന് കളത്തില്‍; ഉഷാറാക്കാന്‍ ബേസില്‍ തമ്പിയും

പോയ സീസണുകളിലൊന്നും കൃത്യമായൊരു ടീം കോമ്പിനേഷന്‍ കണ്ടെത്താന്‍ രാജസ്ഥാന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ മറിച്ചാണ്

IPL 2022, MI vs RR
Photo: Facebook/ Mumbai Indians

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സ് – മുംബൈ ഇന്ത്യന്‍സ് പോരാട്ടം. വൈകിട്ട് 3.30 ന് മുംബൈയിലെ ഡി. വൈ പാട്ടീല്‍ സ്പോര്‍ട്സ് അക്കാദമി സ്റ്റേഡിയത്തിലാണ് മത്സരം. മലയാളി താരങ്ങളായ സഞ്ജു സാംസണും ബേസില്‍ തമ്പിയും നേര്‍ക്കുനേര്‍ എത്തുന്നുവെന്ന പ്രത്യേകതയും മത്സരത്തിനുണ്ട്.

സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് നേടിയ 61 റണ്‍സിന്റെ തകര്‍പ്പന്‍ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് സഞ്ജുവിന്റെ രാജസ്ഥാന്‍ ഇറങ്ങുന്നത്. പോയ സീസണുകളിലൊന്നും കൃത്യമായൊരു ടീം കോമ്പിനേഷന്‍ കണ്ടെത്താന്‍ രാജസ്ഥാന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ മറിച്ചാണ്.

ട്രെന്റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ, രവിചന്ദ്രന്‍ അശ്വിന്‍, യുസുവേന്ദ്ര ചഹല്‍ എന്നിവരടങ്ങിയ ബോളിങ് ആര്‍മി ഐപിഎല്ലിലെ ഏറ്റവും ശക്തമായ നിരകളില്‍ ഒന്നാണ്. സഞ്ജു, ജോസ് ബട്ലര്‍, ദേവദത്ത് പടിക്കല്‍, യശ്വസി ജയ്സ്വാള്‍ തുടങ്ങിയ പരിചയസമ്പന്നരായ ബാറ്റര്‍മാരാണ് രാജസ്ഥാനുള്ളത്. ബാറ്റിങ് നിര സ്ഥിരത പുലര്‍ത്തിയാല്‍ സീസണലെ ഏറ്റവും അപകടകാരിയായ ടീമാകാന്‍ രാജസ്ഥാന് കഴിയും.

മറുവശത്ത് സീസണിലെ ആദ്യ മത്സരം ഇത്തവണയും തോറ്റാണ് ദൈവത്തിന്റെ പോരാളികള്‍ തുടങ്ങിയത്. 2012 മുതല്‍ ശീലം മാറ്റാന്‍ മുംബൈ നിര തയാറായിട്ടില്ല. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ മികച്ച ബാറ്റിങ് പുറത്തെടുക്കാന്‍ മുംബൈക്കായി. അവസാന നാല് ഓവറില്‍ മാത്രമാണ് ബോളിങ് നിരയ്ക്ക് പിഴച്ചത്. ജസ്പ്രിത് ബുംറയ്ക്ക് ബോള്‍ട്ടിനെപ്പോലൊരു പങ്കാളിയെ കണ്ടെത്താന്‍ മുംബൈക്കായിട്ടില്ല എന്നതാണ് പോരായ്മ.

രാജസ്ഥാന്‍-മുംബൈ പോരാട്ടങ്ങള്‍ എന്നും ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശം നല്‍കിയിട്ടുണ്ട്. നേര്‍ക്കുനേരുള്ള 24 മത്സരങ്ങളില്‍ 13 എണ്ണവും രോഹിത് ശര്‍മയും കൂട്ടരുമാണ് വിജയിച്ചത്. അവസാന മൂന്ന് മത്സരങ്ങളില്‍ ഒന്നില്‍ പോലും ജയിക്കാന്‍ രാജസ്ഥാനായിട്ടുമില്ല. നിലവിലെ ഫോം പരിഗണിച്ചാല്‍ മുംബൈയുടെ തേരോട്ടം അവസാനിപ്പിക്കാനുള്ള മികവ് രാജസ്ഥാന്‍ നിരക്കുണ്ട്.

ഇന്നു നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും. ആദ്യ മത്സരങ്ങള്‍ ഇരുടീമുകളും വിജയിച്ചിരുന്നു.

Also Read: FIFA World Cup draw: സ്പെയിനും ജർമനിയും, ഗ്രൂപ്പ് ഇയിൽ, ഗ്രൂപ്പ് ഡിയിൽ മെസിയും ലെവൻഡോസ്കിയും നേർക്കുനേർ

Stay updated with the latest news headlines and all the latest Cricket news download Indian Express Malayalam App.

Web Title: Ipl 2022 mumbai indians to take in form rajasthan royals