IND vs SA 1st T20 Live Score: ഇന്ത്യയ്ക്കെതിരായ ആദ്യ ട്വന്റി 20 യില്‍ ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍പ്പന്‍ ജയം. ഇന്ത്യ ഉയര്‍ത്തിയ 212 റണ്‍സ് വിജയലക്ഷ്യം അഞ്ച് പന്ത് ബാക്കി നില്‍ക്കെയാണ് സന്ദര്‍ശകര്‍ മറികടന്നത്. 46 പന്തില്‍ 75 റണ്‍സെടുത്ത റസി വാന്‍ ഡര്‍ ഡ്യൂസണ്‍, 31 പന്തില്‍ 64 റണ്‍സെടുത്ത ഡേവിഡ് മില്ലര്‍ എന്നിവരാണ് ദക്ഷിണാഫ്രിക്കയുടെ വിജയം അനായാസമാക്കിയത്. ട്വന്റി 20 ചരിത്രത്തില്‍ ദക്ഷിണാഫ്രിക്ക ആദ്യമായാണ് ഇത്രയും ഉയര്‍ന്ന സ്കോര്‍ പിന്തുടര്‍ന്ന് വിജയിക്കുന്നത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് നേടി. ഇഷാന്‍ കിഷന്‍ (76), ശ്രേയസ് അയ്യര്‍ (36), ഹാര്‍ദിക് പാണ്ഡ്യ (12 പന്തില്‍ 31), റിഷഭ് പന്ത് (29) എന്നിവരുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് ആതിഥേയരെ 200 കടത്തിയത്.
തുടക്കം മുതല്‍ കൂറ്റന്‍ സ്കോര്‍ ലക്ഷ്യമിട്ടുള്ള ബാറ്റിങ്ങായിരുന്നു ഇന്ത്യന്‍ താരങ്ങളില്‍ നിന്നുണ്ടായത്. ഇഷാന്‍ കിഷന്‍ റുതുരാജ് ഓപ്പണിങ് സഖ്യം പവര്‍പ്ലെയില്‍ സ്കോര്‍ 50 കടത്തി. 15 പന്തില്‍ മൂന്ന് സിക്സറുകളുടെ അകമ്പടിയോടെ 23 റണ്‍സെടുത്താണ് റുതുരാജ് പുറത്തായത്. പിന്നീടെത്തിയ ശ്രേയസ് അയ്യരിനെ കൂട്ടുപിടിച്ച് ഇഷാന്‍ സ്കോറിങ്ങിന് വേഗം കൂട്ടി. ഇരുവരും ചേര്‍ന്ന് അനായാസം ബൗണ്ടറികള്‍ കണ്ടെത്തുകയായിരുന്നു.
മധ്യ ഓവറുകളില്‍ സ്കോറിങ്ങിന് വേഗം കൂട്ടാന്‍ കഴിയുന്നില്ല എന്ന പോരായ്മ ഇരുവരും ചേര്‍ന്ന് നികത്തുകയായിരുന്നു. മഹരാജിന്റെ ഓവറില്‍ രണ്ട് വീതം ഫോറും സിക്സും പറത്തി 20 റണ്‍സ് ചേര്‍ത്തതിന് പിന്നാലെയാണ് ഇഷാന്‍ മടങ്ങിയത്. 48 പന്തില്‍ 11 ഫോറും മൂന്ന് സിക്സുമടക്കമായിരുന്നു താരം 76 റണ്‍സെടുത്തത്. ഇഷാന്‍ പുറത്തായതിന് പിന്നാലെ റണ്‍സൊഴുക്ക് പിടിച്ചു നിര്‍ത്താന്‍ സന്ദര്‍ശകര്‍ക്കായി.
ശ്രേയസിനെ പ്രെട്ടോറിയസ് ബൗള്‍ഡാക്കി. 27 പന്തില്‍ ഒരു ഫോറും മൂന്ന് സിക്സും ഉള്‍പ്പെടെയാണ് ശ്രേയസ് 36 റണ്‍സ് എടുത്തത്. അഞ്ചാമനായെത്തിയ ഹാര്‍ദിക്കും പന്തും ചേര്‍ന്ന് 23 പന്തില്‍ 55 റണ്‍സാണ് അടിച്ചു കൂട്ടിയത്. പന്ത് 16 പന്തില്‍ 29 റണ്‍സെടുത്ത് പുറത്തായി. 31 റണ്‍സോടെ പുറത്താകാതെ ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കാന്‍ ഹാര്‍ദിക്കിന് സാധിച്ചു. രണ്ട് ഫോറും മൂന്ന് സിക്സും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു.
ഇന്ത്യന്‍ ടീം: ഇഷാൻ കിഷൻ, റുതുരാജ് ഗെയ്‌ക്‌വാദ്, ശ്രേയസ് അയ്യർ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍), ഹാർദിക് പാണ്ഡ്യ, ദിനേഷ് കാർത്തിക്, അക്സർ പട്ടേൽ, ഹർഷൽ പട്ടേൽ, ഭുവനേശ്വർ കുമാർ, യുസ്‌വേന്ദ്ര ചാഹൽ, ആവേശ് ഖാൻ.
ദക്ഷിണാഫ്രിക്കന്‍ ടീം: ക്വിന്റൺ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), ടെംബ ബാവുമ (ക്യാപ്റ്റന്‍), റാസി വാൻ ഡെർ ഡസ്സെൻ, ഡേവിഡ് മില്ലർ, ട്രിസ്റ്റൻ സ്റ്റബ്സ്, വെയ്ൻ പാർനെൽ, ഡ്വെയ്ൻ പ്രിട്ടോറിയസ്, കേശവ് മഹാരാജ്, തബ്രൈസ് ഷംസി, കാഗിസോ റബാഡ, ആൻറിച്ച് നോർജെ.
Also Read: ‘അയാള്‍ മികച്ച ഫോമിലായിരുന്നു, എന്തുകൊണ്ട് ടീമില്‍ നിന്ന് ഒഴിവാക്കി’? ചോദ്യവുമായി കൈഫ്