India vs Sri Lanka 2nd ODI Score Updates: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് നാല് വിക്കറ്റ് ജയം. 216 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 40 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് വിജയം സ്വന്തമാക്കിയത്.
പുറത്താകാതെ 64 റണ്‍സെടുത്ത കെ എല്‍ രാഹുലിന്റെ പ്രകടനമാണ് നിര്‍ണായകമായത്. ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര ഇന്ത്യ സ്വന്തമാക്കി. ഗുവാഹത്തിയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ആതിഥേയര്‍ ഉജ്വല ജയം നേടിയിരുന്നു.
അനായസം ജയം നേടുമെന്ന് കരുതിയെങ്കിലും സുപ്രധാന താരങ്ങളുടെ വിക്കറ്റുകള്‍ നഷ്ടമായത് ഇന്ത്യയ്ക്ക് തിരിച്ചടിയായിരുന്നു. രോഹിത് ശര്‍മ (17), ശുഭ്മാന്‍ ഗില്‍ (21), വിരാട് കോഹ്ലി (4), ശ്രേയസ് അയ്യര്‍ (28) എന്നിവര്‍ സ്കോര്‍ 86-ല്‍ എത്തിയപ്പോള്‍ ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു.
എന്നാല്‍ ആറാമനായി എത്തിയ ഹാര്‍ദിക് പാണ്ഡ്യയെ കൂട്ടുപിടിച്ച് രാഹുല്‍ കൂടുതല്‍ നഷ്ടങ്ങള്‍ സംഭവിക്കാതെ ഇന്നിങ്സ് മുന്നോട്ട് നയിച്ചു. അഞ്ചാം വിക്കറ്റില്‍ 119 പന്തില്‍ 75 റണ്‍സാണ് ഇരുവരും ചേര്‍ത്തത്. കരുണരത്നയുടെ പന്തില്‍ ഹാര്‍ദിക് പാണ്ഡ്യ (36) മടങ്ങിയെങ്കിലും രാഹുല്‍ പോരാട്ടം തുടര്‍ന്നു.
ആറാം വിക്കറ്റില്‍ അക്സര്‍ പട്ടേലുമായി ചേര്‍ന്ന് 30 റണ്‍സുകൂടി നേടി. 21 റണ്‍സില്‍ നില്‍ക്കെ ധനഞ്ജയ ഡി സില്‍വയുടെ പന്തില്‍ ലോങ് ഓഫിന് മുകളിലൂടെ ബൗണ്ടറിക്ക് ശ്രമിക്കുന്നതിനിടെ കരുണരത്നയ്ക്ക് ക്യാച്ച് നല്കി അക്സര്‍ മടങ്ങി.
പിന്നാലെ എത്തിയ കുല്‍ദീപ് യാദവും രാഹുലും ഇന്ത്യയെ വിജയത്തിലേക്ക നയിക്കുകയായിരുന്നു. 103 പന്തില്‍ ആറ് ബൗണ്ടറികളോടെയാണ് രാഹുല്‍ 64 റണ്‍സെടുത്തത്. ഏകദിന കരിയറിലെ താരത്തിന്റെ 12-ാം അര്‍ദ്ധ സെഞ്ചുറിയാണ് ശ്രീലങ്കയ്ക്കെതിരെ പിറന്നത്.
നേരെത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്കയെ ഇന്ത്യയുടെ ബോളിങ് മികവായിരുനനു 215 റണ്‍സിലൊതുക്കിയത്.
സന്ദര്‍ശകര്‍ക്കായി നുവനിദു ഫെര്‍ണാണ്ടൊ അര്‍ദ്ധ സെഞ്ചുറി (50) നേടി. കുശാല്‍ മെന്‍ഡിസ് (34), ദുനിത് വെല്ലലഗെ (32), വനിന്ദു ഹസരങ്ക (21), അവഷ്ക ഫെര്‍ണാണ്ടൊ എന്നിവരാണ് മറ്റ് പ്രധാന സ്കോറര്‍മാര്‍. ഇന്ത്യക്കായി കുല്‍ദീപിനും സിറാജിനും പുറമെ ഉമ്രാന് മാലിക് രണ്ടും അക്സര്‍ പട്ടേല്‍ ഒരു വിക്കറ്റും നേടി.
