scorecardresearch
Latest News

ഇന്ത്യയുടെ ഉപനായകനായി സഞ്ജു എത്തുമോ? സിംബാബ്‌വെ പര്യടനത്തിലെ സാധ്യതകള്‍ ഇങ്ങനെ

ഓഗസ്റ്റ് 18, 20, 22 തീയതികളിലാണ് സിംബാബ്‌വെയ്ക്കെതിരായ ഏകദിന മത്സരങ്ങള്‍

Sanju Samson, Cricket
Photo: Facebook/ Sanju Samson

സഞ്ജു സാംസണ്‍, ഇന്ത്യന്‍ ക്രിക്കറ്റില്‍ ഓരോ ദിവസവും ആരാധകര്‍ വര്‍ധിച്ച് വരുന്ന മലയാളി താരം. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഫൈനലില്‍ എത്തിച്ചതിന് ശേഷം സഞ്ജുവിന്റെ റേയ്ഞ്ച് ആകെ മാറിയിരിക്കുകയാണ്.

കേരളത്തില്‍ മാത്രമല്ല ഉത്തരേന്ത്യയിലടക്കം സഞ്ജുവിന് വലിയ ആരാധകക്കൂട്ടമുണ്ട്. കഴിവുണ്ടായിട്ടും ബിസിസിഐ സഞ്ജുവിനെ തഴയുകയാണെന്നാണ് ആരാധകരുടെ അഭിപ്രായം. സഞ്ജു ഇന്ത്യ വിട്ട് വിദേശ രാജ്യങ്ങള്‍ക്ക് വേണ്ടി കളിക്കണമെന്നും ചിലര്‍ നിര്‍ദേശിക്കുന്നു.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയിലേക്ക് സഞ്ജുവിന് അവസരം നല്‍കാതിരുന്നതിനെതിരെയും രോഷം ഉയര്‍ന്നിരുന്നു. ഒടുവില്‍ കെ എല്‍ രാഹുലിന് പരിക്കില്‍ നിന്നും മുക്തനാകാന്‍ സാധിക്കാതെ വന്നതോടെയാണ് സഞ്ജു ടീമിലെത്തിയത്.

എന്നാല്‍ മൂന്നാം സ്ഥാനത്തിറങ്ങിയ തുടര്‍ച്ചയായി ശ്രേയസ് അയ്യര്‍ പരാജയപ്പെട്ടിട്ടും സഞ്ജുവിനെ എന്തുകൊണ്ട് അന്തിമ ഇലവെനില്‍ ഉള്‍പ്പെടുത്തുന്നില്ല എന്നും ആരാധകര്‍ ചോദിക്കുന്നു. ഇന്ന് നടക്കുന്ന നാലാം ട്വന്റി 20 യില്‍ സഞ്ജുവിന് അവസരം ലഭിച്ചേക്കുമെന്നാണ് സൂചന.

പക്ഷെ ഇപ്പോള്‍ സജീവമായി നടക്കുന്ന ചര്‍ച്ചയിതൊന്നുമല്ല, സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിന്റെ ഉപനായകന്‍ സഞ്ജു ആകുമോ എന്നാണ്. ശിഖര്‍ ധവാന്‍ നയിക്കുന്ന 15 അംഗ ടീമിനെ അടുത്തിടെയാണ് പ്രഖ്യാപിച്ചത്. പക്ഷെ ഉപനായകന്‍ ആരെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടില്ല.

ശിഖര്‍ ധവാന്‍ ഒഴികെ ടീമിലുള്ള എല്ലാവരും തന്നെ യുവതാരങ്ങളും പരിചയസമ്പത്ത് കുറഞ്ഞവരുമാണ്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിച്ച സഞ്ജുവിനാണ് ഉപനായക പദവിയിലേക്ക് കൂടുതല്‍ സാധ്യത.

ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവവും സഞ്ജുവിന്റെ സാധ്യതകള്‍ കൂട്ടുകയാണ്. സംഭവിച്ചാല്‍ ഇന്ത്യന്‍ ടീമിന്റെ ഉപനായകനാകുന്ന ആദ്യ മലയാളി താരമെന്ന നേട്ടം സഞ്ജുവിന് സ്വന്തമാക്കാന്‍ കഴിയും. ഓഗസ്റ്റ് 18, 20, 22 തീയതികളിലാണ് ഏകദിന മത്സരങ്ങള്‍.

പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം

ശിഖർ ധവാൻ (ക്യാപ്റ്റൻ), ഋതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്മാൻ ഗിൽ, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), വാഷിങ്ടൻ സുന്ദർ, ശാർദൂൽ ഠാക്കൂർ, കുൽദീപ് യാദവ്, അക്സർ പട്ടേൽ, ആവേശ് ഖാൻ, പ്രസീദ് കൃഷ്ണ, മുഹമ്മദ് സിറാജ്, ദീപക് ചാഹർ.

Stay updated with the latest news headlines and all the latest Cricket news download Indian Express Malayalam App.

Web Title: Ind vs zim sanju samson to be the vice captain here are the chances