scorecardresearch

IND vs SA T20I: കാര്യവട്ടത്ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; കളി കാണാന്‍ ദാദയുമെത്തും

ഇന്ന് വൈകുന്നേരം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ മാധ്യമങ്ങളെ കാണും

IND vs SA T20I: കാര്യവട്ടത്ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; കളി കാണാന്‍ ദാദയുമെത്തും
Photo: KCA

തിരുവനന്തപുരം: ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി 20 പരമ്പരയിലെ ആദ്യം മത്സരം നാളെ. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം. കളി കാണാന്‍ ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയുമെത്തും.

ദക്ഷിണാഫ്രിക്കന്‍ സംഘം 25-ാം തീയതി തിരുവനന്തപുരത്തെത്തിയിരുന്നു. ഓസ്ട്രേലയയ്ക്കെതിരായ പരമ്പരയ്ക്ക് ശേഷം ഇന്നലെയാണ് ഇന്ത്യന്‍ ടീം എത്തിയത്.

ഇന്ന് വൈകുന്നേരം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ മാധ്യമങ്ങളെ കാണും. വൈകിട്ട് അഞ്ച് മുതല്‍ എട്ട് വരെയാണ് ഇന്ത്യന്‍ ടീമിന്റെ പരിശീലനം. ഇന്നലെ വൈകുന്നേരം തന്നെ ദക്ഷിണാഫ്രിക്കന്‍ ടീം പരിശീലനം ആരംഭിച്ചിരുന്നു. മത്സരത്തിന്റെ 80 ശതമാനത്തിലധികം ടിക്കറ്റുകളും ഇതിനോടകം തന്നെ വിറ്റുതീര്‍ന്നു.

മത്സരത്തിനായുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. പരിശീലനത്തിനായി ആറ് പിച്ചുകളാണ് ഗ്രീന്‍ഫീല്‍ഡില്‍ ഒരുക്കിയിരിക്കുന്നത്. മത്സരത്തിനായി മൂന്ന് പ്രധാന പിച്ചുകളുമുണ്ട്. ബാറ്റര്‍മാര്‍ക്ക് മുന്‍തൂക്കം ലഭിക്കുന്ന പിച്ചാണ് തയാറാക്കിയിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. നാലു ടവറുകളിലായി എട്ട് ഫ്‌ളഡ് ലൈറ്റുകളാണ് സ്റ്റേഡിയത്തിലുള്ളത്.

നാലാമത്തെ അന്താരാഷ്ട്ര മത്സരത്തിനാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം സാക്ഷിയാകുന്നത്. നേരത്തെ നടന്ന മൂന്ന് മത്സരങ്ങളില്‍ രണ്ടെണ്ണത്തിലും ഇന്ത്യ വിജയിച്ചു. ആദ്യ മത്സരം ന്യൂസിലന്‍ഡിനെതിരെയായിരുന്നു. മഴമൂലം ഓവര്‍ വെട്ടിച്ചുരുക്കിയ മത്സരത്തില്‍ ആറ് റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം.

രണ്ടാം മത്സരം വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിനമായിരുന്നു. ബോളിങ് മികവില്‍ വിന്‍ഡീസിനെ 104 റണ്‍സിലൊതുക്കാന്‍ ഇന്ത്യക്കായി. അനായാസമായിരുന്നു ഇന്ത്യന്‍‍ ജയം. എന്നാല്‍ 2019-ല്‍ വിന്‍ഡീസിനെതിരായ ട്വന്റി 20 യില്‍ ഇന്ത്യ പരാജയപ്പെടുകയും ചെയ്തു.

ഓസ്ട്രേലിയയ്ക്കെതിരായ പരമ്പര സ്വന്തമാക്കിയതിന്റെ ആവേശത്തിലായിരിക്കും ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇറങ്ങുന്നത്. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ 2-1-നായിരുന്നു ഇന്ത്യയുടെ ജയം. ട്വന്റി 20 ലോകകപ്പ് വരാനിരിക്കെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര ഇന്ത്യയ്ക്ക് നിര്‍ണായകമാണ്.

Stay updated with the latest news headlines and all the latest Cricket news download Indian Express Malayalam App.

Web Title: Ind vs sa t20i karyavattom ready for india south africa clash