കഴിഞ്ഞ ട്വന്റി 20 ലോകകപ്പിലുണ്ടായ അപ്രതീക്ഷിത തിരിച്ചടിക്ക് ശേഷം അടിമുടി മാറിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം.
ഒക്ടോബറില്‍ നടക്കാനിക്കുന്ന അടുത്ത ട്വന്റി 20 ലോകകപ്പിന് മുന്‍പ് രോഹിത് ശര്‍മയ്ക്കും കൂട്ടര്‍ക്കും മുന്നിലുള്ളത് ഏഷ്യ കപ്പാണ്. സുപ്രധാന ടൂര്‍ണമെന്റുകള്‍ വരാനിരിക്കെ ടീമിന്റെ മനോഭാവത്തെക്കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് രോഹിത്.
ദുബായില്‍ നടന്ന ട്വന്റി 20 ലോകകപ്പില്‍ ഫൈനലില്‍ എത്താന്‍ സാധിക്കാതെ പോയതോടെ കളിയോടുള്ള മനോഭാവവും സമീപനവും മാറ്റണമെന്ന ഉറച്ച തീരുമാനമുണ്ടായി, സ്റ്റാര്‍ സ്പോര്‍ട്സിലെ ഫോളോ ദി ബ്ലൂസ് എന്ന പരിപാടിയില്‍ രോഹിത് വ്യക്തമാക്കി.
കഴിഞ്ഞ കുറച്ച് മാസങ്ങളായി കൂടുതല്‍ അഗ്രസീവായ സമീപനമാണ് ട്വന്റി 20യില്‍ ഇന്ത്യ സ്വീകരിച്ചു വരുന്നത്. വരാനിരിക്കുന്ന വെല്ലുവിളികള്‍ക്കായി ടീം എങ്ങനെ തയാറാകുന്നു എന്നതിനെക്കുറിച്ചും രോഹിത് വിശദീകരിച്ചു.
“ടീം എത്തരത്തിലാണ് മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നതെന്ന് നായകനും പരിശീലകനും കൃത്യമായൊരു സന്ദേശം നല്‍കാന്‍ കഴിഞ്ഞാല്‍ താരങ്ങള്‍ അത് ഉറപ്പായും പിന്തുണയ്ക്കു. അതിനായി അവര്‍ക്ക് സ്വതന്ത്ര്യവും വ്യക്തയും ആവശ്യമാണ്. അതാണ് നമ്മള്‍ ഇവിടെ ശ്രമിക്കുന്നത്. താരങ്ങള്‍ക്ക് ആവശ്യമായ സ്വാതന്ത്ര്യം നല്‍കുന്നു,” രോഹിത് പറയുന്നു.
ഇന്ത്യന്‍ ടീമില്‍ നിരവധി യുവ താരങ്ങള്‍ നായക സ്ഥാനത്തേക്ക് എത്തുന്നതിനെക്കുറിച്ചും രോഹിത് അഭിപ്രായപ്പെട്ടു. എട്ട് മാസത്തിനിടെ ആറ് പേരാണ് ഇന്ത്യയെ നയിച്ചത്.
“ഞങ്ങള്‍ ഐപിഎല്‍ കളിക്കുന്ന കാര്യമറിയാമല്ലോ. അത് പത്ത് ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റാണ്, 10 ക്യാപ്റ്റന്മാരുമുണ്ടാകും. ചില സമയത്ത് അവര്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാകുകയും ചെയ്യും. ഇവര്‍ക്കെല്ലാം കളിയെ നല്ല രീതിയില്‍ വിലയിരുത്താന്‍ കഴിയുന്നതിനാല്‍ എന്റെ ജോലി കൂടുതല്‍ എളുപ്പമാകുന്നു. ഒരാള്‍ക്ക് ഒരു ആശയം ഉണ്ടായാല്‍ ഞാന്‍ അതിനെ എങ്ങനെ പിന്തുണയ്ക്കം എന്നത് മാത്രം നോക്കിയാല്‍ മതി,” രോഹിത് വ്യക്തമാക്കി.
പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ പ്രാധാന്യം എത്രത്തോളം നിര്‍ണായകമാണെന്നും രോഹിത് പറയുന്നു.
“രാഹുല്‍ ഭായിയും ഞാനും കുറച്ച് മത്സരങ്ങള്‍ ഒരുമിച്ച് കളിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കീഴിലാണ് ഞാന്‍ ഏകദിനത്തില്‍ അരങ്ങേറിയത്. അതുകൊണ്ട് തന്നെ നമുക്ക് പരസ്പരം എളുപ്പത്തില്‍ മനസിലാകുന്നു. പരിക്ക് പറ്റിയപ്പോള്‍ ഞാന്‍ നാഷണല്‍ അക്കാദമിയിലായിരുന്നു. അവിടെ രാഹുല്‍ ഭായ് ഉണ്ടായിരുന്നു. അദ്ദേഹം എന്റെ കളിയെ വിലയിരുത്തുകയും ഞങ്ങള്‍ ഒരുപാട് സംസാരിക്കുകയും ചെയ്തിരുന്നു,” രോഹിത് പറഞ്ഞു.
“അദ്ദേഹം പരിശീലകനായപ്പോള്‍, ഞങ്ങള്‍ കാണുകയും ഒരു മുറിയിലിരുന്ന് എങ്ങനെ ഇന്ത്യന്‍ ടീമിനെ മുന്നോട്ട് കൊണ്ടുപോകാമെന്ന് സംസാരിക്കുകയും ചെയ്തു. എന്റെ ചിന്തകളോട് ചേര്‍ന്ന് നില്‍ക്കുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ ആശയങ്ങളും. ടീം അംഗങ്ങള്‍ക്ക് കൃത്യമായ സന്ദേശം നല്‍കാന്‍ അത് എളുപ്പത്തില്‍ സഹായിച്ചു. ടീമില്‍ ഒരു ആശയക്കുഴപ്പം ഉണ്ടാകരുതെന്ന് നിര്‍ബന്ധം ഉണ്ടായിരുന്നു,” രോഹിത് കൂട്ടിച്ചേര്‍ത്തു.