ലീഡ്സ്: ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് 345 റണ്‍സിന്റെ കൂറ്റന്‍ ലീഡ്. രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ ആതിഥേയര്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 423 റണ്‍സ് നേടി. സെഞ്ചുറി നേടിയ നായകന്‍ ജോ റൂട്ട് (121), അര്‍ദ്ധ സെഞ്ചുറി നേടിയ റോറി ബേണ്‍സ് (61), ഹസീബ് ഹമീദ് (68), ഡേവിഡ് മലന്‍ (70) എന്നിവരാണ് ഇംഗ്ലണ്ട് നിരയില്‍ തിളങ്ങിയത്.
120-0 എന്ന സ്കോറില്‍ രണ്ടാം ദിനം കളി ആരംഭിച്ച് ഇംഗ്ലണ്ടിന് രണ്ട് ഓപ്പണര്‍മാരെയും വൈകാതെ തന്നെ നഷ്ടപ്പെട്ടു. 61 റണ്‍സെടുത്ത റോറി ബേണ്‍സിനെ ബൗള്‍ഡാക്കി മുഹമ്മദ് ഷമിയാണ് ഇന്ത്യക്ക് ആദ്യ സെഷനില്‍ മികച്ച തുടക്കം നല്‍കിയത്. ഹസീബ് ഹമീദിനെ ജഡേജയും മടക്കിയതോടെ ഇംഗ്ലണ്ട് പരുങ്ങലിലാകുമെന്ന് തോന്നിച്ചെങ്കിലും റൂട്ടും മലനും ചേര്‍ന്ന് ആധിപത്യം തിരിച്ചു പിടിക്കുകയായിരുന്നു.
70 റണ്‍സെടുത്ത് മലന്‍ മടങ്ങിയെങ്കിലും റൂട്ട് തുടര്‍ന്നും തിളങ്ങി. തന്റെ കരിയറിലെ 23-ാം ടെസ്റ്റ് സെഞ്ചുറിയാണ് റൂട്ട് ലീഡ്സില്‍ കുറിച്ചത്. പരമ്പരയിലെ മൂന്നാമത്തേതും. 165 പന്തുകളില്‍ നിന്നാണ് 121 റണ്‍സ് ഇംഗ്ലണ്ട് നായകന്‍ നേടിയത്.
ഇന്ത്യക്കായി മുഹമ്മദ് ഷമി മൂന്നൂം, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും നേടി. റൂട്ടിന്റെ നിര്‍ണായക വിക്കറ്റ് വീഴ്ത്തിയത് ജസ്പ്രിത് ബുംറയാണ്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ആദ്യ ദിനം തന്നെ 78 റണ്‍സിന് പുറത്തായിരുന്നു. 19 റണ്‍സെടുത്ത രോഹിത് ശര്‍മയും 18 റണ്‍സെടുത്ത അജിങ്ക്യ രഹാനെയും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്നത്. മൂന്ന് വിക്കറ്റ് വീതം നേടിയ ജെയിംസ് ആന്‍ഡേഴ്സണും ക്രെയിഗ് ഓവര്‍ട്ടണുമാണ് സന്ദര്‍ശകരെ തകര്‍ത്തത്. സാം കറണും ഒലി റോബിന്‍സണും രണ്ട് വിക്കറ്റ് വീതവും നേടി.
Also Read: സിറാജിന് നേരെ പന്തെറിഞ്ഞ് ഇംഗ്ലീഷ് കാണികൾ