വനിത ലോകകപ്പിലെ ഇന്ത്യയുടെ സാധ്യതകള്‍ മുന്‍നിരയുടെ പ്രകടനത്തെ ആശ്രയിച്ചായിരിക്കുമെന്ന് ഇതിഹാസ താരവും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ മിതാലി രാജ്. സ്മ്യതി മന്ദാനയുടെ മികവ് ഇന്ത്യക്ക് ഗുണം ചെയ്യുമെന്നും മിതാലി വ്യക്തമാക്കി. ഐസിസിക്കായി എഴുതിയ കോളത്തിലാണ് മിതാലി ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചത്.
“സ്മ്യതിക്ക് പുറമെ ഹര്‍മന്‍പ്രീത് കൗറും നല്ല രീതിയില്‍ ബാറ്റ് ചെയ്യുന്നുണ്ട്. എന്നാല്‍ ഇംഗ്ലണ്ടിനേയും ഓസ്ട്രേലിയയേയും തോല്‍പ്പിക്കണമെങ്കില്‍ മറ്റ് ബാറ്റര്‍മാരും അവസരത്തിനൊത്ത് ഉയരേണ്ടതുണ്ട്,” മിതാലി കൂട്ടിച്ചേര്‍ത്തു.
ദക്ഷിണാഫ്രിക്കയില്‍ വച്ച് നടക്കുന്ന ടൂര്‍ണമെന്റില്‍ ഫെബ്രുവരി 12-ന് പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇത്തവണ യുവനിരയുമായാണ് ഇന്ത്യ ലോകകപ്പിന് എത്തിയിരിക്കുന്നത്. ശിഖ പാണ്ഡെ ഒഴികെ മറ്റ് പേസര്‍മാര്‍ക്ക് അന്താരാഷ്ട്ര ക്രിക്കറ്റില്‍ കാര്യമായ അനുഭവപരിചയമില്ല.
“ബോളിങ് നിര പരീക്ഷിക്കപ്പെട്ടേക്കാം, കാരണം അവിടെയാണ് നാം കൂടുതല്‍ മെച്ചപ്പെടാനുള്ളത്,” മിതാലി പറഞ്ഞു.
അണ്ടര്‍ 19 ലോകകപ്പ് കിരീടം സ്വന്തമാക്കിയ ഷഫാലി വര്‍മ, റിച്ച ഘോഷ് എന്നിവര്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ്. ദക്ഷിണാഫ്രിക്കയില്‍ വച്ചായിരുന്നു അണ്ടര്‍ 19 ലോകകപ്പും. അതിനാല്‍ ഷഫാലിക്കും റിച്ചയ്ക്കും പരിചിതമാണ് സാഹചര്യങ്ങള്‍. ഇരുതാരങ്ങളിലും മിതാലി പ്രതീക്ഷയര്‍പ്പിച്ചിട്ടുണ്ട്.
നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയക്ക് തന്നെയാണ് കിരീട സാധ്യതകള്‍ കൂടുതലെന്നും മിതാലി അഭിപ്രായപ്പെട്ടു. പക്ഷെ ലോകകപ്പ് നോക്കൗട്ടുകളില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള ഇന്ത്യയേയും ഇംഗ്ലണ്ടിനേയും എഴുതി തള്ളാനാകില്ലെന്നും മിതാലി പറഞ്ഞു.