India vs New Zealand 3rd ODI Score Updates: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 90 റണ്‍സ് വിജയം. 386 റണ്‍സിന്റെ കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന കിവീസിന്റെ പോരാട്ടം 295 റണ്‍സില്‍ അവസാനിച്ചു. 138 റണ്‍സുമായി ഡവോണ്‍ കൊണ്‍വെ സന്ദര്‍ശകര്‍ക്കായി പൊരുതി. മൂന്ന് വീക്കറ്റ് വീതം നേടിയ ഷാര്‍ദൂല്‍ താക്കൂര്‍, കുല്‍ദീപ് യാദവ് എന്നിവരാണ് ഇന്ത്യന്‍ ജയം വേഗത്തിലാക്കിയത്.
ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര 3-0 ന് ഇന്ത്യ സ്വന്തമാക്കി. ഏകദിന റാങ്കിങ്ങില്‍ 114 പോയിന്റോടെ ഒന്നാമതെത്താനും നീലപ്പടയ്ക്കായി. മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു ഇരട്ട സെഞ്ചുറിയും സെഞ്ചുറിയുമടക്കം 360 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലാണ് പരമ്പരയിലെ താരം.
ഇന്ത്യ ഉയര്‍ത്തിയ പടുകൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന കിവികള്‍ക്ക് രണ്ടാം പന്തില്‍ തന്നെ ഓപ്പണര്‍ ഫിന്‍ അലനെ (0) നഷ്ടമായി. ഹാര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ താരം ബൗള്‍ഡാവുകയായിരുന്നു. പിന്നീട് മൂന്നാമനായി എത്തിയ ഹെന്‍റി നിക്കോളാസിനെ കൂട്ടുപിടിച്ച് ഓപ്പണര്‍ ഡവോണ്‍ കോണ്‍വെ പോരാട്ടം ആരംഭിച്ചു.
രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 106 റണ്‍സാണ് ചേര്‍ത്തത്. നിക്കോളാസിനെ (42) വിക്കറ്റിന് മുന്നില്‍ കുടുക്കി കുല്‍ദീപ് യാദവാണ് കൂട്ടുകെട്ട് പൊളിച്ചത്. നിക്കോളാസ് വീണെങ്കിലും റണ്‍റേറ്റ് ഉയരാതെ സ്കോറിങ്ങിന് വേഗത കൂട്ടി കോണ്‍വെ രോഹിത് ശര്‍മയ്ക്ക് തലവേദന സമ്മാനിച്ചെന്ന് പറയാം. 71 പന്തില്‍ തന്റെ ഏകദിന കരിയറിലെ മൂന്നാം സെഞ്ചുറി കോണ്‍വെ പിന്നിട്ടു.
മൂന്നാം വിക്കറ്റില്‍ ഡാരില്‍ മിച്ചലിനൊപ്പം 78 റണ്‍സാണ് കോണ്‍വെ ചേര്‍ത്തത്. അപകടരമായ രീതിയില്‍ മുന്നോട്ട് പോയ കൂട്ടുകെട്ട് പൊളിച്ചത് ഷാര്‍ദൂല്‍ താക്കൂറാണ്. 42 റണ്‍സാണ് മിച്ചല്‍ നേടിയത്. ക്രീസിലെത്തിയ ആദ്യ പന്തില്‍ തന്നെ കിവി നായകന്‍ ടോം ലാഥത്തേയും (0) താക്കൂര്‍ പവലിയനിലേക്ക് മടക്കി. ശക്തമായ നിലയില്‍ നിന്ന് 184-4 ലേക്ക് ന്യൂസിലന്‍ഡ് വീണു. പക്ഷെ മറുവശത്ത് വിട്ടുവീഴ്ചയില്ലാത്ത ബാറ്റിങ്ങാണ് കോണ്‍വെ പുറത്തെടുത്തത്.
