scorecardresearch

IND vs AUS 1st ODI: രാഹുലിന്റെ തോളിലേറി ഇന്ത്യ; ഓസ്ട്രേലിയക്കെതിരെ അഞ്ച് വിക്കറ്റ് ജയം

രവീന്ദ്ര ജഡേജയാണ് കളിയിലെ താരം

KL Rahul, IND vs AUS, IE Malayalam

India vs Australia 1st ODI Score Updates: ഓസ്ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം. 189 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 39.5 ഓവറിലാണ് ലക്ഷ്യം കണ്ടത്. മുന്‍നിര തകര്‍ന്ന ഇന്ത്യക്ക് 75 റണ്‍സെടുത്ത് പുറത്താകാതെ നിന്ന കെ എല്‍ രാഹുലാണ് ജയം സമ്മാനിച്ചത്. 45 റണ്‍സുമായി രവീന്ദ്ര ജഡേജ മികച്ച പിന്തുണ നല്‍കി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 35.4 ഓവറിലാണ് 188 റണ്‍സിന് എല്ലാവരും പുറത്തായത്. മൂന്ന് വിക്കറ്റ് വീതമെടുത്ത മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജുമാണ് ഓസീസ് ബാറ്റിങ് നിരയെ തകര്‍ത്തത്. 81 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷാണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറര്‍.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയക്ക് രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ ട്രാവിസ് ഹെഡിനെ (5) നഷ്ടപ്പെട്ടു. മുഹമ്മദ് സിറാജിന്റെ പന്തില്‍ താരം ബൗള്‍ഡാവുകയായിരുന്നു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ മിച്ചല്‍ മാര്‍ഷും നായകന്‍ സ്റ്റീവ് സ്മിത്തും ചേര്‍ന്ന് ഓസീസിനെ അപകടങ്ങളിലേക്ക് വീഴാതെ മുന്നോട്ട് നയിച്ചു. മാര്‍ഷിന്റെ വെടിക്കെട്ടും സ്മിത്തിന്റെ കരുതലോടെയുള്ള ബാറ്റിങ്ങുമാണ് മൈതാനത്ത് കണ്ടത്.

സ്കോര്‍ 77-ല്‍ നില്‍ക്കെ സ്മിത്തിനെ രവീന്ദ്ര ജഡേജയുടെ കൈകളിലെത്തിച്ച് ഹാര്‍ദിക് പാണ്ഡ്യ കൂട്ടുകെട്ട് പൊളിച്ചു. 30 പന്തില്‍ 22 റണ്‍സായിരുന്നു ഓസിസ് നായകന്റെ സമ്പാദ്യം. സ്മിത്ത് മടങ്ങിയെങ്കിലും മാര്‍ണസ് ലെബുഷെയിനെ കൂട്ടുപിടിച്ച് മാര്‍ഷ് സ്കോറിങ്ങിന്റെ വേഗത കൂട്ടി. എന്നാല്‍ ജഡേജയുടെ പന്തില്‍ മാര്‍ഷ് വീണു. 65 പന്തില്‍ 81 റണ്‍സാണ് മാര്‍ഷ് നേടിയത്. 10 ഫോറും അഞ്ച് സിക്സും ഇന്നിങ്സില്‍ ഉള്‍പ്പെട്ടു.

19.3 ഓവറില്‍ 129-2 എന്ന നിലയില്‍ ശക്തമായി മുന്നേറിക്കൊണ്ടിരിക്കെയാണ് സന്ദര്‍ശകര്‍ക്ക് മാര്‍ഷിനെ നഷ്ടപ്പെട്ടത്. പിന്നീട് ചീട്ടുകൊട്ടാരം പോലെ ഓസിസ് ബാറ്റിങ് നിര വീണു. കേവലം 59 റണ്‍സെടുക്കുന്നതിനിടെയാണ് ഏഴ് വിക്കറ്റുകള്‍ നഷ്ടമായത്. അഞ്ച് ബാറ്റര്‍മാര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്.

ലെബുഷെയിന്‍ (15), ജോഷ് ഇംഗ്ലിസ് (26), കാമറൂണ്‍ ഗ്രീന്‍ (12), ഗ്ലെന്‍ മാക്സ്വെല്‍ (8), മാര്‍ക്കസ് സ്റ്റോയിനിസ് (5), സീന്‍ അബോട്ട് (0), ആദം സാമ്പ (0) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. മിച്ചല്‍ സ്റ്റാര്‍ക്ക് നാല് റണ്‍സുമായി പുറത്താകാതെ നിന്നും. ഷമിക്കും സിറാജിനും പുറമെ രവീന്ദ്ര ജഡേജ രണ്ടും കുല്‍ദീപ് യാദവ് ഹാര്‍ദിക്ക് എന്നിവര്‍ ഓരൊ വിക്കറ്റും നേടി.

Stay updated with the latest news headlines and all the latest Cricket news download Indian Express Malayalam App.

Web Title: India vs australia 1st odi score updates