scorecardresearch

IND vs WI: പരമ്പര തൂത്തുവാരാന്‍ ഇന്ത്യ; സഞ്ജു കളിച്ചേക്കും, സാധ്യതാ ടീം ഇങ്ങനെ

പരമ്പര സ്വന്തമാക്കിയതുകൊണ്ട് തന്നെ ടീമില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് മുതിര്‍ന്നേക്കാം

IND vs WI, Sanju Samson, Cricket
Photo: Facebook/ Indian Cricket Team

ട്രിനിഡാഡ്: തുടര്‍ച്ചയായി 12 ഏകദിന പരമ്പരകള്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നേടി ലോക റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് ഇന്ത്യ. ഇതുവരെ മറ്റൊരു ടീമും വിന്‍ഡീസിനെതിരെ ഇത്രയും ആധിപത്യം പുലര്‍ത്തിയിട്ടില്ല. ഇന്നത്തെ മൂന്നാം മത്സരവും വിജയിച്ച് പരമ്പര തൂത്തുവാരുക എന്ന ലക്ഷ്യമായിരിക്കും ശിഖര്‍ ധവാനും കൂട്ടര്‍ക്കുമുള്ളത്.

പരമ്പര സ്വന്തമാക്കിയതുകൊണ്ട് തന്നെ ടീമില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് മുതിര്‍ന്നേക്കാം. രണ്ടാം ഏകദിനത്തില്‍ റണ്‍സ് വിട്ടു നല്‍കുന്നതില്‍ മടികാണിക്കാത്ത ആവേശ് ഖാന് പകരം അര്‍ഷദീപ് സിങ് ടീമിലെത്തിയേക്കും. മികച്ച ഫോമിലുള്ള ശുഭ്മാന്‍ ഗില്ലിനെ മറികടന്ന് റുതുരാജ് ഗെയ്ക്വാദിന് അവസരം നല്‍കുമോ എന്നും സംശയമാണ്.

ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ എന്നിവര്‍ക്ക് ടീമിലെ സ്ഥാനം നിലനിര്‍ത്തണമെങ്കില്‍ ഇന്നത്തെ മത്സരത്തില്‍ തിളങ്ങേണ്ടതായുണ്ട്. രണ്ടാം ഏകദിനത്തില്‍ നിര്‍ണായക അര്‍ധ സെഞ്ചുറി നേടിയ സഞ്ജു സാംസണെ ടീമില്‍ നിലനിര്‍ത്തിയേക്കും. വിന്‍ഡീസ് നിരയില്‍ കാര്യമായ മാറ്റങ്ങളുണ്ടായേക്കില്ല.

പോര്‍ട്ട് ഓഫ് സ്പെയിനിലെ ക്യൂന്‍സ് പാര്‍ക്ക് ഓവലിലാണ് മൂന്നാം ഏകദിനം. രണ്ടാം ഏകദിനത്തിനും ക്യൂന്‍സ് പാര്‍ക്കായിരുന്നു ആതിഥേയത്വം വഹിച്ചത്. ബാറ്റിങ്ങിന് അനുകൂലമായ പിച്ചായിരിക്കും ക്യൂന്‍സ് പാര്‍ക്കിലേത്.

സാധ്യതാ ടീം

വെസ്റ്റ് ഇൻഡീസ്: ഷായ് ഹോപ്പ് (വിക്കറ്റ് കീപ്പര്‍), കൈൽ മേയേഴ്‌സ്, ഷമർ ബ്രൂക്‌സ്, ബ്രാൻഡൻ കിംഗ്, നിക്കോളാസ് പൂരൻ (ക്യാപ്റ്റന്‍), റോവ്‌മാൻ പവൽ, അകാൽ ഹൊസൈൻ, റൊമാരിയോ ഷെപ്പേർഡ്, അൽസാരി ജോസഫ്, ജെയ്‌ഡൻ സീൽസ്, ഹെയ്‌ഡൻ വാൽഷ്.

ഇന്ത്യ: ശിഖർ ധവാൻ (ക്യാപ്റ്റന്‍), ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, അക്സർ പട്ടേൽ, ഷാർദുൽ താക്കൂർ, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചാഹൽ, അവേഷ് ഖാൻ/അർഷ്ദീപ് സിങ്.

Stay updated with the latest news headlines and all the latest Cricket news download Indian Express Malayalam App.

Web Title: Ind vs wi 3rd odi predicted playing xi sanju might play

Best of Express