India vs Sri Lanka 1st ODI Score Updates: ശ്രീലങ്കയ്ക്കെതിരായ ഏകദിന മത്സരത്തില്‍ ഇന്ത്യക്ക് 67 റണ്‍സ് വിജയം. ഇന്ത്യ ഉയര്‍ത്തിയ 374 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്കക്ക് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലെത്തി. 108 റണ്‍സെടുത്ത് പുറത്താവാതെ നിന്ന നായകന് ഡാസണ്‍ ശനകയാണ് ശ്രീലങ്കയുടെ ടോപ് സ്കോറര്‍.
ഓപ്പണര്‍ പത്തും നിസ്സങ്ക 72 റണ്‍സെടുത്ത് മികച്ച പ്രകടനം പുറത്തെടുത്തു. ഒരു ഘട്ടത്തില്‍ വമ്പന്‍ തോല്‍വിയിലേക്ക് കൂപ്പുകുത്തേണ്ടിയിരുന്ന ശ്രീലങ്കയെ അവസാന ഓവറുകളില്‍ കത്തിക്കയറിയ നായകന് ഡാസണ്‍ ശനക രക്ഷപ്പെടുത്തുകയായിരുന്നു.
ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 373 റണ്‍സെടുത്തു. 113 റണ്‍സെടുത്ത വിരാട് കോഹ്ലിയാണ് ഇന്ത്യയ്ക്ക് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്. രോഹിത് ശര്‍മ (83), ശുഭ്മാന്‍ ഗില്‍ (70) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.
ഇന്നിങ്സ് തുടക്കത്തില്‍ മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ രോഹിത്- ശുഭ്മാന്‍ ഗില്‍ സഖ്യം നല്‍കിയത്. രോഹിതും ഗില്ലും ചേര്‍ന്ന് 143 റണ്‍സിന്റെ മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. 60 പന്തുകളില്‍ നിന്ന് പകരക്കാരനായെത്തിയ ഗില്‍ 70 റണ്‍സെടുത്തു. ദസുന്‍ ഷനകയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് താരം മടങ്ങിയത്. ശേഷമെത്തിയ കോഹ്ലി രോഹിത്തിന് മികച്ച പിന്തുണ നല്കി. 67 പന്തില്‍ നിന്ന് 83 റണ്‍സ് നേടിയ രോഹിത് ദില്ഷന് മദുഷനകയുടെ പന്തില്‍ ബൗള്‍ഡായി പുറത്താകുകയായിരുന്നു.
ശ്രേയസ് അയ്യര്‍ 24 പന്തില്‍ നിന്ന് 28 റണ്‍സെടുത്തു. പിന്നീടെത്തിയ കെ എല്‍ രാഹുല്‍ 29 പന്തുകള്‍ നേരിട്ട് 39 റണ്‍സ് നേടി. കോഹ്ലി- രാഹുല്‍ സഖ്യം 90 റണ്‍സാണ് നേടിയത്. ഹാര്‍ദിക് പാണ്ഡ്യ (14), അക്സര്‍ പട്ടേല്‍ (9) എന്നിവര്‍ നിരാശപ്പെടുത്തി. 87 പന്തുകള്‍ നേരിട്ട കോഹ്ലി ഒരു സിക്സും 12 ഫോറും നേടിയാണ് സെഞ്ചുറിയോട 113 റണ്‍സ് നേടിയത്. കോഹ്ലിയുടെ 45-ാം ഏകദിന സെഞ്ചുറിയായിരുന്നു ഗുവാഹത്തിയിലേത്.
നേരത്തെ ടോസ് നേടിയ ശ്രീലങ്കന്‍ നായകന് ദാസുന്‍ ഷനക ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഫോമിലുള്ള ഇഷാന് കിഷനും സൂര്യകുമാര്‍ യാദവിനും അവസരം ലഭിച്ചില്ല. നായകന് രോഹിത് ശര്‍മയ്ക്കൊപ്പം ശുഭ്മാന്‍ ഗില്ലാണ് ഓപ്പണിങ്ങിനിറങ്ങിയത്.
ടീം
ഇന്ത്യ: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, മുഹമ്മദ് ഷമി, ഉമ്രാൻ മാലിക്, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചാഹൽ.
