IND vs AUS 2nd Test, Day 2 Score Updates: ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഒസ്ട്രേലിയക്ക് മേല്‍ക്കൈ. രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ 61-1 എന്ന നിലയിലാണ്. ഇതോടെ ഓസീസിന്റെ ലീഡ് 62 റണ്‍സായി. ട്രാവിസ് ഹെഡ് (39), മാര്‍ണസ് ലെബുഷെയിന്‍ (16) എന്നിവരാണ് ക്രീസില്‍.
നേരത്തെ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 263 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 262 ന് പുറത്തായി. അഞ്ച് വിക്കറ്റെടുത്ത നാഥാന്‍ ലയണാണ് ഇന്ത്യന്‍ ബാറ്റിങ് നിരയെ തകര്‍ത്തത്. 74 റണ്‍സെടുത്ത അക്സര്‍ പട്ടേലാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.
രണ്ടാം ദിനം വിക്കറ്റ് നഷ്ടപ്പെടാതെ 21 റണ്‍സിന് ആരംഭിച്ച ഇന്ത്യ നാഥാന്‍ ലയണിന്റെ സ്പിന്‍ വലയില്‍ വീഴുകയായിരുന്നു. സ്കോര്‍ 46-ല്‍ നില്‍ക്കെ കെ എല്‍ രാഹുലിനെ ലയണ്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. 17 റണ്‍സ് മാത്രമാണ് രാഹുലിന് നേടാനായത്. മോശം ഫോമില്‍ തുടരുന്ന രാഹുലിന് അടുത്ത കളിയില്‍ അവസരം ലഭിക്കാനുള്ള സാധ്യത വിരളമായി.
ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയായിരുന്നു ലയണിന്റെ അടുത്ത ഇര. രോഹിതിന്റെ പ്രതിരോധം തകര്‍ത്ത ലയണ്‍ ഓസീസിന് രണ്ടാം വിക്കറ്റ് സമ്മാനിച്ചു. 32 റണ്‍സായിരുന്നു രോഹിതിന്റെ സമ്പാദ്യം. 100-ാം ടെസ്റ്റിനിറങ്ങിയ ചേതേശ്വര്‍ പൂജാരയെ പൂജ്യനാക്കിയാണ് ലയണ്‍ മടക്കിയത്. പരുക്കില്‍ നിന്ന് മുക്തനായെത്തിയ ശ്രേയസ് അയ്യരിനും (4) ലയണിന് മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല.
66-4 എന്ന നിലയിലേക്ക് വീണ ഇന്ത്യയെ കൈ പിടിച്ചുയര്‍ത്തിയത് വിരാട് കോഹ്ലി – രവീന്ദ്ര ജഡേജ കൂട്ടുകെട്ടാണ്. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 59 റണ്‍സ് ചേര്‍ത്തു. 26 റണ്‍സെടുത്തെ ജഡേജയെ പുറത്താക്കി ടോഡ് മര്‍ഫിയാണ് കൂട്ടുകെട്ട് പൊളിച്ചത്. വൈകാതെ തന്നെ കോഹ്ലിയും (44) പവലിയനിലെത്തി. മാത്യു കുഹ്നെമാനായിരുന്നു വിക്കറ്റ്.
കോഹ്ലിക്ക് പിന്നാലെ വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരതിനെ പുറത്താക്കി ലയണ്‍ തന്റെ അഞ്ച് വിക്കറ്റ് തികച്ചു. ഇന്ത്യക്കെതിരെ ടെസ്റ്റില്‍ 100 വിക്കറ്റ് തികയ്ക്കുന്ന മൂന്നാമത്തെ താരമാകാനും ലയണിനായി. 139-7 എന്ന നിലയിലേക്ക് വീണ ഇന്ത്യയ്ക്കായി അക്സര്‍ പട്ടേല്‍ – രവി അശ്വിന്‍ സഖ്യമാണ് രക്ഷിച്ചത്.
ഓസ്ട്രേലിയന്‍ ബോളര്‍മാരുടെ ക്ഷമ പരീക്ഷിക്കും വിധമായിരുന്നു ഇരുവരുടേയും പ്രതിരോധം. ഇന്ത്യന്‍ ഇന്നിങ്സ് സാവാധനം പടുത്തുയര്‍ത്തി. അനായാസം ബൗണ്ടറികള്‍ കണ്ടെത്തി അക്സര്‍ കുതിച്ചപ്പോള്‍ അശ്വിന്‍ ശ്രദ്ധയോടെ ബാറ്റ് വീശുകയായിരുന്നു. എട്ടാം വിക്കറ്റില്‍ 118 റണ്‍സാണ് ഇരുവരും ചേര്‍ത്തത്.
പരമ്പരയിലെ രണ്ടാം അര്‍ദ്ധ സെഞ്ചുറി ഇതിനിടയില്‍ കുറിക്കാന്‍ അക്സറിനായി. ന്യൂബോള്‍ തിരഞ്ഞെടുത്തതിന് ശേഷം രണ്ടാം പന്തില്‍ തന്നെ അശ്വിനെ കമ്മിന്‍സ് മടക്കി. 31 (71) റണ്‍സെടുത്ത അശ്വിനെ പുറത്താക്കിയതിന് പിന്നില്‍ റെന്‍ഷോയുടെ അത്യുഗ്രന്‍ ക്യാച്ചായിരുന്നു.
ഓസ്ട്രേലിയന്‍ സ്കോറിന് കേവലം 10 റണ്‍സ് അകലെ ആയിരുന്നു അശ്വിന്‍ പുറത്തായത്. അധികം വൈകാതെ അക്സറിനേയും ഇന്ത്യക്ക് നഷ്ടമായി. മര്‍ഫിയുടെ പന്തില്‍ കമ്മിന്‍സിന്റെ അവിശ്വസിനീയ ക്യാച്ചാണ് താരത്തിന്റെ പുറത്താകലിന് വഴി വച്ചത്. 115 പന്തില്‍ ഒന്‍പത് ഫോറും മൂന്ന് സിക്സുമടക്കം 74 റണ്‍സാണ് അക്സര്‍ നേടിയത്.
മുഹമ്മദ് ഷമിയെ ബൗള്‍ഡാക്കി റെന്‍ഷോയാണ് ഇന്ത്യന്‍ ഇന്നിങ്സിന് തിരശീലയിട്ടത്. ലയണിന് പുറമെ കമ്മിന്‍സും കുഹ്നെമാനും രണ്ട് വിക്കറ്റ് വീതം നേടി.