ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരകളില്‍ ഇന്ത്യ ആധിപത്യം സ്ഥാപിക്കുന്നുണ്ടെങ്കിലും പല പ്രമുഖ താരങ്ങളുടേയും മോശം ഫോം തലവേദനയാകുന്നുണ്ട്. പ്രത്യേകിച്ചു രോഹിത് ശര്‍മയും അഭാവത്തില്‍ ഇന്ത്യയെ നയിച്ച കെ എല്‍ രാഹുല്‍. പരമ്പരയില്‍ ഇതുവരെ ഒരു അര്‍ധസെഞ്ചുറി നേടാന്‍ പോലും രാഹുലിനായിട്ടില്ല. 22, 23, 10, 2 എന്നിങ്ങനെയാണ് താരത്തിന്റെ സ്കോറുകള്‍.
തുടര്‍ച്ചയായ പരാജയങ്ങള്‍ രാഹുലിനെ ടീമിന്റെ പുറത്തേക്ക് നയിക്കുമോ എന്ന ചോദ്യം സജീവമായി ഉയരുന്നുണ്ട്. പ്രത്യേകിച്ച അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയില്‍ ഓസ്ട്രേലിയക്കെതിരെ നായക സ്ഥാനത്തേക്ക് രോഹിത് തിരിച്ചു വരുന്ന സാഹചര്യത്തില്‍. എന്നാല്‍ രാഹുലിനെ ഒഴിവാക്കേണ്ടതില്ല എന്നാണ് ദിനേശ് കാര്‍ത്തിക്കിന്റെ അഭിപ്രായം.
“അദ്ദേഹം ടീമിന്റെ നായകനാണ്. അത്ര എളുപ്പത്തില്‍ വിട്ടുകളയാന്‍ ആവില്ല. ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ അദ്ദേഹം ഉണ്ടായിരിക്കുമെന്നാണ് എന്റെ പ്രതീക്ഷ. അപ്പോഴും രാഹുലിന്റെ പ്രകടനത്തില്‍ ഇടിവ് സംഭവിച്ചാല്‍ ഇതിലും ഉറക്കെയായിരിക്കും ചോദ്യങ്ങള്‍ ഉയരുക,” കാര്‍ത്തിക്ക് ക്രിക്ക്ബസിനോട് പറഞ്ഞു.
“അദ്ദേഹത്തിന്റെ മനസിലൂടെ നിരവധി കാര്യങ്ങള്‍ കടന്നു പോകുന്നുണ്ടാകും. പ്രത്യേകിച്ചും അദ്ദേഹം നായകനാണ്. ശരിയാണ്, ആവശ്യമായ റണ്‍സ് കണ്ടെത്താനായിട്ടില്ല. അദ്ദേഹം സമ്മര്‍ദത്തിലാണെന്ന് തോന്നുന്നു. ഇത് ഒരുപാട് താരങ്ങള്‍ക്ക് സംഭവിക്കുന്നതാണ്. രാജ്യത്തിന് വേണ്ടി കളിക്കുന്ന എല്ലാവര്ക്കും,” കാര്‍ത്തിക്ക് കൂട്ടിച്ചേര്‍ത്തു.
“ബാറ്റിങ്ങിന് അനുകൂല സാഹചര്യമാണെങ്കിലും റണ്‍സ് നേടാന്‍ കഴിയണമെന്നില്ല. അപ്പോള്‍ തന്നെ മനസില്‍ സംശയങ്ങള്‍ ഉയരു, അത് സാവധാനം വലുതാവുകയും ചെയ്യും. ബംഗ്ലാദേശ് പര്യടനത്തിന് മുന്‍പ്, ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്നും ഇംഗ്ലണ്ടിനെതിരെ നാല് ടെസ്റ്റും രാഹുല്‍ കളിച്ചു. രണ്ട് വീതം സെഞ്ചുറികളും അര്‍ധ സെഞ്ചുറിയും നേടി. രാഹുലിന് കഴിവുണ്ട്, അദ്ദേഹത്തിന് പിന്തുണ നല്‍കേണ്ടതാണ് ആവശ്യം,” കാര്‍ത്തിക്ക് വ്യക്തമാക്കി.