India vs Australia 2nd ODI Score Updates: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഓസ്ട്രേലിയക്ക് അനായസ ജയം. ഇന്ത്യ ഉയര്‍ത്തിയ 118 റണ്‍സ് വിജയലക്ഷ്യം 11 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെയാണ് ഓസീസ് മറികടന്നത്. ഓപ്പണര്‍മാരായ ട്രാവിസ് ഹെഡും (51), മിച്ചല്‍ മാര്‍ഷും അര്‍ധ സെഞ്ചുറി നേടി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 117 റണ്‍സിനാണ് പുറത്തായത്. അഞ്ച് വിക്കറ്റെടുത്ത് മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ബോളിങ് പ്രകടനമാണ് ഇന്ത്യന്‍ ബാറ്റിങ് നിരയെ തകര്‍ത്തത്. 31 റണ്‍സെടുത്ത വിരാട് കോഹ്ലിയാണ് ആതിഥേയരുടെ ടോപ് സ്കോറര്‍.
പവര്‍പ്ലെയില്‍ തന്നെ ശുഭ്മാന്‍ ഗില്‍ (0), രോഹിത് ശര്‍മ (13), സൂര്യകുമാര്‍ യാദവ് (0), കെ എല്‍ രാഹുല്‍ (9), ഹാര്‍ദിക് പാണ്ഡ്യ (1) എന്നിവരെ ഇന്ത്യക്ക് നഷ്ടമായിരുന്നു. പാണ്ഡ്യ ഒഴികെ ബാക്കിയെല്ലാവരും സ്റ്റാര്‍ക്കിന് മുന്നിലാണ് കീഴടങ്ങിയത്. പവര്‍പ്ലെ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യ 51-5 എന്ന നിലയിലായിരുന്നു.
പിന്നീട് വിരാട് കോഹ്ലിയുടെ ചെറുത്ത് നില്‍പ്പ് നാഥാന്‍ എല്ലിസ് തകര്‍ത്തതോടെ ഇന്ത്യന്‍ ബാറ്റിങ് നിരയുടെ പതനം പൂര്‍ത്തിയായി. രവീന്ദ്ര ജഡേജ (16), കുല്‍ദീപ് യാദവ് (4), മുഹമ്മദ് സിറാജ് (0), മുഹമ്മദ് ഷമി (0) എന്നിവര്‍ അതിവേഗം പവലിയനിലെത്തി. 29 റണ്‍സെടുത്ത് പുറത്താകാതെ നിന്ന അക്സര്‍ പട്ടേലാണ് ഇന്ത്യന്‍ സ്കോര്‍ 100 കടത്തിയത്.
രണ്ടാം വിക്കറ്റില്‍ 29 റണ്‍സ് ചേര്‍ത്ത വിരാട്-രോഹിത് സഖ്യത്തിന്റേതാണ് ഇന്നിങ്സിലെ ഉയര്‍ന്ന കൂട്ടുകെട്ട്. അഞ്ച് വിക്കറ്റെടുത്ത സ്റ്റാര്‍ക്കിന് മൂന്ന് വിക്കറ്റുമായി സീന്‍ ആബട്ട് മികച്ച പിന്തുണയാണ് നല്‍കിയത്. നാഥാന്‍ എല്ലിസ് രണ്ട് വിക്കറ്റുമെടുത്തു.
നേരത്തെ ടോസ് നേടിയ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇഷാന്‍ കിഷന്‍, ശാര്‍ദൂല്‍ താക്കൂര്‍ എന്നിവര്‍ക്ക് പകരം രോഹിതും അക്സര്‍ പട്ടേലും ഇന്ത്യന്‍ ടീമിലെത്തി. നാഥാന്‍ എല്ലിസ്, അലക്സ് ക്യാരി എന്നിവരാണ് ഓസീസ് നിരയിലേക്ക് എത്തിയത്.
ടീം
ഇന്ത്യ: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, കെ എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി.
ഓസ്‌ട്രേലിയ: ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ്, സ്റ്റീവ് സ്മിത്ത്, മാർണസ് ലെബുഷെയിന്‍, അലക്‌സ് ക്യാരി, കാമറൂൺ ഗ്രീൻ, മാർക്കസ് സ്റ്റോയിനിസ്, സീൻ ആബട്ട്, നഥാൻ എല്ലിസ്, മിച്ചൽ സ്റ്റാർക്ക്, ആദം സാമ്പ.