ന്യൂഡല്‍ഹി: 2023 ഏഷ്യ കപ്പില്‍ പങ്കെടുക്കാനായി ഇന്ത്യന്‍ ടീം പാക്കിസ്ഥാനിലേക്ക് പുറപ്പെടില്ലെന്നും ടൂര്‍ണമെന്റ് നിഷ്പക്ഷ വേദിയില്‍ നടക്കുമെന്നും ബിസിസിഐ ജെനറല്‍ സെക്രട്ടറി ജയ് ഷാ പറഞ്ഞു.
“പാക്കിസ്ഥാനിലേക്ക് പോകണമെങ്കില്‍ കേന്ദ്രാനുമതി വേണം. അടുത്ത വർഷം പാക്കിസ്ഥാന്‍ ആതിഥേയത്വം വഹിക്കുന്ന ഏഷ്യ കപ്പിനെ സംബന്ധിച്ചിടത്തോളം, അത് ഒരു നിഷ്പക്ഷ വേദിയിലായിരിക്കും നടക്കുക,” ജയ് ഷാ വ്യക്തമാക്കി.
രാഹുല്‍ ദ്രാവിഡിന്റെ കീഴില്‍ 2005-06 സീസണിലാണ് ഇന്ത്യ അവസാനമായി പാക്കിസ്ഥാനില്‍ പോയി കളിച്ചത്. 2008 ല്‍ പാക്കിസ്ഥാന്‍ ആതിഥേയത്വം വഹിച്ച ഏഷ്യ കപ്പില്‍ ഇന്ത്യ ഭാഗമായില്ല.
2022 ഏഷ്യ കപ്പ് യുഎഇലായിരുന്നു. ശ്രീലങ്കയില്‍ വച്ചാണ് ടൂര്‍ണമെന്റ് നടക്കാനിരുന്നത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടര്‍ന്ന സാഹചര്യത്തില്‍ ശ്രീലങ്കയ്ക്ക് ആതിഥേയത്വം വഹിക്കാന്‍ സാധിച്ചില്ല.
ഏഷ്യ കപ്പില്‍ പാക്കിസ്ഥാനും ഇന്ത്യയും രണ്ട് തവണ ഏറ്റുമുട്ടിയിരുന്നു. വരുന്ന ഒക്ടോബര്‍ 23-ന് ട്വന്റി 20 ലോകകപ്പിലും ഇരുടീമുകളും ഏറ്റുമുട്ടും. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ വച്ചാണ് മത്സരം.