IND vs AUS 3rd Test Day 1 Score Updates: ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്ക് മേല്‍ക്കൈ. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 109 റണ്‍സ് പിന്തുടര്‍ന്ന ഓസ്ട്രേലിയ ആദ്യ ദിനം അവസാനിക്കുമ്പോള്‍ 156-4 എന്ന നിലയിലാണ്. കാമറൂണ്‍ ഗ്രീന്‍ (6*), പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ് (7*) എന്നിവരാണ് ക്രീസില്‍.
ഒന്‍പത് റണ്‍സെടുത്ത ട്രാവിസ് ഹെഡിന്റെ വിക്കറ്റാണ് ഓസ്ട്രേലിയക്ക് ആദ്യം നഷ്ടമായത്. സ്കോര്‍ 12-ല്‍ നില്‍ക്കെ രവീന്ദ്ര ജഡേജയുടെ പന്തില്‍ ഹെഡ് വിക്കറ്റിന് മുന്നില്‍ കുടുങ്ങി. എന്നാല്‍ പിന്നീട് ഇന്ത്യക്ക് പ്രതീക്ഷിച്ചപോലെ മേല്‍ക്കൈ സ്ഥാപിക്കാനായില്ല. ഖവാജ-ലെബുഷെയിന്‍ കൂട്ടുകെട്ട് ശ്രദ്ധയോടെയാണ് ബാറ്റ് വീശിയത്.
രണ്ടാം വിക്കറ്റില്‍ ഇരുവരും 96 റണ്‍സാണ് ചേര്‍ത്തത്. 31 റണ്‍സെടുത്ത ലെബുഷെയിനെ മടക്കി ജഡേജയാണ് കൂട്ടുകെട്ട് പൊളിച്ചത്. അധികം വൈകാതെ ഖവാജയേയും ജഡേജ പവലിയനിലേക്ക് അയച്ചു. 147 പന്തില്‍ 60 റണ്‍സാണ് ഖവാജ നേടിയത്. ആദ്യ ദിനം അവസാനിക്കാന്‍ അഞ്ച് ഓവര്‍ മാത്രം ബാക്കി നില്‍ക്കെ സ്റ്റീവ് സ്മിത്തിനെ (26) ഭരതിന്റെ കൈകളില്‍ ജഡേജ എത്തിച്ചു.
ഇന്ത്യയെ സ്പിന്‍ കുഴിയില്‍ വീഴ്ത്തി ഓസീസ്
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത നായകന്‍ രോഹിത് ശര്‍മയുടെ തീരുമാനം പാളുന്നതാണ് ഇന്‍ഡോറിലെ മൈതാനത്ത് കണ്ടത്. പിച്ചിന്റെ സ്വഭാവം തിരിച്ചറിയുന്നതിന് മുന്‍പ് തന്നെ ഇന്ത്യന്‍ ബാറ്റര്‍മാര്‍ പവലിയനിലേക്ക് മടങ്ങുന്നതാണ് കണ്ടത്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ആദ്യ ഓവറില്‍ തന്നെ അപായ സൂചന ഇന്ത്യക്ക് ലഭിച്ചിരുന്നു.
സ്റ്റാര്‍ക്കിന്റെ ഓവറില്‍ രണ്ട് തവണ രോഹിത് പുറത്താകേണ്ടതായിരുന്നു. റിവ്യു ചെയ്യാന്‍ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത് മടിച്ചതാണ് രക്ഷയായത്. എന്നാല്‍ സ്പിന്നര്‍മാരെ സ്മിത്ത് എത്തിച്ചതോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു. അനായസം വന്നുകൊണ്ടിരുന്ന ബൗണ്ടറികള്‍ നിലച്ചത് രോഹിതിന്റെ ക്ഷമയെ പരീക്ഷിക്കുകയും തുടര്‍ന്ന് താരം വിക്കറ്റ് വലിച്ചെറിയുകയുമായിരുന്നു.
മാത്യു കുഹ്നെമാന്റെ പന്തില്‍ ക്രീസിന് പുറത്തിറങ്ങി ബൗണ്ടറിക്ക് ശ്രമിച്ച രോഹതിനെ (12) അലക്സ് ക്യാരി സ്റ്റമ്പ് ചെയ്യുകയായിരുന്നു. വൈകാതെ ശുഭ്മാന്‍ ഗില്ലും (21) കുഹ്നെമാന്റെ മികവിന് മുന്നില്‍ അടിയറവ് പറഞ്ഞു. പിന്നാലെ ചേതേശ്വര്‍ പൂജാര (1), രവീന്ദ്ര ജഡേജ (4), ശ്രേയസ് അയ്യര്‍ (0) എന്നിവര്‍ അതിവേഗം മടങ്ങി.
44-5 എന്ന നിലയില്‍ നിന്ന ഇന്ത്യയെ പടുകുഴിയില്‍ നിന്ന് കരകയറ്റിയത് വിരാട് കോഹ്ലി – ശ്രീകര്‍ ഭരത് കൂട്ടുകെട്ടാണ്. 26 റണ്‍സാണ് ഇരുവരും ചേര്‍ത്ത്. 22 റണ്‍സെടുത്ത കോഹ്ലിയെ മടക്കി ടോഡ് മര്‍ഫിയാണ് ഓസീസിന് വിക്കറ്റ് സമ്മാനിച്ചത്. പിന്നീട് ചീട്ടുകൊട്ടാരം പോലെ ഇന്ത്യ തകര്‍ന്നടിയുകയായിരുന്നു.
ഭരത് (17), രവിചന്ദ്രന്‍ അശ്വിന്‍ (3), ഉമേഷ് യാദവ് (17), മുഹമ്മദ് സിറാജ് (0) എന്നവരുടെ വിക്കറ്റുകളാണ് പിന്നീട് ആതിഥേയര്‍ക്ക് നഷ്ടമായത്. 12 റണ്‍സെടുത്ത അക്സര്‍ പട്ടേല്‍ പുറത്താകാതെ നിന്നു. കുഹ്നെമാന്‍ അഞ്ച് വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ നാഥാന്‍ ലയണ്‍ മൂന്നും മര്‍ഫി ഒരു വിക്കറ്റും നേടി.