സതാംപ്ടണിൽ കുട്ടികൾക്കൊപ്പം സമയം ചെലവിട്ട് ഇന്ത്യൻ താരങ്ങൾ. ഐസിസി സംഘടിപ്പിച്ച ക്രിക്കറ്റ് ക്ലിനിക്കിന്റെ ഭാഗമായാണ് ഇന്ത്യൻ താരങ്ങൾ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ചത്. ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി, ഹാർദിക് പാണ്ഡ്യ, കെ.എൽ.രാഹുൽ, റിഷഭ് പന്ത് എന്നിവർ കളിക്കളത്തിൽ കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിച്ചും ചിരിച്ചും ഏറെനേരം ചെലവിട്ടു.

സതാംപ്ടണിൽ കുട്ടികൾക്കൊപ്പം സമയം ചെലവിട്ടത് ഏറെ ഉന്മേഷം പകർന്നുവെന്ന് വിരാട് കോഹ്‌ലി പറഞ്ഞു. ക്രിക്കറ്റ് നല്ലൊരു ടീച്ചറാണെന്ന് പറഞ്ഞ കോഹ്‌ലി ചെറുപ്പത്തിലെ തന്റെ ഓർമ്മകളും പങ്കുവച്ചു.

ക്രിക്കറ്റിന് കുട്ടികളുടെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്താനാകും. നല്ലൊരു മനുഷ്യനാക്കി അത് നിങ്ങളെ മാറ്റുമെന്ന് ഞാൻ വിശ്വസിക്കുന്നു. വീഴ്ചയിൽനിന്നും തിരികെ കരകയറുന്നതെങ്ങനെ എന്നും പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്യുന്നതെങ്ങനെ എന്നും അത് നിങ്ങളെ പഠിപ്പിക്കും. അതിനാൽ തന്നെ നല്ലൊരു ടീച്ചറാണ് ക്രിക്കറ്റെന്ന് ഞാൻ കരുതുന്നുവെന്ന് കോഹ്‌ലി പറഞ്ഞു.

കുട്ടി കുരുന്നുകൾക്ക് ഓട്ടോഗ്രഫ് നൽകിയാണ് കോഹ്‌ലി മടക്കി അയച്ചത്. ഇന്നു ലോകകപ്പിൽ അഫ്ഗാനിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികൾ. ലോകകപ്പ് ക്രിക്കറ്റിലെ അമ്പതാമത്തെ വിജയം ലക്ഷ്യം വച്ചാണ് ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടുക. ലോകകപ്പില്‍ ഇതുവരെ ഇന്ത്യ കളിച്ചത് 79 മത്സരങ്ങളാണ്. അതില്‍ 49 കളികളില്‍ ഇന്ത്യ വിജയിച്ചു. അഫ്ഗാനിസ്ഥാനെ തോല്‍പ്പിക്കുക എന്നതിനൊപ്പം മികച്ച റണ്‍റേറ്റ് കൂടി സ്വന്തമാക്കുക എന്ന ലക്ഷ്യം ഇന്ത്യയ്ക്കുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook