ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ യുവ നിര ഇന്ന് അയര്‍ലന്‍ഡിനെതിരെ. ട്വന്റി 20 ലോകകപ്പ് വരാനിരിക്കെ രണ്ട് മത്സരങ്ങളുള്ള പരമ്പര യുവതാരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഏറെ നിര്‍ണായകമാണ്. ഡുബ്ലിനില്‍ വച്ച് ഇന്ത്യന്‍ സമയം രാത്രി ഒന്‍പതിനാണ് മത്സരം ആരംഭിക്കുന്നത്. 18 കളികളാണ് ഇതുവരെ ഡുബ്ലിനില്‍ നടന്നിട്ടുള്ള. ശരാശരി ആദ്യ ഇന്നിങ്സ് സ്കോര്‍ 153 ആണ്. പിന്തുടര്‍ന്ന വിജയിച്ചിട്ടുള്ള ഉയര്‍ന്ന സ്കോര്‍ 194 റണ്‍സും.
ഡുബ്ലിനിലെ പിച്ച് ബാറ്റിങ്ങിനേയും ബോളിങ്ങിനേയും അനുകൂലിക്കുന്ന ഒന്നല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. 180 ന് മുകളിലുള്ള ഏത് സ്കോറും പിന്തുടരുക അത്ര എളുപ്പമാകില്ല. അവസാനം ഇന്ത്യ പ്രസ്തുത മൈതാനത്ത് കളിച്ചപ്പോള്‍ രണ്ട് തവണ 200 ന് മുകളില്‍ സ്കോര്‍ ചെയ്യാന്‍ സാധിച്ചിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ വിജയം തുടരാനായിരിക്കും ഇന്ത്യ ഒരുങ്ങുക. സാധ്യതാ ടീം എപ്രകാരമായിരിക്കുമെന്ന് പരിശോധിക്കാം.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയില്‍ കാര്യമായി തിളങ്ങാത്ത റുതുരാജ് ഗെയ്ക്വാദിന് ഒരു അവസരം കൂടി ലഭിച്ചേക്കും. താരത്തിനൊപ്പം മിന്നും ഫോമിലുള്ള ഇഷാന്‍ കിഷന്‍ തന്നെയായിരിക്കും ഓപ്പണിങ്ങിനിറങ്ങുക. പരിക്കില്‍ നിന്ന് മുക്തി നേടിയെത്തിയ സൂര്യകുമാര്‍ യാദവായിരിക്കും മൂന്നാമനായി കളത്തിലെത്തുക. സൂര്യയ്ക്ക് പിന്നിലായി മലയാളി താരം സഞ്ജു സാംസണും എത്തുന്നതോടെ മധ്യനിര ശക്തമാകും. ഹാര്‍ദിക് പാണ്ഡ്യക്കും ദിനേശ് കാര്‍ത്തിക്കിനുമായിരിക്കും ഫിനിഷിങ് ചുമതല.
ബോളിങ്ങിലേക്കെത്തിയാല്‍ അക്സര്‍ പട്ടേല്‍ – യുസുവേന്ദ്ര ചഹല്‍ സ്പിന്‍ ദ്വയത്തെ നിലനിര്‍ത്താനാണ് സാധ്യത. വിദേശ പിച്ചുകളില്‍ ഇരുവര്‍ക്കും തിളങ്ങനായാല്‍ ലോകകപ്പിനുള്ള ടീമില്‍ സ്ഥാനം ഉറപ്പിക്കാം. അക്സറിന് ബാറ്റ് ചെയ്യാന്‍ സാധിക്കുമെന്നത് മുന്‍തൂക്കമാണ്. പേസ് നിരയില്‍ ഫോമിലുള്ള ഹര്‍ഷല്‍ പട്ടേലും, ഭുവനേശ്വര്‍ കുമാറും ഉണ്ടായിരിക്കും. മൂന്നാമത്തെ പേസര്‍ ആരായിരിക്കുമെന്നത് നിര്‍ണായകമാകും. ആവേശ് ഖാന്‍, അര്‍ഷദീപ് സിങ്, ഉമ്രാന്‍ മാലിക് എന്നിവരില്‍ ഒരാള്‍ക്ക് അവസരമൊരുങ്ങും.
Also Read: കപിൽ ദേവിന് ശേഷം ഇന്ത്യൻ ടെസ്റ്റ് ടീമിനെ നയിക്കുന്ന ആദ്യ ഫാസ്റ്റ് ബൗളറാകാൻ ബുംറ