IND vs AUS 4th Test Day 3 Score Updates: ബോര്‍ഡര്‍ – ഗവാസ്കര്‍ ട്രോഫിയിലെ നാലാം ടെസ്റ്റില്‍ ശക്തമായ തിരിച്ചു വരവുമായി ഇന്ത്യ. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 480 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ മൂന്നാം ദിനം കളിയവസാനിക്കുമ്പോള്‍ 289-3 എന്ന നിലയിലാണ്. സെഞ്ചുറി നേടിയ (128) ശുഭ്മാന്‍ ഗില്ലാണ് ആതിഥേയരുടെ ഇന്നിങ്സിന് അടിത്തറ പാകിയത്.
36 റണ്‍സില്‍ മൂന്നാം ദിനം ആരംഭിച്ച ഇന്ത്യക്ക് മികച്ച തുടക്കമാണ് രോഹിത് ശര്‍മയും ഗില്ലും നല്‍കിയത്. ഓസ്ട്രേലിയന്‍ ബോളര്‍മാരെ ആക്രമിച്ച് ഇരുവരും സ്കോറിങ്ങിന് വേഗം കൂട്ടി. എന്നാല്‍ 35 റണ്‍സെടുത്ത രോഹിതിനെ മടക്കി മാത്യു കുഹ്നെമാന്‍ ഓസ്ട്രേലിയക്ക് ആദ്യ വിക്കറ്റ് നേടിക്കൊടുത്തു. സ്കോര്‍ 74-ല്‍ നില്‍ക്കെയാണ് രോഹിത് മടങ്ങിയത്.
മൂന്നാമനായി ചേതേശ്വര്‍ പൂജാര എത്തിയതോടെ ഇന്ത്യയുടെ ആക്രമണശൈലി മാറി പ്രതിരോധത്തിലേക്കെത്തി. ഗില്‍-പൂജാര സംഖ്യം 41 ഓവറുകളാണ് ക്രീസില്‍ തുടര്‍ന്നത്. 113 റണ്‍സും ഇരുവരും ചേര്‍ത്തു. ടോഡ് മര്‍ഫിയുടെ പന്തില്‍ പൂജാര വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. 42 റണ്‍സാണ് താരം നേടിയത്.
പിന്നീട് കോഹ്ലിയുമൊത്തായിരുന്നു ഗില്ലിന്റെ സ്കോറിങ്ങ്. പൂജാര മടങ്ങും മുന്‍പ് മൂന്നക്കം കടന്ന ഗില്‍ സ്കോറിങ്ങിന് വേഗം കൂട്ടാന്‍ ശ്രമിച്ചു. എന്നാല്‍ സെഞ്ചുറിക്ക് ശേഷം 28 റണ്‍സ് മാത്രമാണ് ഗില്ലിന് ചേര്‍ക്കാനായത്. നാഥാന്‍ ലയണിന്റെ പന്തില്‍ എല്‍ബിഡബ്ല്യുവായാണ് മടക്കം. 235 പന്തില്‍ 12 ഫോറും ഒരു സിക്സും ഗില്ലിന്റെ ഇന്നിങ്സില്‍ പിറന്നു.
പരമ്പരയിലെ തുടര്‍ പരാജയങ്ങള്‍ക്ക് ശേഷമുള്ള വിരാട് കോഹ്ലിയുടെ ഉയിര്‍പ്പാണ് അഹമ്മദാബാദ് പിന്നീട് കണ്ടത്. 2022 ജനുവരിക്ക് ശേഷം ആദ്യ അര്‍ധ സെഞ്ചുറി കുറിക്കാന്‍ കോഹ്ലിക്കായി. മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ 59 റണ്‍സാണ് കോഹ്ലി നേടിയിട്ടുള്ളത്. 16 റണ്‍സെടുത്ത ജഡേജയാണ് കോഹ്ലിക്കൊപ്പം ക്രീസില്‍.