ശ്രീലങ്ക: പാത്തും നിസങ്ക, കുശാല്‍ മെൻഡിസ്, അവിഷ്ക ഫെർണാണ്ടോ, ധനഞ്ജയ ഡി സിൽവ, ചരിത് അസലങ്ക, ദസുൻ ഷാനക, വണിന്ദു ഹസരംഗ, ചാമിക കരുണരത്നെ, ദുനിത് വെല്ലലഗെ, കസുൻ രജിത, ദിൽഷൻ മധുശങ്ക.
പ്രിവ്യു
2023 ലോകകപ്പിനുള്ള ടീമിനെ രൂപപ്പെടുത്തിയെടുക്കുക എന്ന ലക്ഷ്യവും വരും പരമ്പരകളില്‍ ഇന്ത്യയ്ക്കുണ്ടാകും. രോഹിത് ശര്‍മയ്ക്കൊപ്പം ആര് ഓപ്പണിങ്ങിന് എത്തുമെന്നാണ് ചോദ്യം. കെഎല്‍ രാഹുല്‍, ഇഷാന് കിഷന്, ശുഭ്മാന്‍ ഗില്‍ എന്നിവരാണ് സ്ഥാനത്തിനായി പോരാടുന്നത്. കിഷനും ഗില്ലും മികച്ച ഫോമിലാണ്. എന്നാല്‍ ഗില്ലിനായിരിക്കും പരിഗണന നല്‍കുകയെന്നാണ് സൂചന.
മൂന്നാമനായി വിരാട് കോഹ്ലി എത്തും. മധ്യനിരയില്‍ ശ്രേയസ് അയ്യര്‍ സ്ഥാനമുറപ്പിച്ച് കഴിഞ്ഞു. പിന്നാലെ സൂര്യകുമാര്‍ യാദവ് എത്തിയേക്കും. ട്വന്റി 20യിലെ മികവ് സൂര്യയ്ക്ക് ഏകദിനത്തിലും ആവര്‍ത്തിക്കാനായാല്‍ മധ്യനിര കൂടുതല്‍ ശക്തമാകും. റിഷഭ് പന്തിന്റെ അസാന്നിധ്യത്തില്‍ ഇഷാന് കിഷനൊ കെഎല്‍ രാഹുലൊ ആയിരിക്കും കീപ്പര്‍ ഗ്ലൗ അണിയുക.
ഹാര്‍ദിക് പാണ്ഡ്യയായിരിക്കും പ്രധാന ഓള് റൗണ്ടര്‍. യുസുവേന്ദ്ര ചഹല്‍, മുഹമ്മദ് ഷമി, അര്‍ഷദീപ് സിങ്, മുഹമ്മദ് സിറാജ് എന്നിവരായിരിക്കും ബോളിങ് നിരയില്‍. ഉമ്രാന് മാലിക്കിന് സാധ്യതയുണ്ട്. പക്ഷെ പരിചയസമ്പത്തിനായിരിക്കും ആദ്യ ഏകദനിത്തില്‍ പരിഗണന നല്‍കുക. ബുംറയുടെ അഭാവം ടീമിന് കനത്ത തിരിച്ചടിയാണ്.
When is India vs Sri Lanka’s first ODI? എപ്പോഴാണ് ഇന്ത്യ-ശ്രീലങ്ക ആദ്യ ഏകദിനം?
ജനുവരി 10-ാം തീയതി ഉച്ചതിരിഞ്ഞ് ഒന്നരയ്ക്കാണ് മത്സരം.
Where is the first ODI between India and Sri Lanka? എവിടെ വച്ചാണ് ഇന്ത്യ-ശ്രീലങ്ക ആദ്യ ഏകദിനം?
ഗുവാഹത്തിയില്‍ വച്ചാണ് ഇന്ത്യ-ശ്രീലങ്ക ആദ്യ ഏകദിനം നടക്കുന്നത്.
How can I watch the first ODI between India and Sri Lanka? ഇന്ത്യ-ശ്രീലങ്ക ആദ്യ ഏകദിനത്തിന്റെ തത്സമയ സംപ്രേഷണവും ലൈവ് സ്ട്രീമിങ്ങും എവിടെ കാണാം?
ഇന്ത്യ-ശ്രീലങ്ക ആദ്യ ഏകദിനത്തിന്റെ തത്സമയ സംപ്രേഷണം സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്വര്‍ക്ക് ചാനലുകളില്‍ കാണം. ലൈവ് സ്ട്രീമിങ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആപ്ലിക്കേഷനിലും ലഭ്യമാകും.