ദുബായി: സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് എട്ട് വിക്കറ്റ് ജയം. 135 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി 13 പന്ത് ബാക്കി നില്‍ക്കെയാണ് ജയം സ്വന്തമാക്കിയത്. ശിഖര്‍ ധവാന് (42), ശ്രേയസ് അയ്യര്‍ (47*), നായകന് റിഷഭ് പന്ത് (35*) എന്നിവരാണ് ഡല്‍ഹിയുടെ ജയം അനായാസമാക്കിയത്. ജയത്തോടെ ഡല്‍ഹി 14 പോയിന്റോടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഹൈദരാബാദ് നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുത്തു. മൂന്ന് വിക്കറ്റ് നേടിയ കഗീസോ റബാഡയും, രണ്ട് വിക്കറ്റ് വീതം നേടിയ ആൻറിച്ച് നോര്‍ജെ, അക്സര്‍ പട്ടേല്‍ എന്നിവരാണ് ഹൈദരാബാദിന്റെ ബാറ്റിങ് നിരയെ തകര്‍ത്തത്.
മത്സരത്തിന്റെ മൂന്നാം പന്തില്‍ തന്നെ സൂപ്പര്‍ താരം ഡേവിഡ് വാര്‍ണറിനെ നോര്‍ജെ വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നീട് വൃദ്ധിമാന്‍ സാഹയും, നായകന് കെയിന്‍ വില്യംസണും, മനീഷ് പാണ്ഡയും ചെറുത്ത് നില്പ്പിന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. 28 റണ്‍സെടുത്ത അബ്ദുള്‍ സമദിന്റേയും 22 റണ്‍സെടുത്ത റഷീദ് ഖാന്റെയും അവസാന ഓവറുകളിലെ ചെറുത്തു നില്‍പ്പാണ് ഹൈദരാബാദ് സ്കോര്‍ 100 കടത്തിയത്.
ഡല്‍ഹി ക്യാപിറ്റല്‍സ്: പൃഥ്വി ഷാ, ശിഖർ ധവാൻ, ശ്രേയസ് അയ്യർ, റിഷഭ് പന്ത്, മാർക്കസ് സ്റ്റോയിനിസ്, ഷിമ്രോൺ ഹെറ്റ്മിയർ, അക്സർ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ, കഗിസോ റബാഡ, ആൻറിച്ച് നോര്‍ജെ, അവേശ് ഖാൻ.
സണ്‍റൈസേഴ്സ് ഹൈദരാബാദ്: ഡേവിഡ് വാർണർ, വൃദ്ധിമാൻ സാഹ, കെയിന്‍ വില്യംസൺ, മനീഷ് പാണ്ഡെ, ജേസൺ ഹോൾഡർ, അബ്ദുൽ സമദ്, കേദാർ ജാദവ്, റഷീദ് ഖാൻ, ഭുവനേശ്വർ കുമാർ, സന്ദീപ് ശർമ്മ, ഖലീൽ അഹമ്മദ്.