സച്ചിന്‍ രമേശ് തെന്‍ഡുല്‍ക്കര്‍, ലോകക്രിക്കറ്റിലെ പല റെക്കോര്‍ഡുകളുടെ തലപ്പത്തും ഈ പേരുണ്ടാകും. ഇതില്‍ കൂടുതലും ബാറ്റിങ്ങുമായി ബന്ധപ്പെട്ടതായിരിക്കും. എന്നാല്‍ സച്ചിന്റെ കരിയറില്‍ ഒളിഞ്ഞിരിക്കുന്ന നിരവധി കാര്യങ്ങളുണ്ട്. അതിലൊന്നാണ് ഏകദിന ക്രിക്കറ്റില്‍ സച്ചിനെറിഞ്ഞ ഓവറുകളുടെ എണ്ണം.
463 മത്സരങ്ങളില്‍ നിന്ന് 1,342 ഓവറുകളാണ് സച്ചിന്‍ ഏകദിന ക്രിക്കറ്റില്‍ എറിഞ്ഞിട്ടുള്ളത്. 6,850 റണ്‍സ് വഴങ്ങിയിട്ടുള്ള സച്ചിന്‍ 154 വിക്കറ്റുകളും നേടിയിട്ടുണ്ട്. 32 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റെടുത്തതാണ് കരിയറിലെ ഏറ്റവും മികച്ച പ്രകടനം. അഞ്ചു വിക്കറ്റ് നേട്ടം രണ്ട് തവണയും സ്വന്തമാക്കി.
എന്നാല്‍ ലോകക്രിക്കറ്റിലെ പല മികച്ച ബോളര്‍മാരേക്കാള്‍ ഓവറുകള്‍ സച്ചിന്‍ എറിഞ്ഞിട്ടുണ്ട് എന്നതാണ് ഒളിഞ്ഞിരിക്കുന്ന വസ്തുത. ആ പട്ടികയില്‍ ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച് പേസ് ബോളര്‍മാരായ ഷോയിബ് അക്തര്‍, ഡെയില്‍ സ്റ്റെയിന്‍, മിച്ചല്‍ ജോണ്‍സണ്‍, ഇമ്രാന്‍ ഖാന്‍, സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവര്‍ ഉള്‍പ്പെടുന്നു.
അക്തര്‍ 1,294 ഓവറുകളാണ് ഏകദിനത്തില്‍ എറിഞ്ഞിട്ടുള്ളത്. ഡെയില്‍ സ്റ്റെയിന്‍ (1,042), മിച്ചല്‍ ജോണ്‍സണ്‍ (1,248), ഇമ്രാന്‍ ഖാന്‍ (1,243), സ്റ്റുവര്‍ട്ട് ബ്രോഡ് (1,018) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ കണക്കുകള്‍. ഉമര്‍ ഗുല്‍, രവിചന്ദ്രന്‍ അശ്വിന്‍, ഡ്വയിന്‍ ബ്രാവൊ എന്നിവരൊക്കെയും സച്ചിന്റെ പിന്നിലാണ്.
ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവുമധികം ഓവര്‍ എറിഞ്ഞിട്ടുള്ള ശ്രീലങ്കന്‍ ഇതിഹാസം മുത്തയ്യ മുരളീധരനാണ് (3,135). രണ്ടാമത് പാക്കിസ്ഥാന്റെ വസിം അക്രമാണ് (3,031). ഷാഹിദ് അഫ്രിദി, ചാമിന്ദ വാസ് എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളില്‍.
Also Read: യുവേഫ ചാമ്പ്യന്‍സ് ലീഗ്: എത്തിഹാദില്‍ റയലിനെ വരവേല്‍ക്കാന്‍ സിറ്റി; ആദ്യ പാദ സെമി ഇന്ന്