IND vs AUS 1st Test, Day 3 Score Updates: ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് 132 റണ്‍സിന്റെ ഇന്നിങ്സ് ജയം. രണ്ടാം ഇന്നിങ്സില്‍ ഇന്ത്യയുടെ 223 റണ്‍സ് ലീഡ് പിന്തുടര്‍ന്ന ഓസ്ട്രേലിയ 91 റണ്‍സിന് പുറത്തായി.
അഞ്ച് വിക്കറ്റെടുത്ത രവിചന്ദ്രന്‍ അശ്വിന്റേയും രണ്ട് വിക്കറ്റ് എടുത്ത രവീന്ദ്ര ജഡേജയുടേയും മികവാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. 70 റണ്‍സും ഏഴ് വിക്കറ്റുകളുമെടുത്ത ജഡേജയാണ് കളിയിലെ താരം.
223 റണ്‍സ് ലീഡ് പിന്തുടര്‍ന്ന ഓസീസിനെ നില ഉറപ്പിക്കാന്‍ അശ്വിന്‍ അനുവദിച്ചില്ല. ഉസ്മാന്‍ ഖവാജ (5), ഡേവിഡ് വാര്‍ണര്‍ (10), മാറ്റ് റെന്‍ഷൊ (2), പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ് (6), അലക്സ് ക്യാരി (10) എന്നിവരെ മടക്കാന്‍ അശ്വിന് ആവശ്യമായി വന്നത് കേവലം ഒന്‍പത് ഓവറുകള്‍ മാത്രം. മാര്‍ണസ് ലെബുഷെയിനെ ജഡേജയും മടക്കിയതോടെ 64-6 എന്ന നിലയിലേക്ക് ഓസീസ് വീണു.
51 പന്തില്‍ 25 റണ്‍സുമായി ചെറുത്തു നില്‍പ്പിന് ശ്രമിച്ച സ്റ്റീവ് സ്മിത്ത് പുറത്താകാതെ നിന്നു. പാറ്റ് കമ്മിന്‍സ് (1), ടോഡ് മര്‍ഫി (2), നാഥാന്‍ ലയണ്‍ (8), സ്കോട്ട് ബോളണ്ട് (0) എന്നിവരാണ് ഇന്ത്യന്‍ ബോളിങ് നിരയുടെ ഇരയായ മറ്റുള്ളവര്‍. ഓസീസ് നിരയില്‍ നാല് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്.
മൂന്നാം ദിനം ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ രവീന്ദ്ര ജഡേജയുടെ വിക്കറ്റ് നഷ്ടമായി. മര്‍ഫിയുടെ പന്ത് ലീവ് ചെയ്ത ജഡേജ ബൗള്‍ഡാവുകയായിരുന്നു. 185 പന്തില്‍ ഒന്‍പത് ബൗണ്ടറിയോടെ 70 റണ്‍സാണ് ഇടം കയ്യന്‍ ബാറ്റര്‍ നേടിയത്. ജഡേജയുടെ ടെസ്റ്റ കരിയറിലെ 18-ാം അര്‍ദ്ധ സെഞ്ചുറിയാണിത്.
പിന്നീടെത്തിയ മുഹമ്മദ് ഷമിയെ കൂട്ടുപിടിച്ചായിരുന്നു അക്സര്‍ പട്ടേലിന്റെ ബാറ്റിങ്. കൂട്ടുകെട്ടില്‍ ആധിപത്യം പുലര്‍ത്തിയത് ഷമിയായിരുന്നു. ഓസീസ് സ്പിന്നര്‍മാരെ കടന്നാക്രമിക്കുകയായിരുന്നു ഷമി. 47 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്സുമുള്‍പ്പടെ 37 റണ്‍സാണ് താരം നേടിയത്. മര്‍ഫിയുടെ പന്തില്‍ സിക്സിന് ശ്രമിക്കവെ അലക്സ് ക്യാരിക്ക് ക്യാച്ച് നല്‍കിയാണ് ഷമി മടങ്ങിയത്.
ഒന്‍പതാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 52 റണ്‍സാണ് ചേര്‍ത്തത്. ഇന്ത്യയുടെ ലീഡ് 200 കടക്കുന്നതില്‍ കൂട്ടുകെട്ട് നിര്‍ണായക പങ്ക് വഹിച്ചു. ഷമിയുടെ മടക്കത്തിന് ശേഷം കാര്യമായി റണ്‍സ് നേടാന്‍ ആതിഥേയര്‍ക്കായില്ല. അക്സറിനെ ബൗള്‍ഡാക്കി കമ്മിന്‍സ് ഇന്ത്യന്‍ ഇന്നിങ്സിന് കര്‍ട്ടനിട്ടു.
174 പന്തില്‍ പത്ത് ഫോറും ഒരു സിക്സുമടക്കം 84 റണ്‍സാണ് അക്സര്‍ നേടിയത്. ഒരു റണ്‍സുമായി മുഹമ്മദ് സിറാജ് പുറത്താകാതെ നിന്നു. ഓസ്ട്രേലിയക്കായി ടോഡ് മര്‍ഫി ഏഴും പാറ്റ് കമ്മിന്‍സ് രണ്ടും വിക്കറ്റ് നേടി. അരങ്ങേറ്റ മത്സരത്തില്‍ ഓസ്ട്രേലിയക്കായി മികച്ച ബോളിങ് പ്രകടനം പുറത്തെടുക്കുന്ന മൂന്നാമത്തെ താരമാവാന്‍ മര്‍ഫിക്ക് കഴിഞ്ഞു. 124 റണ്‍സ് വഴങ്ങിയാണ് മര്‍ഫി ഏഴ് വിക്കറ്റെടുത്തത്.
നേരത്തെ ഒന്നാം ഇന്നിങ്സില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 177-ന് പുറത്തായിരുന്നു. അഞ്ച് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റ് സ്വന്താക്കിയ രവിചന്ദ്രന്‍ അശ്വിനുമാണ് ഓസ്ട്രേലിയയുടെ ബാറ്റിങ് നിരയെ തകര്‍ത്തത്. 49 റണ്‍സെടുത്ത മാര്‍ണശ് ലെബുഷയിനാണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറര്‍.