ക്രിക്കറ്റിന്റെ ഏത് ഫോര്‍മാറ്റിലാണെങ്കിലും കോഹ്ലിയും അഗ്രെഷന്‍ കുറവൊന്നുമുണ്ടാകാറില്ല. കൊഹ്ലിയുടെ മനോഭാവം കൊണ്ട് പല മത്സരങ്ങളിലും ഇന്ത്യ പിന്നില്‍ നിന്നും മുന്നിലെത്തി വിജയം കൈവരിച്ചിട്ടുണ്ട്. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ കോഹ്ലിയുടെ തന്ത്രം പാളിയെന്നു മാത്രമല്ല തിരിച്ചടിയുമായി.
97-5 എന്ന നിലയില്‍ ഇംഗ്ലണ്ട് പരുങ്ങലിലായപ്പോഴായിരുന്നു കോഹ്ലിയും ജോണി ബെയര്സ്റ്റൊയും തമ്മില്‍ ഉരസിയത്. കോഹ്ലി തുടങ്ങി വച്ച വാക്കേറ്റം ഒരു മിനിറ്റോളം നീണ്ടു നിന്നു. ഒടുവില്‍ അമ്പയര്‍മാര്‍ ഇടപെട്ടാണ് സാഹചര്യം അവസാനിപ്പിച്ചത്. മറുവശത്തുണ്ടായിരുന്നു ഇംഗ്ലണ്ട് നായകന് ബെന്‍ സ്റ്റോക്സാവട്ടെ ചെറു പുഞ്ചിരിയാണ് കോഹ്ലിക്ക് നല്‍കിയത്.
എന്നാല്‍ കോഹ്ലിയുടെ വാക്കുകള്‍ തളര്‍ന്നു കിടന്ന ഇംഗ്ലണ്ടിന് ഊര്‍ജമാകുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. അതുവരെ 61 പന്തില്‍ നിന്ന് 13 റണ്‍സ് മാത്രമായിരുന്നു ബെയര്‍സ്റ്റോയുടെ സമ്പാദ്യം. പിന്നീട് താരം തന്റെ ശൈലിയിലേക്ക് കളം മാറ്റി. ഇന്ത്യന്‍ ബൗളര്‍മാരെല്ലാം താരത്തിന്റെ ബാറ്റിന്റെ ചൂടറിയുന്നതായിരുന്നു പിന്നീട് കണ്ടത്.
പിന്നീട് നേരിട്ട 52 പന്തുകളില്‍ നിന്ന് ബെയര്‍സ്റ്റൊ അടിച്ചു കൂട്ടിയത് 78 റണ്‍സാണ്. താരത്തിന്റെ ബാറ്റില്‍ നിന്നുള്ള റണ്ണൊഴുക്ക് തടയാന്‍ സാക്ഷാല്‍ ജസ്പ്രിത് ബുംറയ്ക്ക് പോലുമായില്ല. 12 ഫോറും രണ്ട് സിക്സുമാണ് ഇതുവരെ ബെയര്‍സ്റ്റൊ നേടിയത്. പ്രതിരോധത്തിനുള്ള മികച്ച ആയുധം ആക്രമണമാണെന്ന വലം കയ്യന്‍ ബാറ്റര്‍ തെളിയിക്കുകയായിരുന്നു.
അതേസമയം, മൂന്നാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഇംഗ്ലണ്ട് ആറ് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുത്തിട്ടുണ്ട്. 91 റണ്‍സുമായി ബെയര്സ്റ്റൊയും ഏഴ് റണ്‍സുമായി സാം ബില്ലിങ്സുമാണ് ക്രീസില്‍. 25 റണ്‍സെടുത്ത സ്റ്റോക്സിന്റെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ആദ്യ ഇന്നിങ്സില്‍ റിഷഭ് പന്തിന്റേയും രവീന്ദ്ര ജഡേജയുടെയും മികവില്‍ ഇന്ത്യ 416 റണ്‍സ് നേടിയിരുന്നു.
Also Read: ‘അമ്പമ്പോ ഇത് കപിലോ’; നടരാജ ഷോട്ട് ഓർമിപ്പിച്ച് ബുംറയുടെ പുൾ