ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മൂന്നാം ട്വന്റി 20 ഇന്ന്. രണ്ടാം മത്സരത്തിലേറ്റ തോല്‍വിയിലൂടെ പരമ്പരയില്‍ ഇന്ത്യയ്ക്ക് ഒപ്പമെത്തിയിരിക്കുകയാണ് വിന്‍ഡീസ്. മൂന്ന് മത്സരം ശേഷിക്കെ ഇന്നത്തെ കളി ഇരുടീമുകള്‍ക്കും നിര്‍ണായകമാണ്.
എന്ത് സംഭവിച്ചാലും ആക്രമണ ശൈലി തുടരുക എന്നതായിരുന്നു രണ്ടാം മത്സരത്തിലെ ഇന്ത്യയുടെ തന്ത്രം. എന്നാല്‍ തുടരെ വിക്കറ്റുകള്‍ വീണത് ടീമിന് തിരിച്ചടിയായി. 138 റണ്‍സിന് എല്ലാവരും പുറത്താവുകയും ചെയ്തു. നാല് പന്തുകള്‍ ബാക്കി നില്‍ക്കെയായിരുന്നു വിന്‍ഡീസിന്റെ വിജയം.
നിര്‍ണായക മത്സരത്തിനിറങ്ങുന്ന ഇന്ത്യന്‍ ടീമില്‍ ചില മാറ്റങ്ങളെങ്കിലും പ്രതീക്ഷിക്കാം. സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍ എന്നിവര്‍ രണ്ട് കളികളിലും പരാജയപ്പെട്ടു. സൂര്യയെ ഓപ്പണിങ്ങിനിറക്കിയുള്ള പരീക്ഷണം പാളുകയായിരുന്നു. രണ്ട് കളികളില്‍ നിന്ന് താരത്തിന്റെ സമ്പാദ്യം 35 റണ്‍സ് മാത്രമാണ്.
മറുവശത്ത് മൂന്നാമനായി ഇറങ്ങിയ ശ്രേയസ് രണ്ട് കളിയില്‍ നിന്ന് നേടിയത് 10 റണ്‍സ്. ആദ്യ മത്സരത്തില്‍ റണ്ണൊന്നുമെടുക്കാതെയായിരുന്നു താരത്തിന്റെ പുറത്താകല്‍. രണ്ട് പേരും കാര്യമായ സംഭാവന നല്കാത്തതിനാല് സഞ്ജു സാംസണ് അവസരം ഒരുങ്ങാനുള്ള സാധ്യതയുണ്ട്.
ബോളിങ്ങ് നിരയില്‍ കാര്യമായ മാറ്റങ്ങളുണ്ടാകാനിടയില്ല. രണ്ടാം മത്സരത്തില്‍ മോശം പ്രകടനം പുറത്തെടുത്ത ആവേശ് ഖാന് അവസരം നിഷേധിച്ച് രവി ബിഷ്ണോയിയെ ടീമിലേക്ക് മടക്കി കൊണ്ടുവന്നേക്കാം.
സാധ്യതാ ടീം
ഇന്ത്യ: രോഹിത് ശർമ്മ (ക്യാപ്റ്റന്‍), ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യർ/ സഞ്ജു സാംസണ്, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ദിനേഷ് കാർത്തിക്, രവീന്ദ്ര ജഡേജ, രവി ബിഷ്ണോയ്, ഭുവനേശ്വര്‍ കുമാർ, രവിചന്ദ്രൻ അശ്വിൻ, അർഷ്ദീപ് സിംഗ്.
വെസ്റ്റ് ഇൻഡീസ്: ഷമർ ബ്രൂക്സ്, ഷിമ്റോൺ ഹെറ്റ്മെയർ, റോവ്മാൻ പവൽ, നിക്കോളാസ് പൂരൻ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), കൈൽ മേയേഴ്സ്, ജേസൺ ഹോൾഡർ, അകാൽ ഹൊസൈൻ, ഒഡിയൻ സ്മിത്ത്, കീമോ പോൾ, അൽസാരി ജോസഫ്, ഒബേദ് മക്കോയ്.