വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇന്ത്യ ഇന്ന് ഇറങ്ങും. ആദ്യം മത്സരത്തില്‍ നേടിയ ഉജ്വല വിജയത്തിന്റെ ആത്മവിശ്വാസത്തിലായിരിക്കും രോഹിത് ശര്‍മയും കൂട്ടരും കളത്തിലെത്തുക. ഇന്ന് വിജയം നേടാനായാല്‍ പരമ്പര നേട്ടത്തിലേക്ക് ഒരു പടി കൂടി അടുക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കും.
ആദ്യ മത്സരത്തില്‍ ബോളിങ്ങിലും ബാറ്റിങ്ങിലും ഒരു പോലെ തിളങ്ങാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. ഏറെക്കാലത്തിന് ശേഷം നായകന്‍ രോഹിത് തനതു ശൈലിയില്‍ ബാറ്റ് വീശി. മധ്യനിര പരാജയപ്പെട്ടെങ്കിലും ദിനേഷ് കാര്‍ത്തിക്കിന്റെ വെടിക്കെട്ട് ബാറ്റിങ്ങ് ഇന്ത്യക്ക് മികച്ച ടോട്ടല്‍ സമ്മാനിക്കുകയായിരുന്നു.
വിന്‍ഡീസിലെ പിച്ചില്‍ സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, രവി ബിഷ്ണോയി എന്നിവരെ നന്നായി ഉപയോഗിക്കാന്‍ രോഹിതിന് സാധിച്ചിരുന്നു. സ്പിന്‍ ത്രയം മികച്ച എക്കണോമിയില്‍ അഞ്ച് വിക്കറ്റാണ് നേടിയത്. പേസ് ബോളര്‍മായ ഭുവനേശ്വര്‍ കുമാറും, അര്‍ഷദീപ് സിങ്ങും തങ്ങളുടെ ജോലിയും ഭംഗിയായി ചെയ്തു.
ടീമിന്റെ ആകെ മൊത്തം പ്രകടനം തൃപ്തി നല്‍കുന്നതിനാല്‍ കാര്യമായ മാറ്റം വരുത്താനുള്ള സാധ്യത കുറവാണ്. ഓപ്പണിങ്ങില്‍ രണ്ടാം ട്വന്റി 20 യില്‍ സൂര്യകുമാര്‍ യാദവിന് പകരം റിഷഭ് പന്തിനെ പരീക്ഷിക്കാന്‍ സാധ്യതയുണ്ട്. പരമ്പരയില്‍ ഇനിയും മത്സരം ബാക്കിയുള്ളതിനാല്‍ സഞ്ജുവിന് അവസരം ഒരുങ്ങിയേക്കില്ല.
സാധ്യതാ ടീം
ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റന്‍), ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ദിനേഷ് കാർത്തിക്, രവീന്ദ്ര ജഡേജ, ഹർഷൽ പട്ടേൽ, ഭുവനേശ്വര്‍ കുമാർ, രവി ബിഷ്‌ണോയ്, അർഷ്ദീപ് സിംഗ്.
വെസ്റ്റ് ഇൻഡീസ്: കൈൽ മേയേഴ്‌സ്, ബ്രാൻഡൻ കിംഗ്, നിക്കോളാസ് പൂരൻ (ക്യാപ്റ്റൻ & വിക്കറ്റ് കീപ്പര്‍), ഷിമ്‌റോൺ ഹെറ്റ്‌മെയർ, റോവ്‌മാൻ പവൽ, ജേസൺ ഹോൾഡർ, ഒഡിയൻ സ്മിത്ത്, അൽസാരി ജോസഫ്, അകേൽ ഹൊസൈൻ, ഒബെദ് മക്കോയ്, ഹെയ്‌ഡൻ വാൽഷ് ജൂനിയർ.