ഹരാരെ: എനിക്ക് കേരളത്തില്‍ മാത്രമല്ലടാ, സിംബാബ്വേയിലും അയര്‍ലണ്ടിലുമൊക്കെയുണ്ട് പിടി..! ഇതാണ് മലയാളി താരം സഞ്ജു സാംസണിന്റെ ഇപ്പോഴത്തെ അവസ്ഥ. രണ്ടാം ഏകദിനത്തില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച സഞ്ജുവിന് വേണ്ടി സിംബാബ്വെയിലെ ഗ്യാലറിയില്‍ നിന്നും ഉയര്‍ന്നു ആര്‍പ്പു വിളികള്‍.
ആതിഥേയര്‍ ഉയര്‍ത്തിയ 162 എന്ന ചെറിയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായിരുന്നു. 97-4 എന്ന നിലയിലെത്തിയപ്പോഴായിരുന്നു സഞ്ജു ക്രീസിലെത്തിയത്. 39 പന്തില്‍ മൂന്ന് ഫോറും നാല് സിക്സുമടക്കം 43 റണ്‍സോടെ ഇന്ത്യയെ അനായാസം സഞ്ജു വിജയത്തിലേക്കെത്തിക്കുന്നതാണ് പിന്നീട് കണ്ടത്.
ജയിക്കാന്‍ ഒരു റണ്‍സ് മാത്രം അവശേഷിക്കെ ഗ്യാലറയില്‍ നിന്ന് സഞ്ജു..സഞ്ജു വിളികള്‍ മുഴങ്ങി. ലോങ് ഓണിന് മുകളിലൂടെ സിക്സര്‍ പായിച്ചായിരുന്നു സഞ്ജു വിജയം ഉറപ്പിച്ചത്. ഏകദിന ക്രിക്കറ്റില്‍ താരത്തിന്റെ ശരാശരി 50 കടക്കുകയും ചെയ്തു. 43 റണ്‍സിന് പുറമെ മൂന്ന് ക്യാച്ചുകളും, ഒരു റണ്ണൗട്ടിലും ഭാഗമായ സഞ്ജുവാണ് കളിയിലെ താരമായതും.
“നിങ്ങൾ എത്ര സമയം കളത്തില്‍ ചെലവഴിക്കുന്നുവോ, അത്രയും മികച്ചതായിരിക്കും അനുഭവം. രാജ്യത്തിന് വേണ്ടിയാകുമ്പോള്‍ അതിന് കൂടുതല്‍ പ്രത്യേകതയുണ്ടാകും. ഞാൻ മൂന്ന് ക്യാച്ചുകൾ എടുത്തു, പക്ഷേ എനിക്ക് ഒരു സ്റ്റമ്പിംഗ് നഷ്ടമായി. കീപ്പിങ്ങും ബാറ്റിങ്ങും ശരിക്കും ആസ്വദിക്കുന്നുണ്ട്. ബോളര്‍മാര്‍ നല്ല രീതിയിലാണ് പന്തെറിഞ്ഞത്,” സഞ്ജു മത്സരശേഷം പറഞ്ഞു.
ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ 2-0 ന് ഇന്ത്യ മുന്നിലെത്തി. ശിഖര്‍ ധവാന്‍ (33), ശുഭ്മാന്‍ ഗില്‍ (33), ദീപക് ഹൂഡ (25) എന്നിവര്‍ ബാറ്റുകൊണ്ട് തിളങ്ങി. മൂന്ന് വിക്കറ്റെടുത്ത ശാര്‍ദൂല്‍ താക്കൂറാണ് സിംബാബ്വെ ബാറ്റിങ് നിരയെ തകര്‍ത്തത്. 42 റണ്‍സ് എടുത്ത സീന്‍ വില്യംസാണ് സിംബാബ്വെയുടെ ടോപ് സ്കോറര്‍.