ഏഷ്യ കപ്പ് സൂപ്പര്‍ ഫോറിലെ നിര്‍ണായക മത്സരത്തില്‍ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യക്ക് തോല്‍വി. ഇന്ത്യ ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് ബാക്കി നില്‍ക്കെയാണ് ശ്രീലങ്ക മറികടന്നത്. പരാജയത്തോടെ ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷകള്‍ മങ്ങി.
തകര്‍ത്തടിച്ച് രോഹിത്, തളര്‍ന്ന് മറ്റുള്ളവര്‍
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് പ്രതീക്ഷിച്ച തുടക്കം ലഭിച്ചിരുന്നില്ല. രണ്ടാം ഓവറില്‍ തന്നെ കെ എല്‍ രാഹുലിനെ (6) മഹേഷ് തീക്ഷണ വിക്കറ്റിന് മുന്നില്‍ കുടുക്കി. ഏഷ്യ കപ്പില്‍ മികച്ച ഫോമിലുള്ള കോഹ്ലിയെ പൂജ്യനാക്കി മടക്കി ദില്‍ഷന്‍ മധുശങ്ക. ബൗണ്ടറിക്ക് ശ്രമിച്ച കോഹ്ലി ബൗള്‍ഡാവുകയായിരുന്നു. മൂന്ന് ഓവറില്‍ ഇന്ത്യ 13-2 എന്ന നിലയിലേക്ക് വീണു.
വിക്കറ്റുകള്‍ വീണപ്പോള്‍ ആക്രമണ ശൈലി ഉപേക്ഷിക്കാന്‍ രോഹിത് തയാറായില്ല. സൂര്യകുമാര്‍ യാദവ് മികച്ച പിന്തുണ നല്‍കിയപ്പോള്‍ രോഹിത് തകര്‍ത്തടിച്ചു. മുന്നിലെത്തി എല്ലാ ബോളര്‍മാരെയും രോഹിത് കണക്കിന് പ്രഹരിച്ചു. 32 പന്തിലാണ് രോഹിത് തന്റെ അര്‍ധ സെഞ്ചുറി തികച്ചത്. 50 പിന്നിട്ടതോടെ രോഹിത് ഗിയര്‍ മാറ്റുകയായിരുന്നു.
എന്നാല്‍ അധികം വൈകാതെ രോഹിത് വീണു. 41 പന്തില്‍ 72 റണ്‍സായിരുന്നു സമ്പാദ്യം. അഞ്ച് ഫോറും നാല് സിക്സും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. മൂന്നാം വിക്കറ്റില്‍ സൂര്യകുമാറുമായി ചേര്‍ന്ന് 97 റണ്‍സാണ് രോഹിത് ചേര്‍ത്തത്. എന്നാല്‍ രോഹിത് നല്‍കിയ അടിത്തറ മുതലാക്കാന്‍ പിന്നാലെ വന്നവര്‍ക്കായില്ല.
സൂര്യകുമാര്‍ (34), ഹാര്‍ദിക് പാണ്ഡ്യ (17), റിഷഭ് പന്ത് (17), ദീപക് ഹൂഡ് (3) എന്നീ ബാറ്റര്‍മാര്‍ സ്കോറിങ്ങിന് വേഗം കൂട്ടാനാകാതെ മടങ്ങി. 190 കടക്കുമെന്ന് തോന്നിച്ച സ്കോറാണ് ശ്രീലങ്കന്‍ ബോളിങ് നിര പിടിച്ചുകെട്ടിയത്. ദില്‍ഷന്‍ മദുശങ്ക മൂന്നും ചമിക കരുണരത്നെ, ദാസുന്‍ ഷനുക എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി.