India vs Pakistan, Asia Cup 2022 Super 4 Updates: ഏഷ്യ കപ്പ് സൂപ്പര്‍ ഫോറില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് തോല്‍വി. ഇന്ത്യ ഉയര്‍ത്തിയ 182 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് ബാക്കി നില്‍ക്കെയാണ് പാക് നിര മറികടന്നത്. 51 പന്തില്‍ 71 റണ്‍സെടുത്ത ഓപ്പണര്‍ മുഹമ്മദ് റിസ്വാനാണ് പാക്കിസ്ഥാന്റെ ടോപ് സ്കോറര്‍. 20 പന്തില്‍ 42 റണ്‍സെടുത്ത മുഹമ്മദ് നവാസിന്റെ പ്രകടനവും നിര്‍ണായകമായി.
കിങ്ങായി കോഹ്ലി, വെടിക്കെട്ടുമായി ‘രോ-രാ’ സഖ്യം
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് നേടിയത്. അര്‍ധ സെഞ്ചുറി നേടിയ വിരാട് കോഹ്ലിയുടെ ഇന്നിങ്സാണ് ഇന്ത്യയ്ക്ക് തുണയായത്. രോഹിത് ശര്‍മ (28), കെഎല്‍ രാഹുല്‍ (28) എന്നിവര്‍ കോഹ്ലിക്ക് മികച്ച പിന്തുണ നല്കി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍മാരായ രോഹിത് ശര്‍മയും (16 പന്തില്‍ 28) കെ എല്‍ രാഹുലും (20 പന്തില്‍ 28) ചേര്‍ന്ന് നല്‍കിയത് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച തുടക്കമായിരുന്നു. അഞ്ചാം ഓവറില്‍ ഇന്ത്യന്‍ സ്കോര്‍ 54 എത്തി. രോഹിതിനെ മടക്കി ഹാരിസ് റൗഫാണ് പാക്കിസ്ഥാന് ആദ്യ വിക്കറ്റ് സമ്മാനിച്ചത്.
രോഹിത് മടങ്ങിയതിന് പിന്നാലെ രാഹുലിന്റെ വിക്കറ്റും ഇന്ത്യയ്ക്ക് നഷ്ടമായി. ഷദാബ് ഖാന്റെ പന്തില്‍ ബൗണ്ടറിക്ക് ശ്രമിച്ചായിരുന്നു രാഹുല്‍ മടങ്ങിയത്. മൂന്നാമനായി എത്തിയ വിരാട് കോഹ്ലി പിന്നീട് ഇന്നിങ്സിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. റിഷഭ് പന്ത് (14), സൂര്യകുമാര്‍ യാദവ് (13), ഹാര്‍ദിക് പാണ്ഡ്യ (0), ദീപക് ഹൂഡ (16) എന്നിവര്‍ അതിവേഗം മടങ്ങിയെങ്കിലും കോഹ്ലി നിലയുറപ്പിച്ചു.
44 പന്തില്‍ 60 റണ്‍സെടുത്ത് അവസാന ഓവറിലാണ് കോഹ്ലി കളം വിട്ടത്. നാല് ഫോറും ഒരു സിക്സും ഇന്നിങ്സില്‍ ഉള്‍പ്പെട്ടു. ഹാരിസ് റൗഫ് എറിഞ്ഞ അവസാന രണ്ട് പന്തില്‍ രവി ബിഷ്ണോയ് നേടിയ രണ്ട് ബൗണ്ടറികളാണ് ഇന്ത്യന്‍ സ്കോര്‍ 180 കടത്തിയത്. ഫക്കര്‍ സമാന്റെ പിഴവില്‍ നിന്നായിരുന്നു രണ്ട് ബൗണ്ടറികളും പിറന്നത്.
പാക്കിസ്ഥാന് വേണ്ടി ഷദാബ് ഖാന് രണ്ട് വിക്കറ്റ് നേടി. നസീം ഷാ, മുഹമ്മദ് ഹസ്നൈന്, ഹാരിസ് റൗഫ്, മുഹമ്മദ് നവാസ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
ടീം
ഇന്ത്യ: കെ എൽ രാഹുൽ, രോഹിത് ശർമ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, റിഷഭ് പന്ത്, ദീപക് ഹൂഡ, ഹാർദിക് പാണ്ഡ്യ, ഭുവനേശ്വർ കുമാർ, രവി ബിഷ്ണോയ്, യുസ്വേന്ദ്ര ചാഹൽ, അർഷ്ദീപ് സിങ്.
പാക്കിസ്ഥാന്: മുഹമ്മദ് റിസ്വാൻ, ബാബർ അസം, ഫഖർ സമാൻ, ഖുശ്ദിൽ ഷാ, ഇഫ്തിഖർ അഹമ്മദ്, ഷദാബ് ഖാൻ, ആസിഫ് അലി, മുഹമ്മദ് നവാസ്, ഹാരിസ് റൗഫ്, മുഹമ്മദ് ഹസ്നൈൻ, നസീം ഷാ.