scorecardresearch

ഏഷ്യ കപ്പ്: ഇന്ത്യ ഇന്ന് പാക്കിസ്ഥാനെതിരെ; ജഡേജയ്ക്ക് പകരം ആര്? സാധ്യത ഇങ്ങനെ

പാക്കിസ്ഥാന്‍ സ്പിന്‍ ദ്വയമായ ഷദാബ് ഖാന്‍ – മൊഹമ്മദ് നവാസ് എന്നിവരെ നേരിടാന്‍ ഇടം കയ്യന്‍ ബാറ്ററായ റിഷഭ് പന്തിനെ ഇന്ത്യ കളത്തിലിറക്കിയേക്കാം

ഏഷ്യ കപ്പ്: ഇന്ത്യ ഇന്ന് പാക്കിസ്ഥാനെതിരെ; ജഡേജയ്ക്ക് പകരം ആര്? സാധ്യത ഇങ്ങനെ
Photo: Facebook/ Indian Cricket Team

India vs Pakistan Asia Cup 2022 Predicted Playing XIs: ഏഷ്യ കപ്പില്‍ പാക്കിസ്ഥാനെതിരെ രണ്ടാം അങ്കത്തിനൊരുങ്ങുകയാണ് ഇന്ത്യ. ഇത്തവണ സൂപ്പര്‍ ഫോറിലാണെന്ന പ്രത്യേകതയും മത്സരത്തിനുണ്ട്. ഇന്ന് ജയമുറപ്പിക്കുന്ന ടീമിന് ഏഷ്യ കപ്പ് ഫൈനല്‍ സാധ്യത സജീവമാക്കാനും സാധിക്കും.

എന്നാല്‍ വിജയക്കുതിപ്പ് തുടരുമ്പോളും ഇന്ത്യക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ് ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ പരിക്ക്. പാക്കിസ്ഥാനെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ജഡേജയുടെ പ്രകടനം ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായിരുന്നു.

ജഡേജയുടെ പരിക്ക് ഔദ്യോഗികമായി സ്ഥിരീകരിച്ചതിന് പിന്നാലെ അക്സര്‍ പട്ടേലിനെ ടീമിലുള്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ അക്സര്‍ അന്തിമ ഇലവനില്‍ ഇടം പിടിച്ചാല്‍ ടീം ഘടനയില്‍ കാര്യമായ മാറ്റം പ്രതീക്ഷിക്കാം.

പാക്കിസ്ഥാന്‍ സ്പിന്‍ ദ്വയമായ ഷദാബ് ഖാന്‍ – മൊഹമ്മദ് നവാസ് എന്നിവരെ നേരിടാന്‍ ഇടം കയ്യന്‍ ബാറ്ററായ റിഷഭ് പന്തിനെ ഇന്ത്യ കളത്തിലിറക്കിയേക്കാം. എങ്കില്‍ ദിനേഷ് കാര്‍ത്തിക്ക് പുറത്തിരിക്കേണ്ടി വരും. ഗ്രൂപ്പ് ഘട്ടത്തില്‍ പന്തിനും കാര്‍ത്തിക്കിനും ടീമിലിടം ലഭിച്ചെങ്കിലും ബാറ്റിങ്ങിന് അവസരം ലഭിച്ചിരുന്നില്ല.

എന്നാല്‍ ബോളിങ്ങിലെ പോരായ്മ ഇന്ത്യ എങ്ങനെ നികത്തുമെന്നാണ് കണ്ടറിയേണ്ടത്. പാക്കിസ്ഥാനെതിരെയും ഹോങ് കോങ്ങിനെതിരെയും റണ്‍സ് വിട്ടുകൊടുത്ത ആവേശ് ഖാന്‍ മികവ് പുലര്‍ത്തിയില്ലെങ്കില്‍ ഇന്ത്യക്ക് തിരിച്ചടിയാകും. പ്രത്യേകിച്ചും പാക്കിസ്ഥാനെപോലെ മികച്ച ബാറ്റിങ് യൂണിറ്റുള്ള ഒരു ടീമിനെതിരെയാകുമ്പോള്‍.

സാധ്യത ഇലവന്‍

ഇന്ത്യ: കെഎൽ രാഹുൽ, രോഹിത് ശർമ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, റിഷഭ് പന്ത്, അക്സർ പട്ടേൽ, ഭുവനേശ്വർ കുമാർ, ആർ അശ്വിൻ, യുസ്വേന്ദ്ര ചാഹൽ, അർഷ്ദീപ് സിങ്.

പാക്കിസ്ഥാന്‍: ബാബർ അസം, മുഹമ്മദ് റിസ്വാൻ, ഫഖർ സമാൻ, ആസിഫ് അലി, ഇഫ്തിഖർ അഹമ്മദ്, ഖുശ്ദിൽ ഷാ, ഷദാബ് ഖാൻ, ഉസ്മാൻ ഖാദർ, മുഹമ്മദ് ഹസ്നൈൻ, ഹാരിസ് റൗഫ്, നസീം ഷാ.

Stay updated with the latest news headlines and all the latest Cricket news download Indian Express Malayalam App.

Web Title: India vs pakistan asia cup 2022 predicted playing xis