IND vs SA T20I: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി 20 യില്‍ 180 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തി ഇന്ത്യ. നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ആതിഥേയര്‍ 179 റണ്‍സെടുത്തത്. റുതുരാജ് ഗെയ്ക്ക്വാദ് (57), ഇഷാന് കിഷന് (54), ഹാര്‍ദിക് പാണ്ഡ്യ (31) എന്നിവരുടെ പ്രകടനമാണ് ഭേദപ്പെട്ട സ്കോറിലേക്ക് ഇന്ത്യയെ എത്തിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കായി പ്രിട്ടോറിയസ് രണ്ട് വിക്കറ്റ് നേടി.
ആദ്യ രണ്ട് മത്സരങ്ങളില്‍ തിളങ്ങാതിരുന്ന റുതുരാജ് ഗെയ്ക്വാദിന്റെ മിന്നും പ്രകടനമായിരുന്നു വിശാഖപട്ടണത്തെ മൈതാനത്ത്. ഒപ്പം ഫോമിലുള്ള ഇഷാന് കിഷനും ചേര്‍ന്നപ്പോള്‍ ഇന്ത്യയ്ക്ക് ലഭിച്ചത് സ്വപ്ന തുല്യമായ തുടക്കമായിരുന്നു. ഇരുവരും ചേര്‍ന്ന് 10 ഓവറില്‍ 97 റണ്‍സ് ചേര്‍ത്തു. 35 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്സുമടങ്ങിയതായിരുന്നു ഗെയ്ക്വാദിന്റെ ഇന്നിങ്സ്.
ഗെയ്ക്വാദിനെ മടക്കി മഹരാജായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. പിന്നീടെത്തിയ ശ്രേയസ് അയ്യരിനെ കൂട്ടുപിടിച്ച് കിഷന് സ്കോറിങ് ചലിപ്പിച്ചു. പരമ്പരയിലെ രണ്ടാം അര്‍ധ സെഞ്ചുറി നേടിയാണ് ഇഷാന് മടങ്ങിയത്. അയ്യരും (14) ഇഷാനും അതിവേഗം മടങ്ങിയതോടെ ഇന്ത്യ പരുങ്ങലിലായി. റിഷഭ് പന്ത് (6), ദിനേശ് കാര്‍ത്തിക് (6) എന്നിവര്‍ക്കും കാര്യമായ സംഭാവന നല്‍കാനായില്ല.
അവസാന ഓവറുകളില്‍ ഹാര്‍ദിക് പാണ്ഡ്യ നടത്തിയ പ്രകടനമാണ് ഇന്ത്യയെ 170 കടത്തിയത്. 21 പന്തില്‍ നാല് ബൗണ്ടറികള്‍ അടക്കമാണ് ഹാര്‍ദിക് 31 റണ്‍സ് നേടിയത്. പ്രിട്ടോറിയസിന് പുറമെ മഹരാജ്, ഷംസി, റബാഡ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
ഇന്ത്യ: റുതുരാജ് ഗെയ്ക്വാദ്, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, റിഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, ദിനേഷ് കാർത്തിക്, അക്സർ പട്ടേൽ, ഹർഷൽ പട്ടേൽ, ഭുവനേശ്വർ കുമാർ, യുസ്വേന്ദ്ര ചാഹൽ, അവേഷ് ഖാൻ.
ദക്ഷിണാഫ്രിക്ക: ടെംബ ബാവു, റീസ ഹെൻഡ്രിക്സ്, ഡ്വെയ്ൻ പ്രിട്ടോറിയസ്, റാസി വാൻ ഡെർ ഡസ്സെൻ, ഹെൻറിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ, വെയ്ൻ പാർനെൽ, കാഗിസോ റബാഡ, കേശവ് മഹാരാജ്, തബ്രൈസ് ഷംസി, ആൻറിച്ച് നോർജെ.
Also Read: ഏഷ്യന്‍ കപ്പ്: അവസാന മത്സരത്തിന് മുന്‍പ് യോഗ്യത; ഇന്ത്യ- ഹോങ് കോങ് മത്സരം എവിടെകാണാം