IND vs AUS 4th Test Day 4 Score Updates: ബോര്‍ഡര്‍ – ഗവാസ്കര്‍ ട്രോഫിയില്‍ ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യക്ക് 91 റണ്‍സിന്റെ ലീഡ്. വിരാട് കോഹ്ലിയുടെയും ശുഭ്മാന്‍ ഗില്ലിന്റെയും മികച്ച ഇന്നിങ്‌സുകളുടെ പിന്‍ബലത്തില്‍ ഇന്ത്യ ആദ്യ ഇന്നിങ്സില്‍ 571 റണ്‍സ് സ്‌കോര്‍ ചെയ്തു. ഇന്ന് മത്സരമവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ ഓസീസ് വിക്കറ്റ് നഷ്ടമില്ലാതെ മൂന്ന് റണ്‍സെടുത്തിട്ടുണ്ട്.
സെഞ്ചുറി നേടിയ വിരാട് കോഹ്ലിയാണ് നാലാം ദിനം ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നെടുംതൂണായത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ടെസ്റ്റ് ക്രിക്കറ്റില്‍ കോഹ്ലി മൂന്നക്കം കടക്കുന്നത്. ടെസ്റ്റ് കരിയറിലെ 28-ാം സെഞ്ചുറിയാണിത്. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കോഹ്ലിയുടെ സെഞ്ചുറി നേട്ടം 75 ആയി.
ഇന്നത്തെ മൂന്നാം സെഷന്‍ ഇന്ത്യക്ക് നിര്‍ണായകമാണ്. പ്രതിരോധത്തില്‍ നിന്ന് ആക്രമണ ബാറ്റിങ് ശൈലി സ്വീകരിക്കാന്‍ ഇന്ത്യ തയാറായേക്കും. ഇന്ന് നേടാന്‍ സാധിക്കുന്നത്ര ലീഡിലേക്ക് എത്തുക എന്നതായിരിക്കും ലക്ഷ്യം. വിരാട് കോഹ്ലിക്കൊപ്പം (135) അക്സര്‍ പട്ടേലാണ് (38) ക്രീസിലുള്ളത്.
ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ രണ്ടാം ടെസ്റ്റ് സെഞ്ചുറിയാണ് ഇന്ത്യക്ക് മൂന്നാം ദിനം ആധിപത്യം നേടിക്കൊടുത്തത്. 235 പന്തില്‍ 12 ഫോറും ഒരു സിക്സും ഉള്‍പ്പടെ 128 റണ്‍സാണ് താരം നേടിയത്. ഗില്ലിന് പുറമെ രോഹിത് ശര്‍മ (35), ചേതേശ്വര്‍ പൂജാര (42), രവീന്ദ്ര ജഡേജ (28), ശ്രീകര്‍ ഭരത് (44) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.
നെരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ 480 റണ്‍സാണ് ഒന്നാം ഇന്നിങ്സില്‍ നേടിയത്. ഉസ്മാന്‍ ഖവാജ (180), കാമറൂണ്‍ ഗ്രീന്‍ (114) എന്നിവരുടെ സെഞ്ചുറിയാണ് സന്ദര്‍ശകര്‍ക്ക് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്. ഇന്ത്യക്കായി രവിചന്ദ്ര അശ്വിന്‍ ആറ് വിക്കറ്റുകള്‍ നേടി. മുഹമ്മദ് ഷമി രണ്ടും ജഡേജയും അക്സര്‍ പട്ടേലും ഓരൊ വിക്കറ്റുകളും സ്വന്തമാക്കി.