India vs Sri Lanka, IND vs SL 3rd T20 Score Updates: ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ. നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ 91 റണ്‍സിന്റെ ഉജ്വല ജയമാണ് ഇന്ത്യ നേടിയത്. 229 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക 137 റണ്‍സിന് പുറത്തായി. ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര 2-1 നാണ് ആതിഥേയര്‍ നേടിയത്.
ഇന്ത്യക്കായി അര്‍ഷദീപ് സിങ് മൂന്നും ഹാര്‍ദിക് പാണ്ഡ്യ, ഉമ്രാന്‍ മാലിക്, യുസുവേന്ദ്ര ചഹല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സൂര്യകുമാര്‍ യാദവിന്റെ സെഞ്ചുറി മികവിലാണ് പടുകൂറ്റന്‍ സ്കോര്‍ ഉയര്‍ത്തിയത്.
51 പന്തില്‍ 112 റണ്‍സാണ് പുറത്താകാതെ സൂര്യ നേടിയത്. ശുഭ്മാന്‍ ഗില്‍ (46), രാഹുല്‍ ത്രിപാഠി (35), അക്സര്‍ പട്ടേല്‍ (21) എന്നിവരാണ് മറ്റ് പ്രധാന സ്കോറര്‍മാര്‍. ശ്രീലങ്കയ്ക്കായി മധുഷങ്ക രണ്ട് വിക്കറ്റ് നേടി. കസുന്‍ രജിത, ചമിക കരുണരത്നെ, വനിന്ദു ഹസരങ്ക എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
രാജ്കോട്ടില്‍ സൂര്യതാണ്ഡവം
ആദ്യം ബാറ്റ് ചെയ്തു കളയാം എന്ന ഹാര്‍ദിക് പാണ്ഡ്യയുടെ കോണ്‍ഫിഡന്‍സിന് അടിവരയിടുന്ന പ്രകടനമായിരുന്നു ഇന്ത്യന്‍ ബാറ്റര്‍മാരുടേത്. തുടക്കത്തില്‍ ഇഷാന്‍ കിഷന് മധുഷങ്കയുടെ പന്തില്‍ പാളിയെങ്കിലും പിന്നീട് വന്നവരെല്ലാം രാജ്കോട്ടില്‍ തകര്‍ത്താടി. മൂന്നാമനായി എത്തിയ രാഹുല്‍ ത്രിപാഠിയാണ് വെടിക്കെട്ടിന് തിരികൊളുത്തിയത്.
അഞ്ച് ഫോറും രണ്ട് സിക്സുമടക്കം 16 പന്തില്‍ 35 റണ്‍സ് താരം അടിച്ചെടുത്തു. പവര്‍പ്ലെയുടെ അവസാന ഓവറില്‍ ത്രിപാഠിയുടെ മടക്കം. കരുണരത്നയാണ് ത്രിപാഠിയുടെ കുതിപ്പിന് ഫുള്‍ സ്റ്റോപ്പിട്ടത്. തന്റെ സ്ഥിരം നാലാം സ്ഥാനത്ത് എത്തിയ സൂര്യകുമാര്‍ യാദവ് ശ്രീലങ്കന്‍ ബോളര്‍മാരെ നിലയുറപ്പിക്കാന്‍ അനുവദിക്കാത്ത തരം മര്‍ദനമായിരുന്നു.
360 ഡിഗ്രി അടി, പൊതിരെ അടി. സ്കോറിങ്ങിന് വേഗം കൂട്ടാനാകാതെ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ വിഷമിച്ചപ്പോള്‍ ഗില്ലിനും കൂടിയുള്ളത് സൂര്യകുമാര്‍ നേടുകയായിരുന്നു. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ത്തത് 111 റണ്‍സാണ്. അതും കേവലം 53 പന്തില്‍ നിന്ന്. വനിന്ദു ഹസരങ്കയുടെ പന്തിലായിരുന്നു ഗില്ലിന്റെ അവസാനം.
