മോശം ഫോമില്‍ തുടരുന്ന ഇന്ത്യന്‍ ഓപ്പണര്‍ കെ എല്‍ രാഹുല്‍ ബോര്‍ഡര്‍ – ഗവാസ്കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റില്‍ ടീമിന്റെ ഭാഗമാകുമോ എന്ന സംശയങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് നായകന്‍ രോഹിത് ശര്‍മ.
“ടീമിലുള്‍പ്പെട്ട 17 താരങ്ങള്‍ക്കും അന്തിമ ഇലവനിലെത്താനുള്ള സാധ്യതയുണ്ട്. കഴിവുള്ള താരങ്ങളെ പിന്തുണയക്കും. ഉപനായക സ്ഥാനത്ത് നിന്നും രാഹുലിനെ മാറ്റിയത് ഒന്നും അര്‍ത്ഥമാക്കുന്നില്ല. രാഹുലിനെ ഉപനായകനാക്കിയത് അന്ന് പരിചയസമ്പത്തുള്ള താരങ്ങളുടെ അഭാവം കൊണ്ടാകാം. അത് വലിയ കാര്യമല്ല,” രോഹിത് വ്യക്തമാക്കി.
നാല് മത്സരങ്ങളുള്ള പരമ്പരയില്‍ 2-0 ന് ഇന്ത്യ ഇതിനോടകം തന്നെ മുന്നിലെത്തിയിട്ടുണ്ട്. ബോര്‍ഡര്‍ – ഗവാസ്കര്‍ ട്രോഫി നിലനിര്‍ത്താനും ടീമിനായി. ഇന്ത്യയില്‍ തുടര്‍ച്ചയായ 16 പരമ്പര വിജയങ്ങള്‍ എന്ന ലക്ഷ്യം തേടിയായിരിക്കും മൂന്നാം ടെസ്റ്റില്‍ ആതിഥേയര്‍ ഇറങ്ങുക. ഒപ്പം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പ്രവേശനം ഉറപ്പിക്കാനും.
ആദ്യ രണ്ട് ടെസ്റ്റുകളിലും രാഹുലിന് റണ്‍സ് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. രാഹുലിന് പകരം ഫോമിലുള്ള ശുഭ്മാന്‍ ഗില്ലിനെ പരിഗണിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. ഉപനായകസ്ഥാനത്ത് നിന്ന് മാറ്റിയെങ്കിലും രാഹുലില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ടീം മുന്നോട്ട് പോകുന്നത്. ഒരു അവസരം കൂടി താരത്തിന് ഒരുങ്ങാനും സാധ്യതയുണ്ട്.