സ്കോര്‍ 200-ല്‍ എത്തി നില്‍ക്കെ ഗ്ലെന്‍ ഫിലി ഫിലിപ്സിനെ (5) കോഹ്ലിയുടെ കൈകളിലെത്തിച്ച് താക്കൂര്‍ വിക്കറ്റ് വേട്ട തുടര്‍ന്നു. പാതി വീണതോടെ കൂടുതല്‍ ആക്രമണത്തിലേക്ക് കോണ്‍വെ കടന്നെങ്കിലും ഒരുപാട് നേരം പിടിച്ചു നില്‍ക്കാനായില്ല. ഉമ്രാന്‍ മാലിക്കിന്റെ പന്തില്‍ രോഹിതിന്റെ കൈകളിലൊതുങ്ങി കോണ്‍വേയുടെ പോരാട്ടം.
100 പന്തില്‍ നിന്ന് 12 ഫോറിന്റേയും എട്ട് സിക്സറുകളുടേയും അകമ്പടിയോടെ 138 റണ്‍സാണ് കോണ്‍വെ നേടിയത്. കോണ്‍വെയും മടക്കത്തിന് ശേഷം ന്യൂസിലന്‍ഡ് തകര്‍ന്നടിയുകയായിരുന്നു. ബ്രെയ്സ്വല്‍ (26), മിച്ചല്‍ സാറ്റ്നര്‍ (34), ലോക്കി ഫെര്‍ഗൂസണ്‍ (7), ജേക്കബ് ഡഫി (0) എന്നിവര്‍ വെല്ലുവിളി ഉയര്‍ത്താതെ തന്നെ കീഴടങ്ങി.
രോഹിത്-ഗില്‍ പവറില്‍ ഇന്ത്യ
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 385 റണ്‍സാണ് നേടിയത്. നായകന്‍ രോഹിത് ശര്‍മ (101), ശുഭ്മാന്‍ ഗില്‍ (112), ഹാര്‍ദിക് പാണ്ഡ്യ (54) എന്നിവരുടെ പ്രകടനമാണ് നിര്‍ണായകമായത്.
മത്സരത്തിന്റെ രണ്ടാം ഓവര്‍ മുതല്‍ ഇന്‍ഡോറിലെ മൈതാനം ബാറ്റിങ് പറുദീസയാക്കുകയായിരുന്നു രോഹിതും ഗില്ലും ചേര്‍ന്ന്. ബൗണ്ടറികള്‍ പായിക്കുന്നതില്‍ ഇരുവരും തമ്മില്‍ മത്സരം നടക്കുകയാണോയെന്ന് തോന്നിപ്പിക്കും വിധമായിരുന്നു പ്രകടനം. ബാറ്റില്‍ തൊടുന്ന പന്തെല്ലാം ബൗണ്ടറി കടക്കുന്ന കാഴ്ച, അതും അതി സുന്ദരമായി.
പവര്‍പ്ലെയില്‍ ആധിപത്യം പുലര്‍ത്തുന്ന പതിവ് ശീലം രോഹിത്-ഗില്‍ സഖ്യം ആവര്‍ത്തിച്ചു. ആദ്യ പത്ത് ഓവറില്‍ സ്കോര്‍ 82. പവര്‍പ്ലെയ്ക്ക് ശേഷവും കിവി മര്‍ദനം തുടര്‍ന്നു. 12-ാം ഓവറിലാണ് ഗില്‍ തന്നെ അര്‍ദ്ധ സെഞ്ചുറി തികച്ചത്, കേവലം 33 പന്തില്‍ നിന്നായിരുന്നു നേട്ടം. 14-ാം ഓവറില്‍ മിച്ചല്‍ സാറ്റ്നറിന്റെ പന്ത് സിക്സര്‍ പായിച്ച് രോഹിതും 50 കടന്നു.
അര്‍ദ്ധ സെഞ്ചുറി പിന്നിട്ടിട്ടും നിര്‍ത്താതെ വെടിക്കെട്ട് തുടര്‍ന്ന് ഓപ്പണിങ് സഖ്യം. സിക്സും ഫോറും പിറക്കാത്ത ഓവറുകള്‍ പോലും ചുരുക്കമായിരുന്നു. ബോളര്‍മാരെ മാറി മാറി പരീക്ഷിച്ചിട്ടും കിവി നായകന്‍ ടോം ലാഥത്തിന് കൂട്ടുകെട്ട് പൊളിക്കാനൊ സമ്മര്‍ദമുണ്ടാക്കാനൊ കഴിഞ്ഞില്ലെന്ന് തന്നെ പറയാം.
