India vs New Zealand 3rd T20I Score Updates: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ട്വന്റി 20-യില്‍ ഇന്ത്യയ്ക്ക് 168 റണ്‍സിന്റെ കൂറ്റന്‍ ജയം. ഇന്ത്യ ഉയര്‍ത്തിയ 235 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡ് 66 റണ്‍സിന് പുറത്തായി. നാല് വിക്കറ്റെടുത്ത ഹാര്‍ദിക് പാണ്ഡ്യയാണ് ന്യൂസിലന്‍ഡ് ബാറ്റിങ് നിരയെ തകര്‍ത്തെറിഞ്ഞത്.
ഇന്ത്യയ്ക്കായി അര്‍ഷദീപ് സിങ്, ഉമ്രാന്‍ മാലിക്, ശിവം മവി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി. ന്യൂസിലന്‍ഡ് നിരയില്‍ രണ്ട് ബാറ്റര്‍മാര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 35 റണ്‍സെടുത്ത ഡാരില്‍ മിച്ചലാണ് ടോപ് സ്കോറര്‍. നായകന്‍ മിച്ചല്‍ സാറ്റ്നര്‍ 13 റണ്‍സുമെടുത്തു. ജയത്തോടെ 2-1 ന് ഇന്ത്യ പരമ്പര സ്വന്തമാക്കി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സാണ് നേടിയത്. ട്വന്റി 20-യില്‍ കന്നി സെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്ലാണ് (126*) ഇന്ത്യന്‍ ഇന്നിങ്സിന് കരുത്തേകിയത്. രാഹുല്‍ ത്രിപാതി (44), ഹാര്‍ദിക് പാണ്ഡ്യ (30), സൂര്യകുമാര്‍ യാദവ് (24) എന്നിവരാണ് മറ്റ് സ്കോറര്‍മാര്‍.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യന്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ തീരുമാനത്തിന് അടിവരയിടുന്നതായിരുന്നു ഇന്ത്യന്‍ ബാറ്റര്‍മാരുടെ പ്രകടനം. ഓപ്പണര്‍ ഇഷാന്‍ കിഷന്‍ (1) പരാജയപ്പെട്ടെങ്കിലും പിന്നീട് വന്നവരെല്ലാം ബാറ്റിങ്ങിന് അനുകൂലമായ പിച്ചില്‍ അനായാസം ബൗണ്ടറികള്‍ നേടുകയായിരുന്നു.
കിഷന്റെ വിക്കറ്റോടെ പരുങ്ങിയ ശുഭ്മാന്‍ ഗില്ലിന് ഊര്‍ജം പകര്‍ന്നത് മൂന്നാമനായെത്തിയ രാഹുല്‍ ത്രിപാതിയായിരുന്നു. വിക്കറ്റ് കാത്തു സൂക്ഷിക്കാന്‍ നില്‍ക്കാതെ 360 ഡിഗ്രിയില്‍ ത്രിപാതിയുടെ കിവി മര്‍ദനം. 22 പന്തില്‍ നിന്ന് 44 റണ്‍സ് അടിച്ചു കൂട്ടി ത്രിപാതി മൈതാനത്ത് ആളി കത്തുകയായിരുന്നു. ഇഷ് സോധിയുടെ പന്തില്‍ ലോക്കി ഫെര്‍ഗൂസണിന് ക്യാച്ച് നല്‍കിയാണ് ത്രിപാതി മടങ്ങിയത്.
സൂര്യകുമാര്‍ യാദവിന്റെ ഊഴമായിരുന്നു അടുത്തത്. തനത് ശൈലിയില്‍ സൂര്യയുടെ വക 13 പന്തില്‍ 24 റണ്‍സ്. ടിക്ക്നറിന്റെ പന്തില്‍ ബ്രേസ്വെല്ലിന്റെ അവിശ്വസിനീയ ക്യാച്ചാണ് സൂര്യയുടെ ചെറുവെടിക്കെട്ടണച്ചത്. മറുവശത്ത് സാവധാനം ട്വന്റി 20 കരിയറിലെ അര്‍ദ്ധ സെഞ്ചുറി ഗില്ല് തികച്ചു. പിന്നീട് ടോപ് ഗിയറിലേക്ക് മാറുന്ന ഗില്ലിനെയാണ് കണ്ടത്.
പിന്നീട് സിക്സും ഫോറും നിറഞ്ഞ ഗില്ലാട്ടം. ആദ്യ അര്‍ദ്ധ സെഞ്ചുറി 35 പന്തിലാണ് ഗില്ല് തികച്ചത്. എന്നാല്‍ നൂറിലേക്കെത്താന്‍ യുവതാരം എടുത്തത് കേവലം 19 പന്തുകള്‍ മാത്രം. രണ്ടാം അന്‍പതില്‍ 42 റണ്‍സും പിറന്നത് ബൗണ്ടറിയിലൂടെ, അഞ്ച് സിക്സും മൂന്ന് ഫോറും. ട്വന്റി 20 കരിയറിലെ റണ്‍ വരള്‍ച്ചയ്ക്ക് കൂടി ഗില്‍ അവസാനം കുറിച്ചു.
ഗില്ലിനൊപ്പം കാഴ്ചക്കാരന്റെ റോള്‍ ആയിരുന്നെങ്കിലും ഹാര്‍ദിക് പാണ്ഡ്യയും തനിക്ക് കിട്ടിയ അവസരങ്ങളിലെല്ലാം കണ്ടെത്തി. 17 പന്തില്‍ 30 റണ്‍സെടുത്ത് അവസാന ഓവറിലാണ് ഹാര്‍ദിക് പാണ്ഡ്യ മടങ്ങിയത്. നാലാം വിക്കറ്റില്‍ ഗില്‍-ഹാര്‍ദിക് സഖ്യം നേടി 40 പന്തില്‍ 103 റണ്‍സായിരുന്നു.
അവസാന ഓവറില്‍ റണ്‍സ് കണ്ടെത്തുന്നതില്‍ ഗില്ലും ദീപക് ഹൂഡയും പരാജയപ്പെട്ടു. ആറ് റണ്‍സ് മാത്രമാണ് നേടിയത്. ഇന്നിങ്സ് അവസാനിക്കുമ്പോള്‍ 63 പന്തില്‍ 126 റണ്‍സാണ് ഗില്ലിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. 12 ഫോറും ഏഴ് സിക്സും സെഞ്ചുറിയില്‍ ഉള്‍പ്പെട്ടു.
ടീം
ന്യൂസിലൻഡ്: ഫിൻ അലൻ, ഡെവൺ കോൺവെ, മാർക്ക് ചാപ്മാൻ, ഗ്ലെൻ ഫിലിപ്‌സ്, ഡാരിൽ മിച്ചൽ, മൈക്കൽ ബ്രേസ്‌വെൽ, മിച്ചൽ സാന്റ്‌നർ, ഇഷ് സോധി, ലോക്കി ഫെർഗൂസൺ, ബെൻ ലിസ്റ്റർ, ബ്ലെയർ ടിക്‌നർ.
ഇന്ത്യ: ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ, രാഹുൽ ത്രിപാതി, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ദീപക് ഹൂഡ, വാഷിങ്ടൺ സുന്ദർ, ശിവം മാവി, കുൽദീപ് യാദവ്, ഉമ്രാൻ മാലിക്, അർഷ്ദീപ് സിങ്.