ജയ്പൂര്‍: വനിത ഐപിഎല്‍ എന്ന ദീര്‍ഘ കാലത്തെ മോഹത്തിലേക്ക് പതിയെ അടുക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ്. അതിലേക്കുള്ള രണ്ടാമത്തെ ചവുട്ടി പടിയാണ് ഇത്തവണ നടത്തിയ വനിതാ ടി20 ചലഞ്ച്. ഭാവിയില്‍ പക്ഷെ ഇങ്ങനെ മതിയാകില്ലെന്നാണ് ചാമ്പ്യന്‍ഷിപ്പ് ജയിച്ച സൂപ്പര്‍നോവാസിന്റെ നായിക ഹര്‍മന്‍പ്രീത് കൗറിന് പറയാനുള്ളത്.

വെലോസിറ്റിയെ നാല് വിക്കറ്റിന് തകര്‍ത്താണ് സൂപ്പര്‍നോവാസ് ചാമ്പ്യന്‍ഷിപ്പിന്റെ കന്നി കിരീടം നേടിയത്. വനിതാ ടി20 ചലഞ്ച് എന്നതൊരു മഹത്തായ ആശയമാണെന്നും എന്നാല്‍ കൂടുതല്‍ ടീമുകളും മത്സരങ്ങളും ഉണ്ടായാല്‍ മാത്രമേ ഭാവിയില്‍ ഉപകരിക്കൂവെന്നാണ് ഹര്‍മന്‍പ്രീത് പറയുന്നത്. മൂന്ന് ടീമുകളും നാല് മത്സരങ്ങളുമായിരുന്നു ടൂര്‍ണമെന്റിലുണ്ടായിരുന്നത്.

അവസാന പന്തില്‍ വരെ ആവേശം നിലനിന്നിരുന്ന മത്സരത്തില്‍ 51 റണ്‍സ് നേടിയ ഹര്‍മനാണ് സൂപ്പര്‍നോവാസിനെ മുന്നില്‍ നിന്നു നയിച്ചത്. ജയ്പൂരിലെ സ്റ്റേഡിയത്തില്‍ കളി കാണാനായി എത്തിയിരുന്നത് 15000 പേരായിരുന്നു. പുരുഷന്മാരുടെ മത്സരങ്ങളുടെ അത്രയും ഇല്ലാതിരുന്നിട്ടു പോലും ഓരോ പന്തും ഗ്യാലറി ആവേശത്തോടെയായിരുന്നു വരവേറ്റത്.

”എന്നെ സംബന്ധിച്ച് വളരെ നല്ലൊരു ടൂര്‍ണമെന്റായിരുന്നു ഇത്. മറ്റ് താരങ്ങള്‍ക്കും അങ്ങനെ തന്നെയാകും.ഞങ്ങള്‍ ഒരുപാട് പഠിച്ചു. അതു തന്നെയായിരുന്നു പ്രതീക്ഷിച്ചതും. ഇന്ത്യയില്‍ ഒരു ടി20 ലീഗ് കളിക്കണമെന്നായിരുന്നു ആഗ്രഹം. അത് നടന്നതില്‍ അതിയായ സന്തോഷമുണ്ട്. അടുത്ത ലീഗില്‍ കൂടുതല്‍ ടീമുകളും മത്സരങ്ങളും ഉണ്ടാകണം” ഹര്‍മന്‍ പറഞ്ഞു.

ടൂര്‍ണമെന്റ് കുറേക്കൂടി വലിയ രീതിയില്‍ നടത്തണമെന്നാണ് വിദേശ താരങ്ങളുടേയും ആഗ്രഹം. ”വിദേശ താരങ്ങളും പ്രതീക്ഷയോടെ നോക്കി കണ്ടതായിരുന്നു ഈ ടൂര്‍ണമെന്റ്. അവരപ്പോഴും ചോദിക്കുമായിരുന്നു, എപ്പോഴാണ് നടക്കുകയെന്ന്. എല്ലാവര്‍ക്കും അത്രയും പ്രധാനപ്പെട്ടാണ് വനിതാ ലീഗ്” ഹര്‍മന്‍ കൂട്ടിച്ചേര്‍ത്തു.

വെലോസിറ്റി ഉയര്‍ത്തിയ 121 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ സൂപ്പര്‍ നോവാസ് അവസാന പന്തിലാണ് ജയം സ്വന്തമാക്കിയത്. ഓപ്പണര്‍മാരായ പ്രിയ പുനിയയും ജമീമ റോഡ്രിഗ്വസും ചേര്‍ന്ന് 44 റണ്‍സ് നേടിയ മികച്ച തുടക്കം സമ്മാനിച്ചു. പിന്നാലെ ബംഗ്ലാദേശ് താരം ജഹനാരാ അലം തുടരെ തുടരെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയതോടെ കളി വെലോസിറ്റിക്ക് അനുകൂലമായി. തുടര്‍ന്ന് ഉത്തരവാദിത്വമേറ്റെടുത്ത ഹര്‍മന്‍ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് കാഴ്ചവ്വച്. നാല് ഫോറും മൂന്ന് സിക്‌സുമടക്കം 51 റണ്‍സാണ് നായിക നേടിയത്.

എന്നാല്‍ അവസാന ഓവറില്‍ അമേലിയ ഹര്‍മനെ പുറത്താക്കിയതോടെ വെലോസിറ്റി വീണ്ടും കളിയിലേക്ക് തിരികെ വന്നു. പക്ഷെ പക്വതയോടെ ബാറ്റ് ചെയ്ത രാധ അവസാന പന്തില്‍ ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook