IND vs AUS 2nd Test, Day 3 Score Updates: ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് ജയം. ഓസ്ട്രേലിയ ഉയര്‍ത്തിയ 115 റണ്‍സ് വിജയലക്ഷ്യം രണ്ട് ദിവസവും ഒരു സെഷനും ആറ് വിക്കറ്റും ബാക്കി നില്‍ക്കെയാണ് ഇന്ത്യ മറികടന്നത്. ജയത്തോടെ നാല് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 2-0 ന് മുന്നിലെത്തി.
115 എന്ന ചെറിയ ലക്ഷ്യം ദുഷ്കരമായ പിച്ചില്‍ പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് ആവശ്യമായിരുന്നത് മികച്ച തുടക്കമായിരുന്നു. അത് നല്‍കാനുള്ള ഉത്തരവാദിത്തം നായകന്‍ രോഹിത് ശര്‍മ ഏറ്റെടുത്തു. മറുവശത്ത് കെ എല്‍ രാഹുല്‍ ആദ്യ സെഷന്‍ അവസാനിക്കാന്‍ ഓവറുകള്‍ ബാക്കി നില്‍ക്കെ മടങ്ങി. ഒരു റണ്‍സെടുത്ത രാഹുലിനെ നാഥാന്‍ ലയണാണ് പുറത്താക്കിയത്.
ലഞ്ച് ബ്രേക്കിന് ശേഷം ക്രീസിലെത്തിയ രോഹിത് ശര്‍മ ട്വന്റി 20 മോഡിലായിരുന്നു ബാറ്റ് വീശിയത്. 20 പന്തില്‍ 31 റണ്‍സെടുത്ത രോഹിതിന്റെ ഇന്നിങ്സില്‍ മൂന്ന് ഫോറും രണ്ട് സിക്സും ഉള്‍പ്പെട്ടു. രോഹിത് റണ്ണൗട്ടാവുകയായിരുന്നു. 100-ാം ടെസ്റ്റിനിറങ്ങിയ പൂജാരയ്ക്കായി രോഹിത് തന്റെ വിക്കറ്റ് ത്യാഗം ചെയ്യുകയായിരുന്നു.
പിന്നീട് ക്രീസിലെത്തിയ വിരാട് കോഹ്ലി പൂജാരയ്ക്കൊപ്പം ചേര്‍ന്ന് പതിയെ ഇന്നിങ്സ് മുന്നോട്ട് കൊണ്ടുപോയി. മൂന്നാം വിക്കറ്റില്‍ 30 റണ്‍സ് ചേര്‍ത്തതിന് ശേഷം കോഹ്ലി മടങ്ങി. 20 റണ്‍സെടുത്ത താരത്തെ പുറത്താക്കിയത് ടോഡ് മര്‍ഫിയുടെ പന്തായിരുന്നു. മുന്നോട്ട് നീങ്ങി പന്ത് പ്രതിരോധിക്കാനുള്ള കോഹ്ലിയുടെ ശ്രമം പാളുകയും വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാരി സ്റ്റമ്പ് ചെയ്യുകയുമായിരുന്നു.
കോഹ്ലിക്ക് ശേഷമെത്തിയെ ശ്രേയസ് അയ്യര്‍ രോഹിതിന്റെ പാത പിന്തുടരാന്‍ ശ്രമിച്ചെങ്കിലും അധിക നേരം ക്രീസില്‍ തുടരാനായില്ല. ലയണിന്റെ പന്തില്‍ സിക്സിന് ശ്രമിച്ച അയ്യര്‍ മര്‍ഫിയുടെ കൈകളിലെത്തി. പിന്നീട് ശ്രീകര്‍ ഭരതും (23*) പൂജാരയും (31*) ചേര്‍ന്ന് അപകടങ്ങളൊഴിവാക്കി ഇന്ത്യയെ ജയത്തിലേക്ക് എത്തിക്കുകയായിരുന്നു.
ജഡേജക്ക് ഏഴ് വിക്കറ്റ്; തകര്‍ന്നടിഞ്ഞ് ഓസ്ട്രേലിയ
61-1 എന്ന നിലയില്‍ രണ്ടാം ദിനം ആരംഭിച്ച ഓസ്ട്രേലിയക്ക് ആദ്യ ഓവറില്‍ തന്നെ ട്രാവിസ് ഹെഡിനെ നഷ്ടമായി. 43 റണ്‍സെടുത്ത താരത്തെ അശ്വിന്‍ ശ്രീകര്‍ ഭരത്തിന്റെ കൈകളിലെത്തിച്ചു. പിന്നീട് ഡല്‍ഹിയിലെ മൈതാനത്ത് ഓസീസ് ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകരുന്നതായിരുന്നു കണ്ടത്.
നാലാമനായി എത്തിയ സ്റ്റീവ് സ്മിത്തിനെ വിക്കറ്റിന് മുന്നില്‍ അശ്വിന്‍ കുടുക്കി. ഒന്‍പത് റണ്‍സായിരുന്നു സ്മിത്തിന്റെ സമ്പാദ്യം. കരുതലോടെ ബാറ്റ് വീശിയ മാര്‍ണസ് ലെബുഷെയിനായിരുന്നു അടുത്തത്. മാര്‍ണസിന്റെ പ്രതിരോധം തകര്‍ത്ത് ജഡേജ സ്റ്റമ്പ് തെറിപ്പിച്ചു. 50 പന്തില്‍ 35 റണ്‍സെടുത്താണ് താരം പുറത്തായത്.
സ്പിന്നിനെ നേരിടാന്‍ സ്വീപ്പ് ഷോട്ട് തിരഞ്ഞെടുത്ത ഓസീസ് ബാറ്റര്‍മാര്‍ക്ക് തുടരെ പിഴച്ചു. മാറ്റ് റെന്‍ഷൊ രണ്ട് റണ്‍സിന് മടക്കി അശ്വിന്‍ തന്റെ മൂന്നാം വിക്കറ്റ് സ്വന്തമാക്കി. 95-5 എന്ന നിലയിലേക്ക് ഓസീസ് വീണു. പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ് (2) സ്ലിപ്പില്‍ കോഹ്ലിയുടെ കൈയില്‍ കുടുങ്ങി. ജഡേജയ്ക്കായിരുന്നു വിക്കറ്റ്.
അടുത്ത പന്തില്‍ പാറ്റ് കമ്മിന്‍സിനെ (0) ബൗള്‍ഡാക്കി ജഡേജ. അലക്സ് ക്യാരിയും നാഥാന്‍ ലയണും മാത്യു കുഹ്നെമാനും ജഡേജയുടെ മികവിന് മുന്നില്‍ കീഴടങ്ങി. ഏഴ് വിക്കറ്റുമായി ജഡേജ തിളങ്ങിയപ്പോള്‍ അശ്വിന്‍ മൂന്ന് വിക്കറ്റ് നേടി. ഓസീസ് നിരയില്‍ രണ്ട് ബാറ്റര്‍മാര്‍ മാത്രമാണ് രണ്ടക്കം കടന്നത്. മൂന്നാം ദിനം സന്ദര്‍ശകര്‍ക്ക് ചേര്‍ക്കാനായത് 52 റണ്‍സും.
ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സ് – 263/10
ഇന്ത്യ ഒന്നാം ഇന്നിങ്സ് – 262/10