IND vs AUS 2nd Test, Day 1 Score Updates: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ഒന്നാം ഇന്നിങ്‌സില്‍ 263 റണ്‍സില്‍ ഓസ്‌ട്രേലിയയുടെ എല്ലാവരും പുറത്ത്. രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സ് എന്ന നിലയിലാലിരുന്ന ഓസ്‌ട്രേലിയയുടെ വിക്കറ്റുകള്‍ തുടരെ തുടരെ വീണത് തിരിച്ചടിയായി. 227 റണ്‍സില്‍ നില്‍ക്കെ 33 റണ്‍സെടുത്ത പാറ്റ് കമ്മിന്‍സണ്‍ പുറത്താകുകയായിരുന്നു. ജഡേജയുടെ ഓവറിലായിരുന്നു വിക്കറ്റ്. ഇതേ ഓവറിന്റെ അവസാന പന്തില്‍ പകരം ക്രീസിലെത്തിയ മര്‍ഫി പൂജ്യനായി പുറത്താകുകയായിരുന്നു. പിന്നീട് 256 ന് 9, 263 ന് 10 എന്നിങ്ങനെ ഓസിസ് വിക്കറ്റുകള്‍ വീണു. ഇന്ത്യക്കായി മുഹമ്മദ് ഷമി നാല് വിക്കറ്റും. അശ്വിന്‍, ജഡേജ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതവും നേടി.
ഒന്നാം സെഷന്‍
ഒന്നാം ടെസ്റ്റിലെ തോല്‍വിയുടെ ആഘാതം മുന്നിലുള്ളതിനാല്‍ സാവധാനമാണ് ഓസീസ് തുടങ്ങിയത്. ആദ്യ റണ്‍സിലേക്ക് എത്താന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറിന് 20-ലധികം പന്തുകള്‍ ആവശ്യമായി വന്നു. എന്നാല്‍ പങ്കാളിയായ ഖവാജ ഇന്ത്യന്‍ ബോളര്‍മാരെ ആക്രമിച്ച് വാര്‍ണറിന്റെ സമ്മര്‍ദം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ മറുവശത്ത് നടത്തി.
മുഹമ്മദ് ഷമി, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നീ ബോളര്‍മാരെ കടന്നാക്രമിച്ചായിരുന്നു ഖവാജ ശ്രദ്ധയോടെ സ്കോറിങ്ങ് മുന്നോട്ട് നീക്കിയത്. എന്നാല്‍ 16-ാം ഓവറിലെ രണ്ടാം പന്തില്‍ വാര്‍ണറെ (15) വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരത്തിന്റെ കൈകളിലെത്തിച്ച് ഷമി ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രു സമ്മാനിച്ചു.
പിന്നാലെയെത്തിയ മാര്‍ണസ് ലെബുഷെയിന് മുന്നിലേക്ക് അശ്വിന്‍-ജഡേജ ദ്വയത്തേയാണ് രോഹിത് അയച്ചത്. എന്നാല്‍ കരുതലോടെ ബാറ്റ് വീശിയ മാര്‍ണസിനെ പവലിയനിലേക്ക് അയക്കാന്‍ അശ്വിനാണ് കഴിഞ്ഞത്. 18 റണ്‍സാണ് താരം എടുത്തത്. നാലാമാനായി എത്തിയ സ്റ്റിവ് സ്മിത്തിനെ (0) നിമിഷങ്ങള്‍ മാത്രമാണ് ക്രിസില്‍ നില്‍ക്കാന്‍ അശ്വിന്‍ അനുവദിച്ചത്.
മറുവശത്ത് വിക്കറ്റ് വീണെങ്കില്‍ ഖവാജ തന്റെ അര്‍ദ്ധ ശതകം തികച്ചു. 74 പന്തില്‍ എട്ട് ഫോറും ഒരു സിക്സും ഉള്‍പ്പെടെയാണ് താരം അന്‍പതിലെത്തിയത്.
രണ്ടാം സെഷന്‍
രണ്ടാം സെഷന്‍ ആരംഭിച്ച് അധികം വൈകാതെ തന്നെ ട്രാവിസ് ഹെഡിന്റെ വിക്കറ്റ് ഓസ്ട്രേലിയക്ക് നഷ്ടമായി. ഷമിയുടെ പന്തില്‍ രാഹുലിന് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്. ക്രീസിലെത്തിയ അലക്സ് ക്യാരിയുമൊത്ത് ഖവാജ അപകടമൊഴിവാക്കി ഇന്നിങ്സ് മുന്നോട്ട് കൊണ്ടുപോയി. അശ്വിന്‍-ജഡേജ ദ്വയത്തെ റിവേഴ്സ് സ്വീപ്പിലൂടെ നേരിട്ടായിരുന്നു ഖവാജയുടെ ബാറ്റിങ്.
പീറ്റര്‍ ഹാന്‍ഡ്സ്കോമ്പുമൊത്ത് 59 റണ്‍സാണ് ഖവാജ ചേര്‍ത്തത്. ജഡേജയാണ് ഇന്ത്യക്ക് ഭീഷണി ഉയര്‍ത്തിയ കൂട്ടുകെട്ട് പൊളിച്ചത്. തനിക്ക് നിരവധി ബൗണ്ടറികള്‍ നേടിക്കൊടുത്ത റിവേഴ്സ് സ്വീപ്പ് പരീക്ഷണം ഇത്തവണ ഖവാജയ്ക്ക് പാളി. രാഹുലിന്റെ സൂപ്പര്‍മാന്‍ ക്യാച്ചിലൊതുങ്ങി ഖവാജയുടെ പ്രതിരോധം. 125 പന്തില്‍ 81 റണ്‍സാണ് താരം നേടിയത്.
പിന്നാലെയെത്തിയ അലക്സ് ക്യാരി പൂജ്യനായി മടങ്ങി. അശ്വിനായിരുന്നു വിക്കറ്റ് നേടിയത്. എന്നാല്‍ പീറ്റര്‍ ഹാന്‍ഡ്സ്കോമ്പുമൊത്ത് പാറ്റ് കമ്മിന്‍സ് സെഷന്‍ അതിജീവിക്കുകയായിരുന്നു. ഹാന്‍ഡ്സ്കോമ്പ് പ്രതിരോധത്തിലൂന്നിയപ്പോള്‍ കമ്മിന്‍സ് അല്‍പ്പം ആക്രമിച്ചാണ് കളിച്ചത്. ഇതിനോടകം തന്നെ രണ്ട് വീതം ഫോറും സിക്സും താരം പായിച്ചു.