scorecardresearch
Latest News

ട്വന്റി 20 യിലും പരാജയം; കോഹ്ലിയെ പുറത്താക്കാന്‍ ‘വിദഗ്ധരുടെ’ മുറവിളി; പ്രതികരിച്ച് രോഹിത്

ഇംഗ്ലണ്ടിനെതിരെ രണ്ട് ട്വന്റി 20 കളിലായി 12 (1,11) റണ്‍സായിരുന്നു കോഹ്ലിയുടെ സമ്പാദ്യം. ടെസ്റ്റ് പരമ്പരയിലും കാര്യമായ സംഭാവന നല്‍കാന്‍ ഇന്ത്യന്‍ നായകനായിട്ടില്ല

ROhit Sharma, ODI Captain Rohit, T20I Captain Rohit, Rohit Sharma on Virat Kohli, Virat Kohli, Virat Kohli captaincy, Rohit on Virat, Rohit Sharma on Rahul Dravid, Rohit on Dravid, BCCI, Indian Cricket News
ഫയൽ ചിത്രം

ടെസ്റ്റ് ക്രിക്കറ്റിലും ട്വന്റി 20 യിലും തിരിച്ചടികള്‍ നേരിടുന്ന വിരാട് കോഹ്ലിയെ ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്താക്കണമെന്നാണ് ഓണ്‍ലൈന്‍ വിദഗ്ധരുടെ അഭിപ്രായം. കോഹ്ലി യുവതാരങ്ങള്‍ക്ക് വഴിമാറിക്കൊടുക്കണമെന്നും പറയുന്നവരുണ്ട്. ഇതിഹാസ താരം കപില്‍ ദേവ് വരെ കോഹ്ലിയുടെ കാര്യത്തില്‍ വിമര്‍ശനം ഉന്നയിച്ചവരും പട്ടികയില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ കപിലിന്റേതടക്കമുള്ള വാക്കുകള്‍ തള്ളിപ്പറഞ്ഞിരിക്കുകയാണ്.

“എന്താണ് ടീമിനുള്ളില്‍ നടക്കുന്നതെന്ന് കപില്‍ ദേവിനറിയില്ല. നമ്മള്‍ ടീമിനെ തിരഞ്ഞെടുക്കുമ്പോള്‍ അതിന് പിന്നില്‍ വലിയൊരു ചര്‍ച്ച നടത്തുന്നുണ്ട്. താരങ്ങള്‍ക്ക് അവസരം നല്‍കും, അവരെ പിന്തുണയ്ക്കും. പുറത്ത് നടക്കുന്ന കാര്യങ്ങള്‍ ഞങ്ങളെ ബാധിക്കുന്ന ഒന്നല്ല, അകത്ത് എന്ത് സംഭവിക്കുന്നു എന്നതാണ് പ്രധാനം,” ഇംഗ്ലണ്ടിനെതിരായ പരമ്പര വിജയത്തിന് പിന്നാലെ രോഹിത ശര്‍മ വ്യക്തമാക്കി.

ഇംഗ്ലണ്ടിനെതിരെ രണ്ട് ട്വന്റി 20 കളിലായി 12 (1,11) റണ്‍സായിരുന്നു കോഹ്ലിയുടെ സമ്പാദ്യം. ടെസ്റ്റ് പരമ്പരയിലും കാര്യമായ സംഭാവന നല്‍കാന്‍ ഇന്ത്യന്‍ നായകനായിട്ടില്ല. 2019 ന് ശേഷം ഒരു സെഞ്ചുറി പോലും നേടാനായിട്ടില്ല എന്ന വസ്തുതയും ഉയര്‍ത്തിക്കാണിച്ചാണ് കോഹ്ലിയെ പുറത്താക്കണമെന്ന മുറവിളി ഉയരുന്നത്.

“ഒരു താരത്തിന്റെ കാര്യത്തില്‍ അഭിപ്രായം പറയുന്ന വിദഗ്ധര്‍ ആരാണെന്ന് എനിക്കറിയില്ല. ഒരാളുടെ കളിമികവ് കണ്ടാണ് ഞങ്ങള്‍ പിന്തുണയ്ക്കുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന ഒരാളെ ഒന്നൊ രണ്ടോ വര്‍ഷത്തെ കാര്യം കൊണ്ട് അളക്കാന്‍ കഴിയില്ല,” രോഹിത് കൂട്ടിച്ചേര്‍ത്തു.

“ഫോം എന്ന് പറയുന്നത് ഉയരുകയും താഴുകയും ചെയ്യുന്ന ഒന്നാണ്. പക്ഷെ ഒരാളുടെ മികവ് ഒരിക്കലും നഷ്ടപ്പെടില്ല. ഒരു താരത്തിന്റെ കാര്യത്തില്‍ അഭിപ്രായം പറയുമ്പോള്‍ അത് ഒര്‍ക്കുക. ഒരോ കളിക്കാരന്റേയും പ്രാധാന്യം ഞങ്ങള്‍ക്കറിയാം,” രോഹിത് പറഞ്ഞു.

Stay updated with the latest news headlines and all the latest Cricket news download Indian Express Malayalam App.

Web Title: Indian captain rohit sharma on virat kohlis recent form