IND vs AUS 4th Test Day 2 Score Updates:ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ നാലാം ടെസ്റ്റില്‍ രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ ഒന്നാം ഇന്നിങ്സില്‍ വിക്കറ്റ് നഷ്ടമില്ലാതെ 36 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (17), ശുഭ്മാന്‍ ഗില്‍ (18) എന്നിവരാണ് ക്രീസില്‍. നേരത്തെ ഒന്നാം ഇന്നിങ്സില്‍ ഓസ്‌ട്രേലിയ 480 റണ്‍സിന് പുറത്തായിരുന്നു. സെഞ്ചുറി നേടിയ ഉസ്മാന്‍ ഖവാജയുടെയും കാമറൂണ്‍ ഗ്രീനിന്റെയും ഇന്നിങ്സുകളാണ് ഓസീസിനെ മികച്ച സ്‌കോറിലെത്തിച്ചത്.
422 പന്തില്‍ നിന്ന് 21 ബൗണ്ടറികളടക്കം 180 റണ്‍സെടുത്ത ഖവാജയാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. 170 പന്തുകള്‍ നേരിട്ട ഗ്രീന്‍ 18 ബൗണ്ടറികളടക്കം 114 റണ്‍സെടുത്തു. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 208 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.
255-4 എന്ന നിലയില്‍ രണ്ടാം ദിനം ആരംഭിച്ച ഓസ്ട്രേലിയക്ക് ആദ്യ സെഷനില്‍ 92 റണ്‍സാണ് ചേര്‍ക്കാനായത്. ഗ്രീനും ഖവാജയും പ്രതിരോധക്കോട്ട തീര്‍ത്തതോടെ ഇന്ത്യന്‍ ബോളര്‍മാര്‍ സമ്മര്‍ദത്തിലായി. ഇരുവരും അനായാസം ബൗണ്ടറികളും നേടിത്തുടങ്ങിയതോടെ സ്കോറിങ്ങിനും ചലനമുണ്ടായി.
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെ തീരുമാനം ശരിവയ്ക്കുന്ന പ്രകടനമാണ് ഓസ്ട്രേലിയ പുറത്തെടുത്തത്. ട്രാവിസ് ഹെഡുമായി (32) ചേര്‍ന്ന് 61 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ ഖാവജ ചേര്‍ത്തത്. പിന്നാലെയെത്തിയ മാര്‍ണസ് ലെബുഷെയിന് (3) കാര്യമായ സംഭാവന നല്‍കാന്‍ സാധിച്ചിരുന്നില്ല.
ഒന്നാം ദിനത്തിന്റെ രണ്ടാം സെഷനില്‍ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെയാണ് ഓസീസ് ബാറ്റ് വീശിയത്. ഖവാജയുടേയും സ്മിത്തിന്റേയും പ്രതിരോധം തകര്‍ക്കാന്‍ ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് സാധിച്ചില്ല. മൂന്നാം വിക്കറ്റില്‍ 79 റണ്‍സ് പിറന്നു. സ്മിത്തിനെ ബൗള്‍ഡാക്കി രവീന്ദ്ര ജഡേജയാണ് ഇന്ത്യക്ക് വിക്കറ്റ് സമ്മാനിച്ചത്.
അഞ്ചാമനായെത്തിയ പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിനെ (17) വീഴ്ത്തി മുഹമ്മദ് ഷമി ഓസ്ട്രേലിയയെ 170-4 എന്ന നിലയിലെത്തിച്ചു. എന്നാല്‍ പിന്നീട് ഗ്രീനുമൊത്ത് ഖവാജ ഇന്നിങ്സ് പടുത്തുയര്‍ത്തുകയായിരുന്നു.