ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റില്‍ ചരിത്രപരമായ തീരുമാനവുമായി ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ (ബിസിസിഐ). പുരുഷ-വനിതാ ക്രിക്കറ്റര്‍മാര്‍ക്ക് തുല്യവേതനം നടപ്പാക്കി. ബിസിസിഐ സെക്രട്ടറി ജയ് ഷാ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
“വിവേചനത്തിനെതിരായ ബിസിസിഐയുടെ ആദ്യ ചുവടുവയ്പ് പ്രഖ്യാപിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. കരാറിലുള്ള വനിതാ താരങ്ങള്‍ക്കും തുല്യവേതനം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നു. ലിംഗസമത്വത്തിന്റെ ഒരു പുതിയ യുഗത്തിലേക്കു നമ്മൾ മാറുമ്പോൾ പുരുഷ-വനിതാ ക്രിക്കറ്റ് താരങ്ങൾക്കുള്ള മാച്ച് ഫീസ് തുല്യമായിരിക്കും,” ജയ് ഷാ ട്വിറ്ററില്‍ കുറിച്ചു.
താരങ്ങള്‍ക്കു ലഭിക്കുന്ന തുകയും ജയ് ഷാ വെളിപ്പെടുത്തി. ടെസ്റ്റ് (15 ലക്ഷം), ഏകദിനം (ആറ് ലക്ഷം), ട്വന്റി 20 (മൂന്ന് ലക്ഷം) എന്നിങ്ങനെയായിരിക്കും തുക.
ബിസിസിഐയുടെ തീരുമാനത്തെ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജ് സ്വാഗതം ചെയ്തു. “ഇന്ത്യയിലെ വനിത ക്രിക്കറ്റിനെ സംബന്ധിച്ച് ഇത് ചരിത്രപരമായ ഒരു തീരുമാനമാണ്. തുല്യവേതനവും അടുത്ത വര്‍ഷം വനിത ഐപിഎല്ലും. വനിത ക്രിക്കറ്റിന്റെ പുതിയ യുഗത്തിലേക്ക് ഇന്ത്യ കടക്കുകയാണ്. ഇത് സാധ്യമാക്കിയതിന് ജയ് ഷായ്ക്കും ബിസിസിഐക്കും നന്ദി,” മിതാലി പ്രതികരിച്ചു.