ഓക്ക്ലന്‍ഡ്: മലയാളി താരം സഞ്ജു സാംസണിനെ ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഉള്‍പ്പെടുത്താത്തില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ആദ്യ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചതിന് ശേഷമായിരുന്നു സഞ്ജു തഴയപ്പെട്ടത്. താരത്തിനേക്കാള്‍ മോശമായി ബാറ്റ് ചെയ്ത താരങ്ങളെ പോലും നിലനിര്‍ത്തിയതിന് ശേഷമായിരുന്നു ടീം മാനേജ്മെന്റിന്റെ നടപടി. ഇതാണ് ക്രിക്കറ്റ് ആരാധകരുടെ വിമര്‍ശനങ്ങള്‍ക്ക് ആധാരമായത്.
എന്നാല്‍ പരമ്പരയിലെ അവസാന ഏകദിനത്തിലും സഞ്ജു ഉണ്ടാകില്ല എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഇടം കയ്യന്‍ ബാറ്ററായ റിഷഭ് പന്തിനെ ടീമില്‍ നിലനിര്‍ത്തേണ്ടതിനാലാണ് സഞ്ജുവിന് പുറത്തിരിക്കേണ്ടി വരുന്നത്. ബോളറിയാന്‍ കഴിയുന്ന ഒരു ബാറ്ററെയാണ് ടീം പരിഗണിക്കുന്നതെന്നതും മലയാളി താരത്തിന് തിരിച്ചടിയാകുന്നു. കഴിഞ്ഞ മത്സരത്തില്‍ ഓള് റൗണ്ടറായ ദീപക് ഹൂഡയെയാണ് ടീം മാനേജ്മെന്റ് സഞ്ജുവിന് പകരം കളത്തിലിറക്കിയത്.
മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ കളി ഇന്ത്യ പരാജയപ്പെട്ടിരുന്നു. രണ്ടാം മത്സരം മഴ മൂലം ഉപേക്ഷിക്കപ്പെടുകയും ചെയ്തു. പരമ്പര കൈവിടാതെയിരിക്കാന്‍ അവസാന കളിയില്‍ ഇന്ത്യക്ക് ജയം അനിവാര്യമാണ്. കാര്യമായ മാറ്റങ്ങള്‍ക്ക് വിവിഎസ് ലക്ഷ്മണ് മുതിര്‍ന്നേക്കും, പ്രത്യേകിച്ചും ബോളിങ് നിരയില്‍. യുസുവേന്ദ്ര ചഹലിന് പകരം കുല്‍ദീപ് യാദവ് ടീമിലെത്തിയേക്കും. വാഷിങ്ടണ്‍ സുന്ദറായിരിക്കും ടീമിലെ രണ്ടാം സ്പിന്നര്‍.
സാധ്യതാ ഇലവന്
ഇന്ത്യ: ശിഖർ ധവാൻ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, റിഷഭ് പന്ത്, ദീപക് ഹൂഡ, വാഷിങ്ടൺ സുന്ദർ, ദീപക് ചഹർ, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്, ഉമ്രാൻ മാലിക്.
ന്യൂസിലന്‍ഡ്: ഫിൻ അലൻ, ഡെവൺ കോൺവേ, കെയിന്‍ വില്യംസൺ, ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്സ്, ടോം ലാതം, മൈക്കൽ ബ്രേസ്വെൽ, മിച്ചൽ സാന്റ്നർ, ടിം സൗത്തി, ലോക്കി ഫെർഗൂസൺ, മാറ്റ് ഹെൻറി.