ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ ടീമിലുണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച ഡല്‍ഹിയിലാണ് മത്സരം ആരംഭിക്കുന്നത്.
ഗ്രീന്‍ ശാരീരിക ക്ഷമത പ്രതീക്ഷിക്കുന്ന പോലെ തന്നെ വീണ്ടെടുക്കുന്നുണ്ട്. എന്നാല്‍ പൂര്‍ണതയില്‍ എത്തുമൊ എന്ന കാര്യത്തില്‍ വ്യക്തതയില്ല, ന്യൂസ് കോര്‍പ് റിപ്പോര്‍ട്ട് ചെയ്തു.
ആദ്യ ടെസ്റ്റില്‍ 132 റണ്‍സിന്റെ തോല്‍വി വഴങ്ങിയതോടെ ഗ്രീനിന്റെ തിരിച്ചു വരവ് ഓസ്ട്രേലിയക്ക് നിര്‍ണായകമാണ്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ബോക്സിങ് ഡെ ടെസ്റ്റിനിടെ കൈ വിരലിന് പരുക്കേറ്റതിന് ശേഷം ഗ്രീന്‍ കളത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്.
ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിക്കായുള്ള പരിശീലനത്തിനിടെ വീണ്ടും ഗ്രീനിന്റെ വിരലിന് പരുക്കേറ്റതാണ് തിരിച്ചടിയായത്.
അതേസമയം, മിച്ചല്‍ സ്റ്റാര്‍ക്ക് ശാരീരിക ക്ഷമത വീണ്ടെടുത്തതയാണ് വിവരം. താരം രണ്ടാം ടെസ്റ്റില്‍ എത്തിയേക്കും. സ്റ്റാര്‍ക്ക് വന്നാല്‍ സ്കോട്ട് ബോളണ്ട് മാറി നില്‍ക്കേണ്ടി വന്നേക്കാം.
എന്നാല്‍ ആദ്യ ടെസ്റ്റില്‍ ബോളണ്ട് നല്ല രീതിയില്‍ പന്തെറിഞ്ഞിരുന്നു.
“ആദ്യ മത്സരത്തില്‍ നന്നായി പന്തെറിഞ്ഞതായാണ് എനിക്ക് തോന്നിയത്. പക്ഷെ സ്റ്റാര്‍ക്കിനെ പോലൊരു താരം വരുമ്പോള്‍, പ്രത്യേകിച്ചും ഈ സാഹചര്യങ്ങളില്‍ മികവ് പുലര്‍ത്താന്‍ കഴിയുന്ന ഒരു വ്യക്തിയാണ് അദ്ദേഹം. എന്നാല്‍ സെലക്ടര്‍മാരുടെ ജോലി അല്‍പ്പം ബുദ്ധിമുട്ടാക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ടെന്നാണ് പ്രതീക്ഷിക്കുന്നത്,” ബോളണ്ട് വ്യക്തമാക്കി.
“തീര്‍ച്ചയായും എനിക്ക് കളിക്കണമെന്നുണ്ട്. വ്യത്യസ്തമായ പിച്ചില്‍ പന്തെറിയുക എന്ന വെല്ലുവിളി ഞാന്‍ ആസ്വദിച്ചിട്ടുണ്ട്. മൂന്ന് പേസ് ബോളര്‍മാരുമായി ഞങ്ങള്‍ ഇറങ്ങുമെന്ന് ഞാന്‍ കരുതുന്നില്ല,” ബോളണ്ട് കൂട്ടിച്ചേര്‍ത്തു.