മുംബൈ: ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ട്വന്റി 20 ടൂര്‍ണമെന്റുകളിലൊന്നായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് (ഐപിഎല്‍) ഇന്ന് തുടക്കമാകും. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. രണ്ട് ടീമുകള്‍ അധികമായി എത്തിയതോടെ അടിമുടി മാറിയിരിക്കുകയാണ് ഐപിഎല്‍.
ഗുജറാത്ത് ടൈറ്റന്‍സ്, ലഖ്നൗ സൂപ്പര്‍ ജയന്റ്സ് എന്നിങ്ങനെ രണ്ട് ടീമുകളാണ് പുതിയതായി ഐപിഎല്ലിന്റെ ഭാഗമായിരിക്കുന്നത്. ഹാര്‍ദിക് പാണ്ഡ്യയാണ് ഗുജറാത്തിനെ നയിക്കുന്നത്, ലഖ്നൗവിന്റെ ക്യാപ്റ്റന്‍ കെ. എല്‍. രാഹുലാണ്.
പത്ത് ടീമുകളും ഗ്രൂപ്പ് ഘട്ടത്തില്‍ 14 മത്സരങ്ങള്‍ വീതം കളിക്കും. രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങള്‍. ഇത്രയും കാലത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഗ്രൂപ്പ് തിരിച്ചിരിക്കുന്നത്.
ഗ്രൂപ്പ് എ
- മുംബൈ ഇന്ത്യന്‍സ്
- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്
- രാജസ്ഥാന്‍ റോയല്‍സ്
- ഡല്‍ഹി ക്യാപിറ്റല്‍സ്
- ലഖ്നൗ സൂപ്പര്‍ ജയന്റ്സ്
ഗ്രൂപ്പ് ബി
- ചെന്നൈ സൂപ്പര്‍ കിങ്സ്
- സണ്‍റൈസേഴ്സ് ഹൈദരാബാദ്
- റോയല്‍ ചലഞ്ജേഴ്സ് ബാംഗ്ലൂര്‍
- പഞ്ചാബ് കിങ്സ്
- ഗുജറാത്ത് ടൈറ്റന്‍സ്
എല്ലാ ടീമുകള്‍ക്കും സ്വന്തം ഗ്രൂപ്പിലുള്ള മറ്റ് ടീമുകളുമായി രണ്ട് മത്സരങ്ങള്‍ വീതമുണ്ടായിരിക്കും, അങ്ങനെ എട്ട് കളികള്‍. ബാക്കിയുള്ള ആറ് കളികള്‍ മറ്റ് ഗ്രൂപ്പിലുള്ള ടീമുകളുമായിട്ടായിരിക്കും. എതിര്‍ ഗ്രൂപ്പില്‍ തങ്ങള്‍ക്ക് സമാനമായി ക്രമപ്പെടുത്തിയിരിക്കുന്ന ടീമുകളുമായി രണ്ട് മത്സരവും ബാക്കിയുള്ള നാല് ടീമുകളുമായി ഓരോ മത്സരങ്ങളും.
കഴിഞ്ഞ സീസണുകള്‍ക്ക് സമാനമായിരിക്കില്ല ടീമുകളുടെ ഘടനയെന്നതും ഈ ഐപിഎല്ലിനെ വ്യത്യസ്തമാക്കുന്നു. മെഗാ താരലേലത്തോടെ അടിമുടി മാറിയിരിക്കുകയാണ് ഐപിഎല്‍. 15.25 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയ ഇഷാന്‍ കിഷനായിരുന്നു മൂല്യമേറിയ താരം. 14 കോടിക്ക് ചെന്നൈയിലെത്തിയ ദീപക് ചഹറാണ് രണ്ടാമത്തെ മൂല്യമേറിയ താരം.
Also Read: IPL 2022: വിമർശകർക്ക് ബാറ്റ് കൊണ്ട് മറുപടി നൽകാൻ ഒരുങ്ങുന്ന താരങ്ങൾ