36 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്സുമുള്‍പ്പടെ 46 റണ്‍സാണ് ഗില്‍ നേടിയത്. പിന്നീടെത്തിയ ഹാര്‍ദിക് പാണ്ഡ്യ 4(4), ദീപക് ഹൂഡ 4(2) എന്നിവര്‍ അതിവേഗം മടങ്ങിയെങ്കിലും സൂര്യകുമാറിന്റെ താണ്ഡവം തുടര്‍ന്നു. വൈഡ് യോര്‍ക്കര്‍, ഷോര്‍ട്ട് ബോള്‍, ലെങ്ത് ബോള്‍, സ്ലോവര്‍ ഡെലിവറി..ശ്രീലങ്കന്‍ ബോളര്‍മാര്‍ പരീക്ഷിക്കാത്ത അസ്ത്രമില്ല.
എന്നാല്‍ നേര്‍ക്കുവന്ന അസ്ത്രങ്ങളേല്ലാം പതിന്‍ മടങ്ങ് വേഗതയില്‍ തിരിച്ചയച്ചായിരുന്നു സൂര്യകുമാറിന്റെ മറുപടി. 45-ാം പന്തില്‍ അന്താരാഷ്ട്ര ട്വന്റി 20-യിലെ തന്റെ മൂന്നാം സെഞ്ചുറി തികച്ചു. ആറ് ഫോറും എട്ട് സിക്സറുകളുമായിരുന്നു താരത്തിന്റെ ബാറ്റില്‍ നിന്ന് അതുവരെ പിറന്നത്. ട്വന്റി 20-യില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറി കൂടിയാണിത്.
പിന്നീട് ഒന്ന് വീതം ഫോറും സിക്സും പായിച്ച് പുറത്താകാതെ 112 റണ്‍സ് താരം സ്കോര്‍ ചെയ്തു. ഏഴാമനായി എത്തിയ അക്സര്‍ പട്ടേലിന്റെ പ്രകടനമായിരുന്നു അവസാന ഓവറുകളില്‍ കൂടുതലും. കേവലം ഒന്‍പത് പന്തില്‍ നിന്ന് നാല് ഫോറുകളടക്കം 21 റണ്‍സാണ് അക്സര്‍ നേടിയത്.
മാറ്റങ്ങളില്ലാതെയാണ് ആതിഥേയര്‍ നിര്‍ണായക മത്സരത്തിന് ഇറങ്ങിയത്. ശ്രീലങ്കന്‍ നിരയില്‍ ഭാനുക രാജപക്സെയ്ക്ക് പകരം അവിഷ്ക ഫെര്‍ണാന്‍ഡൊ ടീമിലെത്തി. മൂന്ന് മത്സരങ്ങളുള്ള പരമ്പരിയില്‍ ഓരോ മത്സരങ്ങള്‍ വീതം ജയിച്ച് ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ്. ഇന്നത്തെ കളി ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം.
ടീം
ശ്രീലങ്ക: പാതും നിസങ്ക, കുശാല്‍ മെൻഡിസ്, അവിഷ്‌ക ഫെർണാന്‍ഡൊ, ധനഞ്ജയ ഡി സിൽവ, ചരിത് അസലങ്ക, ദാസുൻ ഷനക, വനിന്ദു ഹസരംഗ, ചാമിക കരുണരത്‌നെ, മഹീഷ് തീക്ഷണ, കസുൻ രജിത, ദിൽഷൻ മധുശങ്ക.
ഇന്ത്യ: ഇഷാൻ കിഷൻ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ്, രാഹുൽ ത്രിപാഠി, ഹാർദിക് പാണ്ഡ്യ, ദീപക് ഹൂഡ, അക്സർ പട്ടേൽ, ശിവം മവി, ഉമ്രാൻ മാലിക്, അർഷ്ദീപ് സിങ്, യുസ്‌വേന്ദ്ര ചഹൽ.