മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ഒരു അന്താരാഷ്ട്ര മത്സരത്തിന് വേദിയായി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയുടെ വിശാദംശങ്ങള്‍ പുറത്ത് വന്നപ്പോള്‍ മുതല്‍ കേരളത്തിലെ ക്രിക്കറ്റ് പ്രേമികള്‍ ആവേശത്തിലുമായി. ട്വന്റി 20 ആയതുകൊണ്ട് തന്നെ റണ്ണൊഴുകുന്ന വിക്കറ്റാണ് തയാറാക്കിയിരിക്കുന്നതെന്നായിരുന്നു ഔദ്യോഗിക വൃത്തങ്ങളില്‍ നിന്ന് ലഭിച്ച വിവരം. എന്നാല്‍ കളത്തില്‍ നേര്‍ വിപരീതമായിരുന്നു കാര്യങ്ങള്‍.
ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ സംശയം ലവലേശമില്ലാതെ ബോളിങ് തിരഞ്ഞെടുത്തു. ദക്ഷിണാഫ്രിക്കയെ മാത്രമല്ല ഇന്ത്യയ്ക്കും അമ്പരപ്പ് നല്‍കുന്ന തുടക്കമായിരുന്നു മത്സരത്തിനുണ്ടായത്. ആദ്യ പതിനഞ്ച് പന്തുകള്‍ക്കുള്ളില്‍ തന്നെ സന്ദര്‍ശകരുടെ അഞ്ച് മുന്‍നിര ബാറ്റര്‍മാര്‍ പവലിയനിലേക്ക് മടങ്ങി. ഇന്‍സ്വിങ്ങിലൂടെ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെമ്പ ബാവുമയുടെ വിക്കറ്റെടുത്തുകൊണ്ട് ദീപക് ചഹറാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്.
രണ്ടാം ഓവര്‍ എറിയാനെത്തിയ അര്‍ഷദീപ് ഓട്ട്സ്വിങ്ങറിലൂടെ ക്വിന്റന്‍ ഡി കോക്കിന്റെ കുറ്റി തെറിപ്പിച്ചു. റൂസോയെ റിഷഭ് പന്തിന്റെ കൈകളിലെത്തിച്ച് ഓവറിലെ രണ്ടാം വിക്കറ്റ് ഇടം കയ്യന്‍ പേസര്‍ നേടി. അഞ്ചാമനായി എത്തിയ ഡേവിഡ് മില്ലറിനെ അര്‍ഷദീപ് വീഴ്ത്തിയത് ഇന്‍സ്വിങ്ങറിലാണ്. മില്ലറിന് പ്രതിരോധത്തിന് ശ്രമിച്ചെങ്കിലും പാളി. ട്വന്റി 20 കരിയറില്‍ മില്ലര്‍ ആദ്യമായി റണ്ണൊന്നുമെടുക്കാതെ പുറത്താവുകയും ചെയ്തു.
അങ്ങനെ ഓരോരുത്തരായി മടങ്ങി. മാര്‍ക്രം (25), പാര്‍നല്‍ (24), മഹരാജ് (41) എന്നിവരുടെ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയുടെ സ്കോര്‍ നൂറ് കടത്തി. ആദ്യ അഞ്ച് വിക്കറ്റ് പവര്‍പ്ലെയില്‍ തന്നെ വീഴ്ത്തിയ ഇന്ത്യയ്ക്ക് പിന്നീട് അത് ആവര്‍ത്തിക്കാനാവാതെ പോയി. ടെയില്‍ എന്‍ഡര്‍ ബാറ്റര്‍മാരുടെ വിക്കറ്റുകള്‍ എടുക്കാന്‍ ബുദ്ധിമുട്ടുന്ന ബോളര്‍മാരെ ഒരിക്കല്‍കൂടി മൈതാനത്ത് കാണേണ്ടി വന്നു. എങ്കിലും നായകന്‍ രോഹിതിന് തൃപ്തി നല്‍കുന്ന പ്രകടനമായിരുന്നു ഇന്ത്യന്‍ ബോളര്‍മാരുടേത്.
ഉദാഹരണം സൂര്യകുമാര്‍
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കും തുടക്കം തിരിച്ചടിയുടേതായിരുന്നു. രോഹിതിനേയും വിരാട് കോഹ്ലിയേയും അതിവേഗം നഷ്ടമായി. മറുവശത്ത് സ്കോറിങ്ങിന് വേഗം കൂട്ടാന്‍ കഴിയാതെ കെ എല്‍ രാഹുല്‍ സമ്മര്‍ദത്തിലുമായി. നാലാമനായി എത്തിയ സൂര്യകുമാര്‍ യാദവ് നേരിട്ട രണ്ടാം പന്തില്‍ തന്നെ തന്റെ പദ്ധതികള്‍ വ്യക്തമാക്കി.
