തിരുവനന്തപുരം: ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിനായി ടീമുകള്‍ തിരുവനന്തപുരത്തെത്തി. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് എയര്‍ വിസ്താരയുടെ പ്രത്യേക വിമാനത്തില്‍ താരങ്ങള്‍ എത്തിയത്.
ഇന്ത്യന്‍ ടീമിന് ഹോട്ടല്‍ ഹയാത്തിലും ശ്രീലങ്കന്‍ ടീമിന് ഹോട്ടല്‍ താജ് വിവാന്തയിലുമാണ് താമസം ഒരുക്കിയിരിക്കുന്നത്. നാളെ ഉച്ചയ്ക്ക് ശേഷമായിരിക്കും ടീമുകള്‍ പരിശീലനത്തിനായി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെത്തുക.
ഉച്ചയ്ക്ക് ഒരു മണി മുതല്‍ നാലു മണി വരെ ശ്രീലങ്കന്‍ ടീമും അഞ്ചു മണി മുതല്‍ എട്ടു മണി വരെ ഇന്ത്യന്‍ ടീമും പരിശീലനം നടത്തും. ഞായറാഴ്ച ഉച്ചയ്ക്ക് 1.30-നാണ് മത്സരം ആരംഭിക്കുക. രാവിലെ 11.30 മുതല്‍ കാണികള്‍ക്ക് ഗ്രൗണ്ടിലേക്ക് പ്രവേശനം അനുവദിക്കും.
മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ അവസാന ഏകദിനത്തിനാണ് കാര്യവട്ടം ആതിഥേയത്വം വഹിക്കുന്നത്. ഗുവാഹത്തിയിലും കൊല്‍ക്കത്തയിലുമായി നടന്ന രണ്ട് ഏകദിനങ്ങളും വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു.
പ്രധാന്യം കുറഞ്ഞ മൂന്നാം മത്സരത്തില്‍ നിരവധി താരങ്ങള്‍ക്ക് അവസരം ഒരുങ്ങിയേക്കും. ഇഷാന് കിഷന്, സൂര്യകുമാര്‍ യാദവ്, അര്‍ഷദീപ് സിങ്, വാഷിങ്ടണ്‍ സുന്ദര്‍ തുടങ്ങിയവര്‍ അന്തിമ ഇലവനില്‍ ഇടം നേടിയേക്കും.