IND vs AUS 1st Test, Day 2 Score Updates: ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് 49 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്. രണ്ടാം ദിനം രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 226-5 എന്ന നിലയിലാണ്. രോഹിത് ശര്‍മ (118), രവീന്ദ്ര ജഡേജ (34) എന്നിവരാണ് ക്രീസില്‍ തുടരുന്നത്.
രണ്ടാം ദിനം തുടക്കം മുതല്‍ കരുതലോടെയായിരുന്നു രോഹിതും രവിചന്ദ്രന്‍ അശ്വിനും ബാറ്റ് ചെയ്തത്. ആദ്യ ദിനത്തിലെ പോലെ അതിവേഗ സ്കോറിങ്ങിനായിരുന്നില്ല രോഹിത് ശ്രമിച്ചത്. സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്തും ബൗണ്ടറികള്‍ കണ്ടെത്തിയും ഇന്നിങ്സിനെ മുന്നോട്ട് നയിച്ചു. 42 റണ്‍സിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് പൊളിച്ചത് ടോഡ് മര്‍ഫിയായിരുന്നു.
മര്‍ഫിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ അശ്വിന്‍ കുടുങ്ങി. 62 പന്തില്‍ രണ്ട് ഫോറും ഒരു സിക്സുമടക്കം 23 റണ്‍സാണ് അശ്വിന്‍ നേടിയത്. പിന്നാലെ എത്തിയ ചേതേശ്വര്‍ പൂജാര തന്റെ തനത് രീതിയില്‍ നിന്ന് വ്യത്യസ്തമായി ആക്രമിച്ച് കളിക്കാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.
മര്‍ഫിയുടെ പന്തില്‍ ബോളണ്ടിന് ക്യാച്ച് നല്‍കിയാണ് പൂജാര (7) പുറത്തായത്. ആദ്യ ടെസ്റ്റിനിറങ്ങിയ മര്‍ഫിയുടെ മൂന്നാം വിക്കറ്റായിരുന്നു പൂജരായുടേത്. ആദ്യ സെഷനില്‍ രോഹിത് 73 പന്തില്‍ നിന്ന് 29 റണ്‍സ് മാത്രമാണ് നേടിയത്. രണ്ടാം സെഷന്റെ ആദ്യ പന്തില്‍ തന്നെ കോഹ്ലിയെ (12) മര്‍ഫി മടക്കി. പിന്നീടെത്തിയ സൂര്യകുമാര്‍ യാദവിനെ (8) ലയണ്‍ ബൗള്‍ഡാക്കി.
ഏഴാമനായി എത്തിയ ജഡേജയെ ഒപ്പം കൂട്ടി രോഹിത് തുടര്‍ന്നു. ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ 9-ാം സെഞ്ചുറി താരം തികച്ചു. ക്യാപ്റ്റനെന്ന നിലയില്‍ മൂന്ന് ഫോര്‍മാറ്റിലും സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും രോഹിതിന് സ്വന്തമായി. 171 പന്തില്‍ 14 ഫോറും രണ്ട് സിക്സും ഉള്‍പ്പെട്ടു രോഹിതിന്റെ ശതകത്തില്‍.
നേരത്തെ ഒന്നാം ഇന്നിങ്സില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 177-ന് പുറത്തായിരുന്നു. അഞ്ച് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റ് സ്വന്താക്കിയ രവിചന്ദ്രന്‍ അശ്വിനുമാണ് ഓസ്ട്രേലിയയുടെ ബാറ്റിങ് നിരയെ തകര്‍ത്തത്. 49 റണ്‍സെടുത്ത മാര്‍ണശ് ലെബുഷയിനാണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറര്‍.