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ലങ്കന്‍ നായകന് ഷനകയുടെ തീരുമാനം ശരവിയ്ക്കുന്ന പ്രകടനമായിരുന്നു 16-ാം ഓവര്‍ വരെ ലങ്ക പുറത്തെടുത്തത്. നുവനിദു-കുശാല്‍ സഖ്യം രണ്ടാം വിക്കറ്റില്‍ 73 റണ്‍സ് ചേര്‍ത്തു. എന്നാല്‍ രോഹിത് ശര്‍മ ശ്രീലങ്കന്‍ ബാറ്റര്‍മാരെ വേട്ടയാടാന്‍ കുല്‍ദീപ്-അക്സര്‍ സ്വിന്‍ ദ്വയത്തെ തുറന്നു വിട്ടതോടെ കളിമാറി.
16 ഓവറില്‍ 99-1 എന്ന നിലയില്‍ മികച്ച സ്കോറിലേക്ക് കുതിക്കുകയായിരുന്നു ലങ്ക. എന്നാല്‍ ഇന്ത്യന്‍ സ്പിന്നര്‍മാരുടെ മുന്നില്‍ പിടിച്ചു നില്ക്കാനായില്ല. കുശാലിനെ പറഞ്ഞയച്ച് കുല്‍ദീപാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. അടുത്ത പത്ത് ഓവറില്‍ ശ്രീലങ്കയ്ക്ക് ചേര്‍ക്കാനായത് കേവലം 36 റണ്‍സായിരുന്നു. നഷ്ടമായത് അഞ്ച് വിക്കറ്റും.
152-7 എന്ന നിലയില്‍ തകര്‍ന്നു നിന്ന ശ്രീലങ്കയ്ക്ക് ആശ്വാസമായത് വെല്ലലഗെ, ചമിക കരുണരത്നെ (17), കാസുന്‍ രജിത (പുറത്താകാതെ 17 റണ്‍സ്) എന്നിവരുടെ പ്രകടനമാണ്. മൂവരും ചേര്‍ന്ന് നേടിയ 66 റണ്‍സാണ് ലങ്കയെ 200 കടത്തിയത്.
രണ്ട് മാറ്റങ്ങളുമായാണ് നിര്‍ണായകമായ രണ്ടാം ഏകദിനത്തിന് ശ്രീലങ്ക ഇറങ്ങിയത്. മദുഷനക, പാത്തും നിസങ്ക എന്നിവര്‍ക്ക് പകരം ലഹിരു കുമാരയും നുവനിദു ഫെര്‍ണാണ്ടൊ എന്നിവര്‍ ടീമിലെത്തി. ഇന്ത്യ നിരയില്‍ പരുക്കേറ്റ യുസുവേന്ദ്ര ചഹലിന് പകരം കുല്‍ദീപ് യാദവ് അന്തിമ ഇലവനില്‍ ഇടം പിടിച്ചു.
ശ്രീലങ്ക: നുവാനിദു ഫെർണാണ്ടോ, അവിഷ്ക ഫെർണാണ്ടോ, കുശാൽ മെൻഡിസ്, ചരിത് അസലങ്ക, ധനഞ്ജയ ഡി സിൽവ, ദാസുൻ ഷനക, വനിന്ദു ഹസരംഗ, ചാമിക കരുണരത്നെ, ദുനിത് വെല്ലലഗെ, ലഹിരു കുമാര, കസുൻ രജിത.
ഇന്ത്യ: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, മുഹമ്മദ് ഷമി, കുൽദീപ് യാദവ്, ഉംറാൻ മാലിക്, മുഹമ്മദ് സിറാജ്.