ആന്‍റിച്ച് നോര്‍കെയെറിഞ്ഞ പന്ത് സ്ക്വയര്‍ ലെഗിന് മുകളിലൂടെ പായിച്ച് സിക്സ്. അടുത്ത പന്ത് ബാക്ക്വേര്‍ഡ് സ്ക്വയര്‍ ലെഗിലേക്ക് പറത്തി സൂര്യകുമാര്‍ ഇന്ത്യയെ സമ്മര്‍ദത്തില്‍ നിന്ന് കരകയറ്റുകയായിരുന്നു. പത്താം ഓവര്‍ പിന്നീട് ആക്രമണ ഷോട്ടുകള്‍ക്ക് സൂര്യകുമാര്‍ മുതിര്‍ന്നില്ല. സിംഗിളുകളും ഡബിളുമായി ഇന്ത്യയുടെ റണ്‍ ചെയ്സ് കൈവിട്ട് പോകാതെ രാഹുല്‍-സൂര്യ സംഖ്യം മുന്നോട്ട് നയിച്ചു.
പാതിവഴിയില്‍ എത്തുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 47-2. പത്താം ഓവറിന് ശേഷം സൂര്യ കളം പിടിച്ചു. രാഹുലിനെ കാഴ്ചക്കാരനാക്കി അനായാസം ബൗണ്ടറികള്‍ കണ്ടെത്താന്‍ ആരംഭിച്ചു. സ്പിന്നര്‍മാരെ ഉപയോഗിച്ച് സൂര്യകുമാറിനെ പരീക്ഷിക്കാമെന്നും ബാവുമയുടെ തന്ത്രം അപ്പാടെ പാളുകയായിരുന്നു. മഹരാജും ഷംസിയും സൂര്യകുമാറിന്റെ ബാറ്റിന്റെ ചൂടറിഞ്ഞെന്ന് തന്നെ പറയാം.
ഒരു ഓവറില്‍ കുറഞ്ഞത് ഒരു ബൗണ്ടറി എന്ന നിലയിലായിരുന്നു താരത്തിന്റെ ബാറ്റിങ്. മത്സരത്തിന്റെ നിര്‍ണായക ഓവറുകളില്‍ സ്കോറിങ്ങിന് വേഗം കുറയ്ക്കാന്‍ പേസര്‍മാരെത്തിയെങ്കിലും സൂര്യയുടെ ബാറ്റിങ്ങിന്റെ ഒഴുക്കിനെ തടയാന്‍ കഴിഞ്ഞില്ല. നോര്‍കെയുടെ സ്ലൊ യോര്‍ക്കറുകള്‍ പോലും ബാക്ക്വേഡ് പോയിന്റിലൂടെ ബൗണ്ടറി കടത്തി.
നോര്‍കെയുടെ പിന്നാലെ എത്തിയത് റബാഡയായിരുന്നു. സ്ലൊ ഫുള്‍ ടോസ് റബാഡയുടെ തലയ്ക്ക് മുകളിലൂടെ ബൗണ്ടറിയിലേക്ക്. അടുത്ത പന്ത് യോര്‍ക്കറിന് ശ്രമിച്ച റബാഡയുടെ തന്ത്രത്തെ സൂര്യയുടെ ടൈമിങ് അനായാസം കീഴ്പ്പെടുത്തി. ഡീപ് കവറിലേക്ക് മറ്റൊരു ബൗണ്ടറി കൂടി.
രോഹിതും കോഹ്ലിയും പരാജയപ്പെടുകയും രാഹുലിന് സ്കോറിങ്ങിന് വേഗം കൂട്ടാനും സാധിക്കാത്ത പിച്ചില്‍ സൂര്യകുമാര്‍ തനത് ശൈലിയില്‍ തന്നെ ബാറ്റ് വീശി. ക്രീസിലെത്തിയ ബാറ്റര്‍മാരില്‍ ഭൂരിഭാഗം പേരുടേയും പ്രഹരശേഷി നൂറിന് താഴെയായിരുന്നു. എന്നാല്‍ സൂര്യകുമാറിന്റെ പ്രഹരശേഷി 150-ന് മുകളിലും.
33 പന്തില്‍ നിന്നായിരുന്നു സൂര്യകുമാര്‍ തന്റെ അര്‍ധ സെഞ്ചുറി നേടിയത്. അഞ്ച് ഫോറും മൂന്ന് സിക്സും താരത്തിന്റെ ഇന്നിങ്സില്‍ ഉള്‍പ്പെട്ടു. സൂര്യയുടെ ചിറകിലേറി ഒരിക്കല്‍കൂടി ഇന്ത്യ വിജയിച്ചു. എതിരാളിയേയും മൈതാനത്തേയും മത്സരത്തിന്റെ സാഹചര്യത്തേയും വകവയ്ക്കാതെ എത്ര അനായാസമായാണ് സൂര്യ ബാറ്റ് വീശുന്നത്.