ഒടുവില്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ രോഹിത് തന്റെ സെഞ്ചുറി വരള്‍ച്ചയ്ക്ക് വിരാമമിട്ടു. 26-ാം ഓവറിലാണ് ഏകദിന കരിയറിലെ 30-ാം ശതകം രോഹിത് കുറിച്ചത്. 2020 ജനുവരി 19-നായിരുന്നു ഇന്ത്യന്‍ നായകന്റെ അവസാന സെഞ്ചുറി. രോഹിതിന് പിന്നാലെ തന്നെ ഗില്ലും മൂന്നക്കം കടന്നു. കഴിഞ്ഞ നാല് ഇന്നിങ്സിനിടെ ഗില്ലിന്റെ മൂന്നാം സെഞ്ചുറിയാണിത്.
സെഞ്ചുറി നേട്ടത്തിന് പിന്നാലെ രോഹിത് മടങ്ങി. ബ്രേസ്വെല്ലിന്റെ പന്തില്‍ താരം ബൗള്‍ഡാവുകയായിരുന്നു. ഒന്‍പത് ഫോറും ആറ് സിക്സുമാണ് ഇന്നിങ്സില്‍ ഉള്‍പ്പെട്ടത്. വൈകാതെ ഗില്ലിനെ മടക്കാന്‍ കിവിപ്പടയ്ക്കായി. 112 റണ്‍സായിരുന്നു ഗില്ലിന്റെ സമ്പാദ്യം. 13 ഫോറും അഞ്ച് സിക്സും യുവതാരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു.
രോഹിതും ഗില്ലും മടങ്ങിയതോടെ കിവികള്‍ തിരിച്ചുവരവിനുള്ള വഴി കണ്ടെത്തി. വിരാട് കോഹ്ലി (36), ഇഷാന്‍ കിഷന്‍ (17), സൂര്യകുമാര്‍ യാദവ് (14), വാഷിങ്ടണ്‍ സുന്ദര്‍ (9) എന്നിവരുടെ വിക്കറ്റുകള്‍ വീണതോടെ സ്കോറിങ്ങിന്റെ വേഗതയും കുറഞ്ഞു. എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യയും ഷാര്‍ദൂല്‍ താക്കൂറും ചേര്‍ന്ന് ഇന്ത്യയെ 375 കടത്തുകയായിരുന്നു.
38 പന്തില്‍ മൂന്ന് വീതും ഫോറും സിക്സുമടക്കം 54 റണ്‍സാണ് ഹാര്‍ദിക് പാണ്ഡ്യ നേടിയത്. 17 പന്തില്‍ നിന്നാണ് ഷാര്‍ദൂല്‍ 25 റണ്‍സ് സ്വന്താക്കിയത്. മൂന്ന് ഫോറും ഒരു സിക്സും ഇന്നിങ്സില്‍ ഉള്‍പ്പെട്ടു. ന്യൂസിലന്‍ഡിനായി ജേക്കബ് ഡഫി, ബ്ലെയര്‍ ടിക്നര്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടി.
നേരത്തെ ടോസ് നേടിയ ന്യൂസിലന്‍ഡ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. യുസുവേന്ദ്ര ചഹല്‍, ഉമ്രാന്‍ മാലിക് എന്നിവരാണ് ടീമിലെത്തിയത്. ന്യൂസിലന്‍ഡ് നിരയില്‍ ജേക്കബ് ഡഫിയുമെത്തി.
ടീം
ഇന്ത്യ: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദർ, ഷാർദുൽ താക്കൂർ, കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹൽ, ഉമ്രാൻ മാലിക്.
ന്യൂസിലൻഡ്: ഫിൻ അലൻ, ഡെവൺ കോൺവേ, ഹെൻറി നിക്കോൾസ്, ഡാരിൽ മിച്ചൽ, ടോം ലാതം, ഗ്ലെൻ ഫിലിപ്‌സ്, മൈക്കൽ ബ്രേസ്‌വെൽ, മിച്ചൽ സാന്റ്‌നർ, ലോക്കി ഫെർഗൂസൺ, ജേക്കബ് ഡഫി, ബ്ലെയർ ടിക്‌നർ.